സുതാര്യത ഉറപ്പാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലാക്കണം; കർണാടക മന്ത്രിസഭ ശിപാർശ
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്താൻ കർണാടകയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പറിലൂടെയാക്കാൻ മന്ത്രിസഭ ശിപാർശ. ഇതു സംബന്ധിച്ച ശിപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കൈമാറും.
ഭാവിയിൽ എല്ലാ തദ്ദേശ തെരഞ്ഞെടുപ്പും ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്നാണ് സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാറിന്റെ ആവശ്യം. ഇതിനു പുറമെ, വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്ക് വോട്ടർ പട്ടിക സ്വതന്ത്രമായി പരിഷ്‍കരിക്കാൻ കഴിയുംവിധം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ ശക്തിപ്പെടുത്താൻ ആവശ്യമായ നിയമ നടപടി കൈക്കൊള്ളാനും മന്ത്രിസഭ തീരുമാനിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇ.വി.എം) പൊതുജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടാണ് ബാലറ്റ് പേപ്പറിലേക്ക് മടങ്ങാൻ ശിപാർശ നൽകുന്നതെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച മാറ്റങ്ങൾ രണ്ടാഴ്ചക്കകം നിലവിൽവരുമെന്നും നിയമ മന്ത്രി വ്യക്തമാക്കി.
ബൃഹത് ബംഗളൂരു മഹാ നഗര പാലികെയെ (ബി.ബി.എം.പി) ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയായി (ജി.ബി.എ) മാറ്റിയതിന് പിന്നാലെ ബംഗളൂരുവിലെ പുതിയ അഞ്ച് കോർപറേഷനുകളിലേക്കും സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇ.വി.എം ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പിന് സർക്കാർ നീക്കം നടത്തുന്നത്. കോൺഗ്രസ് രാജ്യവ്യാപകമായി ബി.ജെ.പിക്കെതിരെ നടത്തുന്ന ‘വോട്ടു മോഷണ’ കാമ്പയിനിന് ബലം നൽകുന്നതുകൂടിയാണ് കർണാടക സർക്കാർ തീരുമാനം.
ഇതിനെതിരെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി രംഗത്തുവന്നു. സർക്കാർ തീരുമാനത്തിനെതിരെ പൊതുജനാഭിപ്രായം തേടി സംസ്ഥാനതലത്തിൽ ബി.ജെ.പി കാമ്പയിൻ നടത്തും. രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്താൻ സംസ്ഥാന സർക്കാർ ഒറ്റക്കെടുത്ത തീരുമാനമാണിതെന്നാണ് ബി.ജെ.പി വിമർശം.