ഇ-ഫയൽ പോർട്ടലിൽ സാങ്കേതിക തകരാറുകൾ; ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയപരിധി ഒരു ദിവസം കൂടി നീട്ടി
text_fieldsന്യൂഡൽഹി: 2025-26സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സർക്കാർ ഒരു ദിവസം കൂടി നീട്ടി സെപ്റ്റംബർ 16 വരെയാക്കി. സാങ്കേതിക തകരാറുകൾ അവസാന ദിവസത്തെ ഫയലിങ്ങുകളെ തടസ്സപ്പെടുത്തിയതിനെ തുടർന്നാണിത്. ഇതോടെ ചൊവ്വാഴ്ച വരെ ഈ സാമ്പത്തിക വർഷം നേടിയ വരുമാനത്തിന് പിഴയില്ലാതെ ഐ.ടി.ആർ ഫയൽ ചെയ്യാനാവും.
15ാം തിയ്യതി വരെ 7.3 കോടിയിലധികം ഐ.ടി റിട്ടേൺ ഫയൽ ചെയ്തതായും ഇത് കഴിഞ്ഞ വർഷത്തെ 7.28 കോടിയെ മറികടന്നതായും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) പറഞ്ഞു. ഇ-ഫയലിങ് പോർട്ടലിൽ തിങ്കളാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 2025-26 വർഷത്തേക്കുള്ള ഐ.ടി.ആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയായിരുന്നു അത്. കൂടാതെ, നിലവിലുള്ള സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ ഗഡുവിന്റെ മുൻകൂർ നികുതി അടക്കുന്നതിനുള്ള അവസാന തിയ്യതിയുമായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ഐ.ടി.ആർ ഫയലർമാർക്കുള്ള ബ്രൗസർ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗനിർദേശം ആദായനികുതി വകുപ്പ് പുറത്തുവിട്ടു. പ്രാദേശിക സിസ്റ്റം/ബ്രൗസർ ക്രമീകരണങ്ങൾ കാരണം ആദായനികുതി ഇ-ഫയലിങ് പോർട്ടലുമായുള്ള ആക്‌സസ് ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്നും ഈ ലളിതമായ വഴികൾ അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നും ‘എക്‌സി’ലെ പോസ്റ്റിൽ സി.ബി.ഡി.ടി അറിയിച്ചു. എന്നാൽ, നടപടികൾ പാലിച്ചതിനുശേഷവും ആളുകൾക്ക് തകരാറുകൾ നേരിട്ടു.
നികുതി അടക്കുന്നതിലും എ.ഐ.എസ് (വാർഷിക വിവര പ്രസ്താവന) ഡൗൺലോഡ് ചെയ്യുന്നതിലും ഐ.ടി പോർട്ടലുകൾ തകരാറുകൾ കാണിക്കുന്നതായി അവകാശപ്പെട്ട് നിരവധി ചാർട്ടേഡ് അക്കൗണ്ടന്റുമാരും വ്യക്തികളും കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി ഇറങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച ഇ-ഫയലിങ് പോർട്ടലിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് നെറ്റിസൺമാർ പരാതിപ്പെട്ടു. ജൂലൈ-സെപ്റ്റംബർ പാദത്തിലെ മുൻകൂർ നികുതി അടക്കാൻ കഴിയാത്തതിനെക്കുറിച്ചും ചിലർ പരാതിപ്പെട്ടു.