Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബിക്കിനി ധരിച്ച് രാഖി...

‘ബിക്കിനി ധരിച്ച് രാഖി കെട്ടി’; വിവാദങ്ങൾക്കു പിന്നാലെ നടി കൃതി സനോൺ അഭിനയിച്ച പരസ്യം പിൻവലിച്ചു

text_fields
bookmark_border
‘ബിക്കിനി ധരിച്ച് രാഖി കെട്ടി’; വിവാദങ്ങൾക്കു പിന്നാലെ നടി കൃതി സനോൺ അഭിനയിച്ച പരസ്യം പിൻവലിച്ചു
cancel

മുംബൈ: പ്രമുഖ ജ്വല്ലറിക്കുവേണ്ടി ബോളിവുഡ് നടി കൃതി സനോൺ അഭിനയിച്ച രക്ഷാബന്ധൻ പരസ്യ ചിത്രം പിൻവലിച്ചു. പരസ്യത്തിൽ കൃതി ധരിച്ച വസ്ത്രത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും പ്രതിഷേധവും ഉയർന്നതിനു പിന്നാലെയാണ് കമ്പനിയുടെ തീരുമാനം.

ജ്വല്ലറി ബ്രാൻഡായ ഗിവയുടെ പരസ്യത്തിൽ കൃതി ബിക്കിനി ധരിച്ചാണ് രാഖി കെട്ടുന്നതെന്ന് പറഞ്ഞ് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. രക്ഷാബന്ധൻ പരസ്യത്തിൽ ഇൻഡോ-വെസ്റ്റേൺ വസ്ത്രധാരണത്തിൽ പ്രത്യക്ഷപ്പെട്ട കൃതി സനോൺ, സഹോദരനും വളർത്തുനായക്കും രാഖി കെട്ടുന്നതാണ് ചിത്രീകരിച്ചിരുന്നത്. സാരിയും ലെഹംഗയും ഉൾപ്പെടെ എത്രയോ മികച്ച പരമ്പരാഗത വസ്ത്രങ്ങൾ ലഭ്യമായിരിക്കെ, സ്വന്തം സഹോദരന് രാഖി കെട്ടുമ്പോൾ ബിക്കിന് വസ്ത്രം ധരിച്ചത് മനഃപൂർവം വികൃതമായ ആശയപ്രചാരണം നടത്താനാണെന്ന് കങ്കണ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ, വസ്ത്രധാരണത്തെ കുറിച്ചുള്ള വിമർശനങ്ങളെ ന്യായീകരിച്ച് കൃതി തന്നെ നേരിട്ട് രംഗത്തുവന്ന് ഒരു ദിവസം തികയുന്നതിനു മുമ്പാണ് ജ്വല്ലറി പരസ്യം പിൻവലിച്ചത്. പൊതുജനങ്ങളുടെയും ഉപഭോക്താക്കളുടെയും വികാരങ്ങളെ മാനിച്ചാണ് ഈ തീരുമാനമെന്ന് ജ്വല്ലറി അവരുടെ ഒദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ‘ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യങ്ങളോടും ഉത്സവങ്ങളോടും ഞങ്ങൾക്ക് അങ്ങേയറ്റത്തെ ആദരവും വലിയ ബഹുമാനവുമുണ്ട്. ഒരു ബ്രാൻഡ് എന്ന നിലയിൽ, ഈ സന്തോഷകരമായ നിമിഷങ്ങൾ മുഴുവൻ കുടുംബത്തോടുമൊപ്പം ആഘോഷിക്കാനും ഇത്തവണ ഈ സ്നേഹവും ആഘോഷവും നമ്മുടെ വളർത്തുമൃഗങ്ങളിലേക്കും വ്യാപിപ്പിക്കാനുമാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഞങ്ങളുടെ പുതിയ പരസ്യം സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ, അത് മനഃപൂർവം ആയിരുന്നില്ല. അവരോടുള്ള ആദരമായി, ഈ പരസ്യം എല്ലാ മാധ്യമങ്ങളിൽനിന്നും ഞങ്ങൾ പിൻവലിച്ചിരിക്കുന്നു. ഈ ഉത്സവകാലത്ത് നിങ്ങൾക്ക് എല്ലാവർക്കും സ്നേഹവും പോസിറ്റിവിറ്റിയും നേരുന്നു!’ -ഗിവ ജ്വല്ലറി പ്രസ്താവനയിൽ വ്യക്തമാക്കി

നേരത്തെ, രാഹുൽ ഗാന്ധി, കൃതി സനോണിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു. ഒരു സ്ത്രീ എന്ത് ധരിക്കണം, എവിടെ പോകണം എന്നത് അവളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പമാണ് "പുരുഷാധിപത്യം തകർക്കുക" എന്ന ഹാഷ്‌ടാഗ് രാഹുൽ ഉപയോഗിച്ചത്. ജൂലൈ 20നാണ് ഈ പരസ്യം പുറത്തിറങ്ങിയത്. അന്നുമുതൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. “ബിക്കിനിയിട്ട് ആരെങ്കിലും സഹോദരന് രാഖി കെട്ടിക്കൊടുക്കുമോ? എന്നും ഹൈന്ദവ ആചാരങ്ങളെ പരിഹസിക്കുന്നതാണ് പരസ്യമെന്നുമാണ് പലരും വിമർശിച്ചത്.

Show Full Article
TAGS:Kriti Sanon raksha bandhan rakhi 
News Summary - Kriti Sanon's controversial Raksha Bandhan ad pulled down after backlash
Next Story