ബംഗളൂരു ദുരന്തം; പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് കർണാടക സർക്കാർ
text_fieldsബംഗളൂരു: പൊലീസ് കമീഷണർ ബി. ദയാനന്ദ, അഡീഷണൽ പൊലീസ് കമീഷണർ വികാസ് കുമാർ വികാസ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ ശേഖർ എച്ച്. ടെക്കണ്ണവർ എന്നിവരുടെ സസ്‌പെൻഷൻ പിൻവലിച്ച് കർണാടക സർക്കാർ. ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെത്തുടർന്നായിരുന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.
ഇവരെ സർവീസിൽ തിരിച്ചെടുക്കുന്നത് സ്ഥിരീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദയാനന്ദ, വികാസ് കുമാർ, ശേഖർ എന്നിവർക്കൊപ്പം, അന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണർ ഓഫ് പൊലീസ് ആയി സേവനമനുഷ്ഠിച്ചിരുന്ന ഡി.വൈ.എസ്.പി സി. ബാലകൃഷ്ണ, കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഗിരീഷ് എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു.
ജോൺ മൈക്കൽ ഡി കുൻഹയുടെ കീഴിലുള്ള ജുഡീഷ്യൽ കമീഷനും മജിസ്റ്റീരിയൽ കമ്മിറ്റി ജില്ല മജിസ്ട്രേറ്റും സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ടുകൾ സമർപ്പിച്ചതിനാൽ, തങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഉദ്യോഗസ്ഥർ നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ഉത്തരവ് സർക്കാർ പുനഃപരിശോധിക്കുകയായിരുന്നു.
ജൂൺ അഞ്ചിന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷമാണ് കർണാടക സർക്കാർ അഞ്ച് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയാൻ തീരുമാനിച്ചത്. 18 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) കിരീടം നേടിയ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർ.സി.ബി) കളിക്കാരെ ആദരിക്കുന്നതിനായി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) സംഘടിപ്പിച്ച അനുമോദന ചടങ്ങിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്.