‘ബി.ജെ.പിയെ സഹായിക്കാനാണ് കെജ്രിവാളിന് താൽപര്യം, പ്രതിപക്ഷ ഐക്യമെന്ന ആവശ്യം അദ്ദേഹം തള്ളി’; കോളിളക്കം സൃഷ്ടിച്ച് ആപ് ഗോവ വർക്കിങ് പ്രസിഡന്റിന്റെ രാജി
text_fieldsപനാജി: പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ ഗോവയിൽ സന്ദർശനത്തിനെത്തി മടങ്ങിയ ശേഷം ആം ആദ്മി പാർട്ടിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് രാജേഷ് കലൻഗുത്കർ പാർട്ടിവിട്ടത് വൻ രാഷ്ട്രീയ കോളിളക്കത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ബി.ജെ.പിയെ തടയാൻ കോൺഗ്രസുമായി കൂട്ടുകൂടണമെന്ന രാജേഷിന്റെ വാദങ്ങൾ കണക്കിലെടുക്കാതെ ഒറ്റക്ക് മത്സരിക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജേഷ് ആപ് വിട്ടത്.
ഗോവയിലെ സന്ദർശനത്തിനിടെ കെജ്രിവാളിനൊപ്പം പൊതുസമ്മേളനങ്ങളിൽ വേദി പങ്കിട്ട ശേഷമാണ് ബുധനാഴ്ച രാജേഷ് രാജി സമർപ്പിച്ചത്. സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധവോട്ടുകൾ ഭിന്നിപ്പിക്കുകയെന്നതു മാത്രമാണ് എ.എ.പിയുടെ റോൾ എന്നത് ‘വേദനയോടെ വ്യക്തമായതായി’ അദ്ദേഹം പറയുന്നു.
സംസ്ഥാനത്ത് ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പി ഒറ്റക്ക് മത്സരിക്കുമെന്ന് ഗോവ സന്ദർശനത്തിനിടെയാണ് കെജ്രിവാൾ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് കുറ്റപ്പെടുത്തിയാണ് അവരുമായി സഖ്യമുണ്ടാക്കില്ലെന്ന് നോർത്ത് ഗോവയിലെ മായെമിൽ പാർട്ടി ഓഫിസ് ഉദ്ഘാടനം ചടങ്ങിൽ മുൻ ഡൽഹി മുഖ്യമന്ത്രി പ്രസ്താവിച്ചത്. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഒത്തുകളിയുണ്ടെന്നും കെജ്രിവാൾ ആരോപിച്ചു.
ഗോവൻ ജനതയുടെ താൽപര്യങ്ങൾക്ക് മുകളിൽ ഡൽഹിയിലെ രാഷ്ട്രീയ മോഹങ്ങൾ പ്രതിഷ്ഠിക്കുന്ന ഒരു പാർട്ടിയിൽ ഇനിയും തുടരാൻ കഴിയില്ലെന്ന് കെജ്രിവാളിന് അയച്ച രാജിക്കത്തിൽ രാജേഷ് ചൂണ്ടിക്കാട്ടി. ‘നിങ്ങൾ ഗോവ സന്ദർശിച്ച സമയത്ത്, പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന കാര്യം ഞാൻ നിങ്ങളോട് പലകുറി ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയുടെ അഴിമതി രാഷ്ട്രീയത്തെയും ജനങ്ങളെ തമ്മിൽ വിഭജിക്കുന്ന ആശയങ്ങളെയും തുടച്ചുമാറ്റിയാൽ മാത്രമേ ഗോവയ്ക്ക് ഭാവിയുള്ളൂ എന്നതുകൊണ്ടായിരുന്നു അത്. ദുഃഖകരമെന്ന് പറയട്ടെ, നിങ്ങളുടെ നിസ്സഹകരണം ഐക്യത്തോട് നിങ്ങൾക്ക് ഒട്ടും താൽപര്യമില്ലെന്നതിന് തെളിവായിരുന്നു. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് വഴിയൊരുക്കുകയെന്നതിലാണ് നിങ്ങൾക്ക് താൽപര്യമെന്നും മനസ്സിലായി’ -രാജിക്കത്തിൽ രാജേഷ് വിശദീകരിച്ചു.
നിസ്സാരമായ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കല്ല, ഗോവക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് രാജേഷ് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. എന്തുവിലകൊടുത്തും കോൺഗ്രസുമായി കൈകോർക്കാതിരിക്കുകയെന്നതാണ് നയമെന്ന് പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചതായും അദ്ദേഹം ആരോപിച്ചു.
‘പ്രതിപക്ഷ പാർട്ടികളുടെ വോട്ടുകൾ ഭിന്നിച്ചതിനാലാണ് 2022ൽ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വന്നത്. ബി.ജെ.പിക്കെതിരെ പോരാടുന്നതിന് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നാണ് ഗോവയിലെ ജനങ്ങളുടെ വികാരം. ഡൽഹിയിൽ തോറ്റത് കോൺഗ്രസ് കാരണമാണെന്ന് പാർട്ടി നേതൃത്വം വിശ്വസിക്കുന്നതിനാലാണ് സഖ്യം ഉണ്ടാകാത്തത്. തെരഞ്ഞെടുക്കപ്പെട്ട ശേഷം കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് മാറുമെന്നും അവർ പറയുന്നു. ഗോവൻ ജനതയുടെ വികാരങ്ങളിൽ പാർട്ടി ദേശീയ നേതൃത്വത്തിന് താൽപര്യമില്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കോൺഗ്രസുമായുള്ള ഈഗോയും വാശിയുമൊക്കെ ഗോവയിലും ഉണ്ടാകണമെന്നാണ് അവരുടെ താൽപര്യം’ - ‘ദി ഇന്ത്യൻ എക്സ്പ്രസി‘ന് നൽകിയ അഭിമുഖത്തിൽ രാജേഷ് പറഞ്ഞു.
‘ബി.ജെ.പിയോട് ഗോവയിലെ ജനങ്ങൾക്ക് താൽപര്യമില്ല. ബി.ജെ.പിയുടെ അഴിമതി, വർഗീയത, സ്വേച്ഛാധിപത്യ ഭരണം എന്നിവയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിക്കണമെന്ന പൊതുജനവികാരം ശക്തമാണ്. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയൊരു സഖ്യം വേണം. പ്രതിപക്ഷത്ത് കോൺഗ്രസ് മാത്രമല്ല, ആർ.ജി.പി, ഗോവ ഫോർവേഡ് പാർട്ടി തുടങ്ങിയ മറ്റ് പാർട്ടികളുമുണ്ട്’- അദ്ദേഹം പറഞ്ഞു.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കലൻഗുത്കർ എ.എ.പിയിൽ ചേർന്നത്. മായെം അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം ബി.ജെ.പിയുടെ പ്രേമേന്ദ്ര ഷെട്ടിനോട് പരാജയപ്പെടുകയായിരുന്നു.


