Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക ഹിജാബ് നിരോധനം...

കർണാടക ഹിജാബ് നിരോധനം പിൻവലിച്ചു

text_fields
bookmark_border
കർണാടക ഹിജാബ് നിരോധനം പിൻവലിച്ചു
cancel

ബംഗളൂരു: ക്ലാസ് മുറികളിൽ ശിരോവസ്ത്രം നിരോധിച്ച് കൊണ്ടുള്ള 2022ലെ ബിജെപി സർക്കാർ ഉത്തരവ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ബുധനാഴ്ച പിൻവലിച്ചു. ഹിജാബ് നിരോധനം പിൻവലിക്കൽ ഉൾപ്പെടെ കോൺഗ്രസ് മുസ്‌ലിംകൾക്ക്

നൽകിയ വാഗ്ദാനങ്ങൾ മൂന്ന് വർഷമായിട്ടും പാലിക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ബംഗളൂരുവിൽ സമ്മേളനം നടക്കാനിരിക്കെയാണ് നടപടി.

വിദ്യാർഥിനികൾക്ക് പരമ്പരാഗതവും ആചാരാധിഷ്ഠിതവുമായ ചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. ക്ലാസ് മുറികളിൽ വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നത് 2022 ഫെബ്രുവരിയിൽ മുൻ ബി.ജെ.പി സർക്കാർ നിരോധിച്ചിരുന്നു. മുസ്‌ലിം പെൺകുട്ടികളുടെ വസ്ത്രധാരണം സ്ഥാപനങ്ങളുടെ യൂനിഫോമിന് അനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞതിനെ തുടർന്ന് വിവാദം സൃഷ്ടിച്ചു. പെൺകുട്ടികൾ അവർ പഠിക്കുന്ന സ്കൂളുകളോ കോളജുകളോ നിർദ്ദേശിക്കുന്ന യൂണിഫോം പിന്തുടരണമെന്നും ബി.ജെ.പി സർക്കാർ നിർബന്ധിച്ചു.

ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ലെന്ന് പ്രസ്താവിച്ചുകൊണ്ട് സർക്കാർ ഉത്തരവിനെ 2022 മാർച്ചിൽ ഹൈകോടതി ശരിവച്ചു. അതേ വർഷം ഒക്ടോബറിൽ സുപ്രീം കോടതി ഭിന്നവിധി പുറപ്പെടുവിച്ചു. കോൺഗ്രസ് സർക്കാർ മുസ്‌ലിം സമുദായത്തിന് വേണ്ടി എന്തുചെയ്തുവെന്ന് അവലോകനം ചെയ്യുന്നതിനായാണ് ശനിയാഴ്ച മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ സംസ്ഥാനതല കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

കോൺഗ്രസ് സർക്കാരിനെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയ അഡ്-ഹോക്ക് കമ്മിറ്റിയുടെ കീഴിലുള്ള കർണാടക സ്റ്റേറ്റ് മുസ്‌ലിം ഫെഡറേഷനാണ് സംഘാടകർ. കോൺഗ്രസ് സർക്കാരിനു കീഴിൽ മുസ്‍ലിംകൾ നേരിടുന്ന പ്രാതിനിധ്യ പ്രശ്നങ്ങൾ, ഹിജാബ് നിരോധനം, നാല് ശതമാനം സംവരണം എന്നിവ സംബന്ധിച്ച കോടതി കേസുകൾ, വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ കുറ്റകൃത്യങ്ങൾ, ബജറ്റ് വിഹിതം, ഗോവധ നിരോധന നിയമം, മതപരിവർത്തന നിരോധന നിയമം, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ തുടങ്ങിയവയെല്ലാം റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ടൗൺ ഹാളിൽ നടക്കുന്ന കൺവെൻഷനിലേക്ക് ഒരു രാഷ്ട്രീയക്കാരനെയും ക്ഷണിക്കില്ലെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.

ദക്ഷിണ ദാവണഗെരെ ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിമിന് ടിക്കറ്റ് നൽകാത്തതിൽ കോൺഗ്രസിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് കോൺഗ്രസ് എം‌.എൽ.‌സിമാരായ നസീർ അഹമ്മദ്, അബ്ദുൽജബ്ബാർ എന്നിവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെത്തുടർന്ന് അതൃപ്തി ശക്തിപ്പെട്ടു.

Show Full Article
TAGS:Hijab Ban Karnataka hijab Islamophobia 
News Summary - Karnataka lifts hijab ban
Next Story