യു.എസ് നിലപാട് വിവേചനപരം, രാജ്യതാത്പര്യം മുൻനിർത്തി വിഷമകരമായ കാലഘട്ടം കടക്കുക എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളിയെന്നും എസ്.ജയശങ്കർ
text_fieldsഎസ്. ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യ -യു.എസ് ബന്ധം നിലവിൽ അഭിമുഖീകരിക്കുന്ന ഭൂരിഭാഗം പ്രതിസന്ധികളും ഉഭയകക്ഷി വ്യാപാര കരാറിന്റെ അഭാവവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.
ഇരുരാജ്യങ്ങൾക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ നിരവധി കാര്യങ്ങൾ മുമ്പത്തേതുപോലെ തന്നെ തടസമില്ലാതെ തുടരുന്നുണ്ട്. ഉഭയകക്ഷി വ്യാപാര കരാറിൽ എത്തിച്ചേരാൻ പറ്റാത്തതാണ് നിലവിലെ മിക്ക പ്രശ്നങ്ങൾക്കും പിന്നിലെന്നും ജയശങ്കർ പറഞ്ഞു. ഡൽഹിയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയാരുന്നു അദ്ദേഹം.
ഇന്ത്യക്ക് നേരെയുളള യു.എസ് നടപടി വിവേചന പരമാണ്. റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളടക്കമുള്ളവർക്ക് യു.എസിൽ നിന്ന് സമാനമായ നടപടി നേരിടേണ്ടി വന്നിട്ടില്ല.
‘എങ്കിലും, അമേരിക്കയുമായി ഒരു വ്യാപാര ധാരണ ഉണ്ടാകേണ്ടത് നിർണായകമാണ്. കാരണം അത് ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ്, മാത്രമല്ല ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ആ ധാരണയിൽ ഇതിനകം എത്തിയിട്ടുണ്ട്. നമ്മുടെ അടിസ്ഥാന തത്വങ്ങളെയും, നിയന്ത്രണങ്ങളെയും മാനിച്ചുകൊണ്ടുളള കരാറായിരിക്കണം അത്. എല്ലാ കരാറിലും, ചർച്ച ചെയ്യാൻ കഴിയുന്നതും കഴിയാത്തതുമായ കാര്യങ്ങളുണ്ട്. സർക്കാരിന് ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. വിഷയങ്ങളിൽ സമഗ്രമായ തീരുമാനത്തിൽ എത്താനാവണം. മാർച്ച് മുതൽ ഇതിനായി ചർച്ചകൾ നടക്കുകയാണ്,’- ജയശങ്കർ പറഞ്ഞു.
ഇരുരാജ്യങ്ങൾക്കുമിടയിൽ, എല്ലാ മേഖലകളെയും ബാധിക്കുന്ന തരത്തിലുള്ളതല്ല നിലവിലെ പ്രതിസന്ധി. പ്രശ്നങ്ങളില്ലെന്ന് ആരും പറയുന്നില്ല, ആ പ്രശ്നങ്ങൾ ചർച്ചചെയ്യുകയും പരിഹരിക്കുകയും വേണം. അതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ ബന്ധങ്ങളും സഖ്യങ്ങളും പുനർവിചിന്തനത്തിന് വിധേയമാക്കപ്പെടുകയാണ്. ലോകത്തിലെ മൂന്നിലൊന്ന് ഉദ്പാദനവും ഒരുരാജ്യത്തിൽ കേന്ദ്രീകരിക്കപ്പെടുന്നത് വിതരണ ശൃംഖലയിലും അന്താരാഷ്ട്ര സാമ്പത്തിക രംഗത്തും വലിയ വെല്ലുവിളിയാണെന്നും ചൈനയുടെ പേരെടുത്ത് പറയാതെ ജയശങ്കർ പറഞ്ഞു.
രാജ്യതാത്പര്യം മുൻനിർത്തി വിഷമകരമായ കാലഘട്ടം കടക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. നമ്മുടെ നിലപാടിനെ പ്രതിരോധിക്കുക മാത്രമല്ല, നിലവിലുള്ള വെല്ലുവിളികൾ നേരിട്ട് മുന്നോട്ടുപോവുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി സെമികണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഡ്രോണുകളടക്കം ബഹിരാകാമേഖല എന്നീ മേഖലകളിൽ തദ്ദേശീയമായ നിർമാണം ത്വരിതപ്പെടുത്തണം.
കൂടുതൽ ദുഷ്‌കരമായ ഒരു ലോകം ഉയർത്തുന്ന ചോദ്യത്തിനുള്ള ഉത്തരം പുറത്തല്ല, അതിന്റെ വലിയ ഭാഗവും നമുക്കുള്ളിലാണ്. മനുഷ്യവിഭവശേഷി, അടിസ്ഥാന സൗകര്യങ്ങൾ, ഉൽപ്പാദനം, ചരക്ക് നീക്കം, ഊർജ്ജ സുരക്ഷ, ഭക്ഷ്യ സുരക്ഷ, ആരോഗ്യ സുരക്ഷ എന്നിവയുടെ വികസനത്തിലൂടെ അത് സാധ്യമാവുമെന്നും ജയശങ്കർ പറഞ്ഞു.