313 കോടിയുടെ ഭൂമി കുംഭകോണം: രാജീവ് ചന്ദ്രശേഖരനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ പരാതി
text_fieldsരാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: ബി.ജെ.പി കേരള പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ 313 കോടിയുടെ ഭൂമി കുംഭകോണം നടത്തിയത് കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതി അഭിഭാഷകൻ കെ.എന്‍ ജഗദേഷ് കുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.
ബി.പി.എല്‍ ഇന്ത്യ ലിമിറ്റഡ്, അജിത് ഗോപാല്‍ നമ്പ്യാര്‍, അഞ്ജലി രാജീവ് ചന്ദ്രശേഖര്‍, രാജീവ് ചന്ദ്രശേഖര്‍, മുന്‍ മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു എന്നിവര്‍ക്കെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ, കർണാടക ലോക് അദാലത്, കർണാടക ഹൈകോടതി, സി.ബി.ഐ, ഇ.ഡി എന്നിവർക്ക് നൽകിയ പരാതികൾക്ക് പുറമെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അഭിഭാഷകൻ പരാതി സമർപ്പിച്ചത്.
ബി.പി.എൽ കളർ ടെലിവിഷൻ ട്യൂബുകളും ബാറ്ററികളും ഉണ്ടാക്കാനെന്ന് പറഞ്ഞ് കെ.ഐ.എ.ഡി.ബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ്) 1995-ൽ കർഷകരിൽ നിന്ന് തുഛവിലക്ക് ഏറ്റെടുത്തു നൽകിയ 175 ഏക്കറിൽ 149 ഏക്കർ ഭൂമി ബാങ്ക് ഓഫ് ബഹ്റൈനിലും ബാങ്ക് ഓഫ് കുവൈത്തിലും 2004-ൽ പണയം വെച്ചുവെന്ന് പരാതിയിലുണ്ട്.
വ്യവസായമുണ്ടാക്കാൻ എന്ന് പറഞ്ഞ് നേടിയെടുത്ത ഈ ഭുമി ബി.പി.എൽ ഇന്ത്യക്ക് വേണ്ടി വിൽപന നടത്താൻ കെ.ഐ.എ.ഡി.ബി ചുമതലയുണ്ടായിരുന്ന കർണാടക മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു അനുമതി നൽകിയെന്നും അങ്ങിനെ ആ ഭൂമി 275.47 കോടി രൂപക്ക് 2006-ൽ മാരുതി സുസുകിക്ക് വിറ്റുവെന്നും അഡ്വ. ജഗദേഷ് കുമാർ ബോധിപ്പിച്ചു. ഈ അനുമതി മന്ത്രിയിൽ നിന്ന് രാജീവ് ചന്ദ്രശേഖരൻ നേടിയെടുത്തത് തന്റെ രാഷ്ട്രീയ ബന്ധമുപയോഗിച്ചാണെന്നും പരാതിയിലുണ്ട്.
അവശേഷിച്ച ഭൂമിയിൽ 33 ഏക്കർ 2009-10 കാലയളവിൽ മാരുതി സുസുകിക്ക് 31 കോടി രൂപക്ക് വീണ്ടും വിറ്റു. ബാക്കി വന്ന 25 ഏക്കർ ഭൂമി 33.5 കോടി രൂപക്ക് 2011-ൽ ജിൻഡാൽ അലൂമിനിയം ലിമിറ്റഡിനും വിറ്റു.
വ്യവസായമുണ്ടാക്കാൻ ഭൂമി എന്ന പേരിൽ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ് 55 വർഷത്തിനുള്ളിൽ ഏറ്റെടുത്ത 1,55,000 ഏക്കർ ഭൂമിയിൽ 70 ശതമാനം ഇത് പോലുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കാണ് ഉപയോഗിച്ചതെന്നും പരാതിയിലുണ്ട്.
ബി.പി.എൽ ഇന്ത്യക്ക് വ്യവസായികാവശ്യത്തിന് നൽകിയ ഭൂമി ഇത്തരത്തിൽ മറിച്ചുവിൽക്കാൻ അനുമതി നൽകിയതിൽ അന്വേഷണം നടത്തണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
നിഷേധവുമായി ബി.പി.എൽ ലിമിറ്റഡ്
അതേസമയം പരാതി നിഷേധിച്ച് ബി.പി.എൽ വാർത്താകുറിപ്പിറക്കി. ബി.പി.എൽ കമ്പനിയിൽ നേരിട്ട് പങ്കില്ലാത്ത രാജീവ് ചന്ദ്രശേഖരനെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നും സുപ്രീംകോടതി തള്ളിക്കളഞ്ഞ കേസാണിതെന്നും കമ്പനി വ്യക്തമാക്കി.


