ചുവപ്പണിഞ്ഞ് ജെ.എൻ.യു; സെൻട്രൽ പാനലിലെ മുഴുവൻ സീറ്റും തൂത്തുവാരി ഇടതുസഖ്യം, വൈസ് പ്രസിഡന്‍റായി കെ. ഗോപിക
text_fieldsന്യൂഡൽഹി: ജവാഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സെൻട്രൽ പാനലിലെ മുഴുവൻ സീറ്റുകളിലും ഇടതുസഖ്യത്തിന് ജയം. സെൻട്രൽ പാനലിലേക്കുള്ള നാല് സീറ്റും ഇടതുസഖ്യം സ്വന്തമാക്കി. എസ്.എഫ്.ഐ സ്ഥാനർഥിയായി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി വിദ്യാർഥി കെ. ഗോപിക ബാബു 1300ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ വർഷം മൂന്ന് സീറ്റുകളിലായിരുന്നു ഇടതു വിദ്യാർഥി സംഘനകൾ വിജയിച്ചത്.
ഐസയുടെ സ്ഥാനാർഥി അദിതി മിശ്രയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇടതു സഖ്യത്തിൽ തന്നെ മത്സരിച്ച സുനിൽ യാദവ് (ഡി.എസ്.എഫ്) ജനറൽ സെക്രട്ടറി സ്ഥാനത്തും ഡാനിഷ് അലി (ഐസ) ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തും വിജയിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. ഗോപിക ബാബു. കഴിഞ്ഞ വർഷം കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചിരുന്നു. എസ്.എഫ്.ഐയുടെ രാഷ്ട്രീയം വിദ്യാർഥികൾ ഏറ്റെടുത്തെന്നാണ് തന്‍റെ വിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് ഗോപിക പ്രതികരിച്ചു.


