Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളം-സർവിസസ്;മത്സരം...

കേരളം-സർവിസസ്;മത്സരം ഇന്നേക്ക് മാറ്റി

text_fields
bookmark_border
കേരളം-സർവിസസ്;മത്സരം ഇന്നേക്ക് മാറ്റി
cancel
Listen to this Article

ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ ശനിയാഴ്ച നടക്കേണ്ടിയിരുന്ന കേരളം-സർവിസസ് മത്സരം ഞായറാഴ്ചത്തേക്ക് മാറ്റി. സിലാപത്തർ ഫുട്ബാൾ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിനാണ് കളി. ഇന്നലെ ഇതേ സമയത്ത് തുടങ്ങേണ്ട മത്സരത്തിനായി ഹോട്ടലിൽനിന്ന് ടീം സിലാപത്തറിലേക്ക് പുറപ്പെടാനിരിക്കെയാണ് മാറ്റിയ അറിയിപ്പ് വന്നത്. ദിബ്രുഗഢ്-ധെമാജി പാതയിലെ മിസിങ് ഗോത്ര ഗ്രാമത്തിൽ നടക്കുന്ന ഉത്സവം മൂലം മൂന്ന് ദിവസമായി രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. വി.ഐ.പി സന്ദർശനത്തിന്റെ നിയന്ത്രണങ്ങൾ വേറെയും. കേരള ടീം വെള്ളിയാഴ്ച സിലാപത്തറിൽ പരിശീലനത്തിനെത്താനും തിരിച്ച് ഹോട്ടലിലെത്താനും ഏറെ വൈകുകയുണ്ടായി. ഗതാഗതക്കുരുക്ക് ശനിയാഴ്ച രാവിലെയും തുടർന്നതോടെയാണ് മത്സരം മാറ്റേണ്ടിവന്നത്.

ഗ്രൂപ് ബിയിൽ നാല് മത്സരങ്ങളിൽ പത്ത് പോയന്റോടെ കേരളം ഇതിനകം ക്വാർട്ടർ ഫൈനലിലെത്തിയിട്ടുണ്ട്. സാധ്യത ബാക്കിയുള്ള സർവിസസിന് (3) ഗ്രൂപ്പിലെ അവസാന കളി ജീവന്മരണ പോരാട്ടമാണ്. മറ്റു ടീമുകളുടെ മത്സരങ്ങൾ പൂർത്തിയായതോടെ ഇന്നത്തെ അങ്കം ബാക്കിയിരിക്കെത്തന്നെ കേരളം ഗ്രൂപ് ജേതാക്കളുമായി. ഫെബ്രുവരി മൂന്നിന് നടക്കുന്ന ക്വാർട്ടറിൽ ആതിഥേയരായ അസമാണ് കേരളത്തിന്റെ എതിരാളികൾ.

റെയിൽവേസും പഞ്ചാബും കടന്നു

ഗ്രൂപ് ബിയിൽ മറ്റൊരു സമനില വഴങ്ങിയ റെയിൽവേസും ഒഡിഷയെ തോൽപിച്ച പഞ്ചാബും കേരളത്തിന് പിറകിൽ രണ്ടും മൂന്നും സ്ഥാനക്കാരായി ക്വാർട്ടറിൽ പ്രവേശിച്ചു. മേഘാലയ 2-2ന് റെയിൽവേസിനെ തളക്കുകയായിരുന്നു. പഞ്ചാബ് 5-2ന് ഒഡിഷയെ തകർത്തു. ഗ്രൂപ് റൗണ്ട് പൂർത്തിയാക്കിയ റെയിൽവേസിനും പഞ്ചാബിനും ഏഴ് വീതം പോയന്റാണുള്ളത്. ആറ് പോയന്റുമായി മേഘാലയ നാലാമതുണ്ട്. ഇന്ന് കേരളത്തെ തോൽപിച്ചാൽ സർവിസസിന് മേഘാലയയെ തള്ളി നാലാം സ്ഥാനക്കാരായി ക്വാർട്ടറിൽ കടക്കാം. ഗ്രൂപ് എ-യിൽ 11 പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ ബംഗാൾ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. തമിഴ്നാട് (10), രാജസ്ഥാൻ (7), അസം (6) ടീമുകളും ഈ ഗ്രൂപ്പിൽനിന്ന് ക്വാർട്ടറിലെത്തി.

Show Full Article
TAGS:Kerala Services match 
News Summary - Kerala-Services; match postponed to today
Next Story