വിമാനയാത്രക്കിടെ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എം.എൽ.എ
text_fieldsബംഗളൂരു: വിമാനയാത്രക്കിടെ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എം.എൽ.എയും ഡോക്ടറുമായ അഞ്ജലി നിംബാൽക്കർ. അമേരിക്കൻ യുവതിയുടെ ജീവനാണ് അവർ രക്ഷിച്ചത്. ഞായറാഴ്ച ഗോവ-ന്യൂഡൽഹി വിമാനത്തിലായിരുന്നു സംഭവമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കൂടിയാണ് നിംബാൽക്കർ. ഡൽഹിയിൽ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാംലീല മൈതാനത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് അവർ ഗോവയിൽ നിന്നും ഡൽഹിയിലേക്ക് യാത്രതിരിച്ചത്. ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന യുവതിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു.
കടുത്ത വിറയലും ക്ഷീണവും അനുഭവപ്പെട്ട രോഗിക്ക് ഡോക്ടർ സി.പി.ആർ നൽകുകയായിരുന്നു. പിന്നീട് യാത്രയിലുടനീളം അവർക്ക് വേണ്ട സഹായം നൽകി ഡോക്ടറും ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ വിമാനമിറങ്ങിയ ഉടനെ രോഗിയെ മാറ്റി. നിംബോൽക്കറിന്റെ സമയോചിതമായ ഇടപാടാണ് രോഗിയുടെ ജീവൻരക്ഷിച്ചതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, നിംബാൽക്കറിനെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. നിംബാൽക്കറിന്റെ നടപടിയെ അഭിനന്ദിക്കുകയാണ്. സഹയാത്രികരിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യം വന്നപ്പോൾ അത് നൽകി അവരുടെ ജീവൻ രക്ഷിക്കുകയാണ് നിംബാൽക്കർ ചെയ്തതെന്നും സിദ്ധരാമയ്യ എക്സിലെ പോസ്റ്റിൽ കുറിച്ചു.


