കൈയേറ്റക്കാർക്ക് നിയമ സാധുത; ഭരണഘടന ലംഘനം
text_fieldsന്യൂഡൽഹി: കൈയേറ്റക്കാർക്ക് നിയമസാധുത നൽകുന്ന വഖഫ് ഭേദഗതി നിയമത്തിലെ മിക്ക വ്യവസ്ഥകളും ഭരണഘടനയുടെ 26ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് വഖഫ് ബില്ലിനെതിരായ പക്ഷത്തുനിന്നുള്ള വാദം നയിച്ച മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു. പാർലമെന്റിലെ നിയമ നിർമാണത്തിൽ പാലിക്കേണ്ട കാര്യങ്ങൾ പലതും ചെയ്യാതെയാണ് വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നതെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദിനും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിനുംവേണ്ടി ഹാജരായ സിബൽ വാദിച്ചു. മത സ്ഥാപനങ്ങൾ സ്ഥാപിക്കാനും പരിപാലിക്കാനും സ്ഥാവര, ജംഗമ സ്വത്തുക്കൾ സ്വായത്തമാക്കാനും അവകാശമുണ്ട്. വഖഫിന്റെ നിർവചനംതന്നെ മാറ്റി കഴിഞ്ഞ അഞ്ചു വർഷമായി ഇസ്ലാം അനുഷ്ഠിക്കുന്ന ആൾ ആകണമെന്നാക്കി. ഡൽഹി ജമാ മസ്ജിദ് പോലുള്ള 300 കൊല്ലത്തിലധികം പഴക്കമുള്ള മതസ്ഥാപനത്തിനും വഖഫ് ഡീഡ് ചോദിക്കുകയാണ്.
ഏതെങ്കിലും വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്താണെന്ന് പറഞ്ഞാൽ അത് വഖഫ് സ്വത്താകില്ല. തർക്കമുണ്ടായാൽ സർക്കാർ ഉദ്യോഗസ്ഥൻ തീരുമാനിക്കുന്നത് വരെ അത് വഖഫ് സ്വത്തായി പരിഗണിക്കില്ല. ഇതും ഭരണഘടനക്ക് വിരുദ്ധം. എല്ലാ കൈയേറ്റക്കാർക്കും നിയമസാധുത നൽകുന്നതാണ് നിയമം. വഖഫ് അലൽ ഔലാദിൽ കൈവെച്ച് ഇസ്ലാമിന്റെ അനന്തരാവകാശത്തിലാണ് അവർ പിടികൂടിയത്.
മുസ്ലിംകളായ ഗോത്രവർഗക്കാരുണ്ടായിരിക്കേ അവരുടെ ഭൂമികൾ വഖഫ് സ്വത്താക്കാൻ പറ്റില്ലെന്ന വ്യവസ്ഥയും ഭരണഘടനാവിരുദ്ധമാണെന്ന് സിബൽ വാദിച്ചപ്പോൾ ആദിവാസി ഭൂമി സംരക്ഷിക്കണമെന്നത് നിയമത്തിൽ പറഞ്ഞതല്ലേ എന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തിരിച്ചുചോദിച്ചു. ആദിവാസികൾ തമ്മിൽ ഭൂമി കൈമാറാമല്ലോ എന്ന് ഇതിന് സിബൽ മറുപടി നൽകി.
ഭൂരിഭാഗം അംഗങ്ങളെയും അമുസ്ലിംകളാക്കാനുള്ള വ്യവസ്ഥ കൊണ്ടുവന്ന് വഖഫ് ബോർഡിനെ സർക്കാർ പൂർണമായും ഏറ്റെടുക്കുകയാണ്. കേന്ദ്ര വഖഫ് കൗൺസിലിലെ 22 വ്യക്തികളിൽ എല്ലാവരും മുസ്ലിംകളായിരുന്നു. എല്ലാ ഉദ്യോഗസ്ഥരും മുസ്ലിംകൾ ആകണമായിരുന്നു. ഇപ്പോൾ ഒരാളും മുസ്ലിം ആകണമെന്നില്ല. മാത്രമല്ല, അമുസ്ലിമായ എക്സ് ഒഫിഷ്യോ അംഗത്തെ അയോഗ്യനാക്കാനും പറ്റില്ല. ഭരണഘടനയുടെ 14ാം അനുച്ഛേദവും ഇതിലൂടെ ലംഘിച്ചു. വഖഫ് നിർണയത്തിൽ കലക്ടറുടെ തീരുമാനത്തിനെതിരെ ട്രൈബ്യൂണലിൽ പോകാമെന്ന് പറയുന്നില്ല.