‘രാജ്യമൊന്നാകെ വിറ്റഴിച്ച് മോദി സ്ഥലംവിടും’; രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യസമരമെന്ന് ഖാർഗെ
text_fieldsഎ.ഐ.സി.സി സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്ക് മുത്തുക്കുട സമ്മാനിച്ചപ്പോൾ
അഹ്മദാബാദ്: കോൺഗ്രസിന്റെ രണ്ടാം സ്വാതന്ത്ര്യസമരമാണ് രാജ്യത്ത് നടക്കുന്നതെന്നും വർഗീയത, അനീതി, അസമത്വം, ദാരിദ്ര്യം, വിവേചനം തുടങ്ങിയ ശത്രുക്കൾക്കെതിരെയാണ് ഈ പോരാട്ടമെന്നും ഇതിൽ വിജയിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണം കടുപ്പിച്ച ഖാർഗെ, ഖനനം മുതൽ വിമാനത്താവളങ്ങൾ വരെ തന്റെ വ്യവസായ സുഹൃത്തുക്കൾ കൈമാറി രാജ്യമൊന്നാകെ വിറ്റഴിച്ച് നരേന്ദ്ര മോദി സ്ഥലംവിടുമെന്നും കൂട്ടിച്ചേർത്തു. ഗുജറാത്തിലെ സബർമതി തീരത്ത് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുമ്പ് വിദേശ ഭരണാധികാരികളാണ് അനീതി, അസമത്വം, ദാരിദ്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുകയും അവലംബിക്കുകയും ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അതു ചെയ്യുന്നത് സ്വന്തം സർക്കാറാണെന്ന വ്യത്യാസം മാത്രം. ആ സമയത്ത് വിദേശ സർക്കാർ വർഗീയതകൊണ്ട് മുതലെടുത്തു, ഇപ്പോൾ നമ്മുടെ സ്വന്തം സർക്കാറാണ് മുതലെടുപ്പ് നടത്തുന്നതെന്നും ഖാർഗെ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാരോട് മാത്രമല്ല, ആർ.എസ്.എസിന്റെ വിചാരധാരയോട് കൂടിയാണ് നാം ഏറ്റുമുട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ആർ.എസ്.എസിന്റെ വിചാരധാര സ്വാതന്ത്ര്യസമരത്തിന്റേതായിരുന്നില്ല, ഭരണഘടനാവിരുദ്ധമാണ്. രാംലീല മൈതാനിയിൽ ഭരണഘടന കത്തിച്ചവരാണവർ. വർഷങ്ങളോളം രാജ്യത്തിന്റെ ത്രിവർണപതാക അവർ അംഗീകരിച്ചിട്ടില്ല. ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനാണ് അവർ നോക്കുന്നത്. കോൺഗ്രസിന്റെ വിയർപ്പിലുണ്ടായ ഭരണഘടനയിലാണ് ആക്രമണം. ആർ.എസ്.എസുമായും ബി.ജെ.പിയുമായുള്ള പോരാട്ടം ആദർശപരമായതിനാൽ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വഖഫ് നിയമം പിൻവലിക്കണം -കോൺഗ്രസ്
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വഖഫ് നിയമത്തെ അതിരൂക്ഷമായി വിമർശിച്ച അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിൽ നിയമം പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വഖഫ് ബിൽ ചർച്ചയിൽ പ്രതിപക്ഷം ഒന്നിച്ചുനിന്നു ശക്തി തെളിയിച്ചെന്നും 81 വോട്ടുഅവധിക്കാലം: മോഷ്ടാക്കളെ കരുതിയിരിക്കണമെന്ന് സിറ്റി പൊലീസ് കമീഷണറുടെ മുന്നറിയിപ്പ്മാത്രമുള്ള ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികളുടെ നാലഞ്ച് എം.പിമാർ ഹാജരില്ലാതിരുന്നിട്ടും രാജ്യസഭയിൽ 97 വോട്ട് നേടിയെന്നും ഖാർഗെ പറഞ്ഞു.
വഖഫ് ബോർഡിൽ അമുസ്ലിംകൾ പാടില്ലെന്നാണ് കോൺഗ്രസ് നിലപാട്. വഖഫ് തട്ടിയെടുക്കാതിരിക്കാനാണ് അത്. ഹിന്ദുക്ഷേത്രത്തിലും ഗുരുദ്വാരയിലും ആ സമുദായക്കാർ അല്ലാത്തവർ പാടില്ല എന്നതുപോലെയാണത്. മുസ്ലിം, ക്രിസ്ത്യൻ സഹോദരങ്ങൾക്കെന്നപോലെ മറ്റേത് സമുദായത്തിനുവേണ്ടിയും കോൺഗ്രസ് പോരാടും. ന്യൂനപക്ഷങ്ങൾക്കുവേണ്ടി പോരാടുമെന്ന് പറഞ്ഞ കോൺഗ്രസ് പാർലമെന്റിൽ മികച്ച പോരാട്ടം കാഴ്ചവെച്ചു. പുലർച്ച രണ്ടുവരെ ചർച്ച നീണ്ടിട്ടും വോട്ടിങ്ങിൽ മുഴുവൻ ശക്തിയും പ്രതിപക്ഷം കാണിച്ചു. വോട്ടെടുപ്പിൽ നമ്മുടെ എം.പിമാർ ശക്തമായി ബില്ലിനെ എതിർത്തു-ഖാർഗെ കൂട്ടിച്ചേർത്തു.
വഖഫ് നിയമം ഭരണഘടനക്ക് എതിരായ ആക്രമണം -രാഹുൽ
വഖഫ് നിയമം ഭരണഘടനക്ക് മേലുള്ള ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മത സ്വാതന്ത്ര്യത്തിനു മേലുള്ള ആക്രമണമാണിത്. മുഴുവൻ പൗരന്മാരും ഇതു മനസ്സിലാക്കേണ്ടതുണ്ട്. കുറച്ചു ദിവസം മുമ്പ് ആർ.എസ്.എസ് മുഖപത്രത്തിൽ വന്ന ലേഖനത്തിൽ ഇനി ക്രിസ്ത്യൻ ഭൂമിക്ക് നേരെയാണ് അടുത്ത നീക്കമെന്നാണ് പറയുന്നത്. അതിനു പിന്നാലെ സിഖുകാരെ തേടി വരും.
കോൺഗ്രസിന്റെ ദലിത് നേതാവ് ക്ഷേത്രത്തിൽ പോയ ശേഷം ബി.ജെ.പി നേതാവ് ക്ഷേത്രം ശുദ്ധീകരിച്ചു. ഒരു ദലിതനെ ക്ഷേത്രത്തിൽ പോകാൻ അനുവദിക്കാത്തതല്ല നമ്മുടെ മതം. നമുക്ക് എല്ലാവരും മനുഷ്യരാണ്. ഇത്തരമൊരു ഇന്ത്യ നാം ആഗ്രഹിക്കുന്നില്ല. എല്ലാ വ്യക്തിക്കും ആദരവ് നൽകുന്നതാണത്. എല്ലാ മതത്തിനും സമുദായത്തിനും ഭാഷക്കും ആദരവും അന്തസ്സും ലഭിക്കണം. ഈ രാജ്യം എല്ലാവരുടേതുമാകണം. എല്ലാ മതക്കാർക്കും ഭാഷക്കാർക്കും ഈ രാജ്യത്ത് നേട്ടമുണ്ടാകണം -രാഹുൽ പറഞ്ഞു.