പ്രിയ സഖാവിന് മുദ്രാവാക്യം വിളികളോടെ വിടചൊല്ലി ജെ.എൻ.യു
text_fieldsന്യൂഡൽഹി: താൻ പോരാട്ടവഴി വെട്ടിത്തെളിച്ച സർവകലാശാലയുടെ മുറ്റത്ത് പ്രിയ സഖാവിന് വിടനൽകി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു)യിലെ പിന്മുറക്കാർ. വെള്ളിയാഴ്ച ജെ.എൻ.യു കാമ്പസിൽ പൊതുദർശനത്തിന് വെച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരത്തിൽ അധ്യാപകരും വിദ്യാർഥികളും അടക്കം വിവിധ കോണുകളിൽനിന്ന് നൂറുകണക്കിനാളുകൾ പുഷ്പാർച്ചന നടത്തി.
ഇടതു വിദ്യാർഥി രാഷ്ട്രീയത്തിലേക്കും നേതൃതലത്തിലേക്കും നയിച്ച പ്രിയ സ്ഥാപനത്തിലേക്കാണ് ‘എയിംസി’ൽനിന്ന് യെച്ചൂരിയുടെ ഭൗതികശരീരം ആദ്യം എത്തിച്ചത്. തുടർന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയന്റെ നേതൃത്വത്തിൽ അഞ്ച് മണിമുതൽ 5.35 വരെ സ്റ്റുഡന്റ്സ് വെൽഫെയർ ഹാളിൽ പൊതുദർശനത്തിന് വെച്ചു.
ജെ.എൻ.യുവിൽ ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ കൂടെയുണ്ടായിരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് ആദ്യം പുഷ്പാർച്ചന നടത്തിയത്. പിന്നീട് ജെ.എൻ.യു വിദ്യാർഥി യൂനിയനും ജെ.എൻ.യു അധ്യാപക യൂനിയനും എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളും അന്ത്യോപചാരം അർപ്പിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദാ കാരാട്ട്, എം.എ. ബേബി, എം.പിമാരായ ജോൺ ബ്രിട്ടാസ്, എ.എ. റഹീം, ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കനയ്യ കുമാർ, ബോളിവുഡ് താരം സ്വരഭാസ്കർ അടക്കം നിരവധി പേർ പുഷ്പാർച്ചന നടത്തി.
തുടർന്ന് വസന്ത് കുഞ്ചിലേക്ക് മൃതദേഹം കൊണ്ടുപോയി. കോരിച്ചൊരിയുന്ന മഴ വകവെക്കാതെ രാഷ്ട്രീയഭേദമന്യെ ഒഴുകിയെത്തിയ വിദ്യാർഥികൾ ‘ലാ ലാ ലാ ലാൽ സലാം ലാൽ സലാം യെച്ചൂരി’ എന്ന മുദ്രവാക്യ വിളികളുമായി കാമ്പസിന്റെ കവാടംവരെ അനുഗമിച്ചു.
1974ലാണ് യെച്ചൂരി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് ജെ.എൻ.യുവിൽ ചേരുന്നതും എസ്.എഫ്.ഐയിൽ അംഗമാവുന്നതും. ജെ.എൻ.യു വിദ്യാർഥിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് യെച്ചൂരിക്ക് ജയിൽ ജീവിതം അനുഷ്ഠിക്കേണ്ടി വന്നിരുന്നു. മൂന്നുതവണ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റ് സ്ഥാനം വഹിക്കുകയുണ്ടായി.