Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്‍ലാംമത...

ഇസ്‍ലാംമത വിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ല; ശിരോവസ്ത്ര വിലക്ക് ശരിവെച്ച് ഹൈകോടതി

text_fields
bookmark_border
hijab row
cancel

ബംഗളൂരു: ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നത് ഇസ്‍ലാം മതവിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ലെന്നും യൂനിഫോം നിർബന്ധമാക്കിയത് മൗലികാവകാശലംഘനമല്ലെന്നും വ്യക്തമാക്കി, വിദ്യാലയങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹരജികൾ കർണാടക ഹൈകോടതി തള്ളി. കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയുള്ള സർക്കാർ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് കേസിൽ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ.എം. ഖാസി എന്നിവരടങ്ങിയ ഹൈകോടതി വിശാല ബെഞ്ച് ചൊവ്വാഴ്ച അന്തിമ വിധി പ്രസ്താവിച്ചത്.

ഹിജാബ് മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജിലെയും കുന്ദാപുര ഭണ്ഡാർകർ കോളജിലെയും വിദ്യാർഥിനികൾ നൽകിയ ഹരജികളാണ് ഹൈകോടതി തള്ളിയത്.

വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരായ ഉഡുപ്പി ഗവ. വനിത പി.യു കോളജിലെ വിദ്യാർഥിനികൾ പറഞ്ഞു. ഇതിനിടെ, നിലവിൽ ഹരജിക്കാരിയല്ലാത്ത നിബ നാസ് എന്ന വിദ്യാർഥിനി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹിജാബ് ഇസ്‍ലാം മതവിശ്വാസത്തിൽ അവിഭാജ്യമാണോ, യൂനിഫോം നിർബന്ധമാക്കുന്നത് മൗലികാവകാശലംഘനമാണോ, സർക്കാർ ഉത്തരവ് ഭരണഘടനാലംഘനമാണോ, ഹിജാബ് വിലക്കിയ പി.യു വനിത കോളജിലെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണോ എന്നീ കാര്യങ്ങളാണ് ഹൈകോടതി പരിഗണിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്‍ലാം മതവിശ്വാസത്തിൽ അനിവാര്യമല്ലെന്നും അങ്ങനെയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹരജിക്കാർക്ക് ഹാജരാക്കാനായില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് തുടരുന്നതിൽ ഭരണഘടനാലംഘനമില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

സ്കൂൾ യൂനിഫോം നിഷ്കർഷിക്കുന്നത് ഭരണഘടന അനുവദിക്കുന്ന ന്യായമായ നിയന്ത്രണങ്ങളിൽ ഉൾപ്പെടും. ഇതിനെ എതിർക്കാൻ വിദ്യാർഥികൾക്ക് അവകാശമില്ല. യൂനിഫോം ഭരണഘടനാപരമായ മതേതരത്വം ഉറപ്പാക്കുന്നതാണ്. ഹിജാബ് ഭരണഘടനയുടെ വകുപ്പ് 25 പ്രകാരം മതസ്വാതന്ത്ര്യത്തിന്‍റെ കീഴില്‍ വരുന്നില്ല. സ്‌കൂള്‍ യൂനിഫോം സംബന്ധിച്ച സര്‍ക്കാറിന്‍റെ നിർദേശം വകുപ്പ് 19 (1) (എ) പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെയോ വകുപ്പ് 21 പ്രകാരമുള്ള സ്വകാര്യതയുടെയോ ലംഘനമല്ല. -കോടതി നിരീക്ഷിച്ചു.

ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് യാദ്ഗറിലെ സൊരാപുർ താലൂക്കിലെ ഗവ. പ്രീ യൂനിവേഴ്സിറ്റി കോളജിലെ 35 വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചു. വിദ്യാർഥികൾ ഹൈകോടതി വിധി മാനിക്കണമെന്നും പരീക്ഷയും ക്ലാസും ബഹിഷ്കരിക്കരുതെന്നും നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇസ്‍ലാം മതത്തില്‍ ഹിജാബ് അനിവാര്യമായ ആചാരമല്ലെന്ന കര്‍ണാടക സര്‍ക്കാറിന്‍റെ വാദം ശരിവെക്കുന്നതാണ് കോടതി വിധി. അന്തിമ ഉത്തരവിറങ്ങിയതോടെ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിനേർപ്പെടുത്തിയ വിലക്ക് തുടരും.

Show Full Article
TAGS:Hijab ban 
News Summary - Karnataka High Court upholds ban on hijab in educational institutions
Next Story