ഓൺലൈൻ എസ്.ഐ.ആറിനോട് വിമുഖത; കേരളം ഡിജിറ്റൈസ്ഡ് അപേക്ഷയിൽ പിന്നിൽ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എസ്.ഐ.ആർ എന്യൂമറേഷൻ ഫോറങ്ങൾ ഓൺലൈനിൽ സ്വീകരിക്കുന്നതിനോട് കേരളത്തിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും ജില്ല കലക്ടർമാരും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരും കാണിക്കുന്ന വിമുഖത എസ്.ഐ.ആർ പ്രക്രിയയിൽ കേരളത്തെ ഏറ്റവും പിറകിലാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബുധനാഴ്ച പുറത്തുവിട്ട തൽസ്ഥിതി റിപ്പോർട്ട് പ്രകാരം വിദ്യാഭ്യാസപരമായി കേരളത്തെക്കാൾ ഏറെ പിന്നിൽ നിൽക്കുന്ന രാജസ്ഥാനിൽ 40 ശതമാനം അപേക്ഷകളും ബി.എൽ.ഒമാർ അപ് ലോഡ് ചെയ്ത് ഡിജിറ്റൈസ്ഡ് ചെയ്തപ്പോൾ കേരളത്തിൽ 1.89 ശതമാനം വോട്ടർമാരുടെ അപേക്ഷകൾ മാത്രമാണ് ഇതുവരെ ഡിജിറ്റൈസ് ചെയ്തത്.
2025ലെ വോട്ടർ പട്ടികയിൽ പേരുള്ള 2.78 കോടി വോട്ടർമാരുള്ള കേരളത്തിൽ ബുധനാഴ്ച വരെ 2.70 കോടി (96.83%) എന്യൂമറേഷൻ ഫോറങ്ങൾ ബി.എൽ.ഒമാർ വിതരണം ചെയ്തെന്നാണ് കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കൊടുത്ത കണക്ക്. ഇതിൽ 5.27 ലക്ഷം അപേക്ഷകൾ മാത്രമാണ് അപ് ലോഡ് ചെയ്ത് ഡിജിറ്റൈസ് ചെയ്തിരിക്കുന്നതെന്നാണ് കേരളത്തിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചത്. അതേ സമയം 5.47 കോടി വോട്ടർമാരിൽ 99.16 ശതമാനവും എന്യൂമറേഷൻ ഫോറങ്ങൾ വിതരണം ചെയ്തതായി പറയുന്ന രാജസ്ഥാനിൽ 2.24 കോടി വോട്ടർമാരുടെ അപേക്ഷകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്നും കാണിക്കുന്നു.
പശ്ചിമ ബംഗാളിൽ പോലും 1.41 കോടി അപേക്ഷകരുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്ന് കമീഷൻ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ പിറകിൽ നിന്ന് കേരളത്തിന് തൊട്ടുമുകളിലുള്ള ഉത്തർപ്രദേശിൽ 58.29 ലക്ഷം വോട്ടർമാരുടെ (3.77 %) അപേക്ഷകൾ അപ് ലോഡ് ചെയ്തിട്ടുണ്ട്. നവംബർ നാല് മുതൽ ഓൺലൈനിൽ എന്യൂമറേഷൻ ഫോറങ്ങൾ ലഭ്യമാക്കണമെന്ന കേന്ദ്ര തെരെഞ്ഞടുപ്പ് കമീഷന്റെ നിർദേശം നടപ്പാക്കാതിരുന്ന കേരളത്തിൽ വൈകിയാണ് അപേക്ഷകൾ ലഭ്യമാക്കിയത്.


