മുഹമ്മദ് ഫൈസലിന്‍റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു; സെക്രട്ടറിയേറ്റ് പുതിയ വിജ്ഞാപനമിറക്കി
text_fieldsന്യൂഡൽഹി: എൻ.സി.പിയുടെ അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഫൈസലിന്‍റെ അയോഗ്യത റദ്ദാക്കി ലോക്സഭ സെക്രട്ടറിയേറ്റ് പുതിയ വിജ്ഞാപനമിറക്കി. വധക്കേസിൽ കുറ്റക്കാരനാണെന്ന ഹൈകോടതി വിധി സുപ്രീകോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് സെക്രട്ടറിയേറ്റിന്‍റെ നടപടി.
ഫൈസലിന്‍റെ ഹരജി പരിഗണിച്ച സുപ്രീംകോടതി ലക്ഷദ്വീപ് ഭരണകൂടം ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. നാലാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനാണ് കോടതി നിർദേശം.
മുഹമ്മദ് ഫൈസൽ, വധശ്രമക്കേസിൽ കുറ്റവാളിയാണെന്ന കവരത്തി കോടതി വിധി മരവിപ്പിക്കാത്ത കേരള ഹൈകോടതി ഉത്തരവാണ് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് സ്റ്റേ ചെയ്തത്.
മുൻ കേന്ദ്രമന്ത്രി പി.എം. സഈദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പുവേളയിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഫൈസലിനെയും കുടുംബത്തിലെ മൂന്നു പേരെയും കവരത്തി ജില്ല സെഷൻസ് 10 വർഷം തടവിന് ശിക്ഷിച്ചത്.
ഫൈസൽ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി നിർദേശ പ്രകാരം രണ്ടാമതും കേരള ഹൈകോടതി പരിഗണിച്ചിരുന്നു. ജയിൽ ശിക്ഷ സ്റ്റേ ചെയ്തെങ്കിലും കുറ്റവാളിയാണെന്ന വിചാരണ കോടതി വിധി ഹൈകോടതി മരവിപ്പിച്ചിരുന്നില്ല. തുടർന്ന് ലോക്സഭാ സ്പീക്കർ രണ്ടാമതും ഫൈസലിനെ അയോഗ്യനാക്കുകയായിരുന്നു.