Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനക്കൂലിയിലെ കൊള്ള:...

വിമാനക്കൂലിയിലെ കൊള്ള: കേന്ദ്ര സർക്കാറിനെ ​പ്രതിരോധത്തിലാക്കി ഷാഫി പറമ്പിലിന്റെ പ്രമേയത്തിൽ വീണ്ടും ചർച്ച

text_fields
bookmark_border
വിമാനക്കൂലിയിലെ കൊള്ള: കേന്ദ്ര സർക്കാറിനെ ​പ്രതിരോധത്തിലാക്കി ഷാഫി പറമ്പിലിന്റെ പ്രമേയത്തിൽ വീണ്ടും ചർച്ച
cancel

ന്യൂഡൽഹി: അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിയന്ത്രിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി ഷാഫി പറമ്പിലിന്റെ പ്രമേയം ലോക്സഭ വീണ്ടും രണ്ടര മണിക്കൂർ നേരം ചർച്ചക്കെടുത്തു. സാധാരണ ഗതിയിൽ ഒരു സ്വകാര്യ പ്രമേയത്തിന് അനുവദിക്കുന്ന രണ്ട് മണിക്കൂർ ചർച്ച ചെയ്തു കഴിഞ്ഞ ഷാഫിയുടെ സ്വകാര്യ പ്രമേയത്തിൽ 12 ഭരണ പ്രതിപക്ഷ എം.പിമാർ കൂടി സംസാരിക്കാൻ ബാക്കിയുള്ള സാഹചര്യത്തിൽ വീണ്ടും ആ പ്രമേയത്തിൽ ചർച്ചക്ക് രണ്ട് മണിക്കൂർ കുടി സ്പീക്കർ ഓം ബിർള അനുവദിച്ചത്.

കേന്ദ്ര വ്യോമയാന മന്ത്രിയെ രണ്ടര മണിക്കൂറോളം സഭയിൽ ഇരുത്തിയായിരുന്നു ഷാഫിയുടെ പ്രമേയത്തിലുള്ള ലോക്സഭാ ചർച്ച. പ്രതിപക്ഷത്തുനിന്ന് കെ.സി വേണുഗോപാലും ഡീൻ കുര്യാക്കോസും മഹുവ മൊയ്ത്രയും ചന്ദ്രചശേഖർ ആസാദും അടക്കമുള്ളവർ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയപ്പോൾ ഭരണപക്ഷത്ത് നിന്ന് രാജീവ് പ്രതാപ് റൂഡിയും നിഷികാന്ത് ദുബെയും പ്രവീൺ പട്ടേലും സർക്കാറിന് തീർത്ത പ്രതിരോധം ദുർബലമായി.

കുടുംബത്തിനായി സ്വരുക്കൂട്ടിയത് എയർലൈൻ കമ്പനിക്ക് നൽകുന്നു

ഷാഫിയുടെ മണ്ഡലത്തിലെ ഓരോ കുടുംബത്തിലും ഒരാളെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്നവരാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയ കെ.സി വേണുഗോപാൽ, ഗൾഫുകാരെ കുറിച്ചുള്ള സങ്കൽപങ്ങൾ തിരുത്തണമെന്ന് സഭയോട് ആവശ്യപ്പെട്ടു. 70 ശതമാനത്തിലേറെ ഗൾഫുകാർ ലേബർ ക്യാമ്പുകളിലാണ് കഴിയുന്നത്. മൂന്നോ നാലോ വർഷം കൂടുമ്പോഴാണ് അവർ നാട്ടിൽ വരുന്നത്. അത് മൂലം അത്രയും കാലം കുടുംബത്തിനായി സ്വരുക്കൂട്ടിയത് എയർലൈൻ കമ്പനിക്ക് നൽകകേണ്ടി വരുന്നു. ഇതാണ് റിയൽ കേരള സ്റ്റോറി.

20 വർഷം മുമ്പ് മധ്യവർഗവും ഉപരിവർഗവും മാത്രമായിരുന്നു വിമാനമുപയോഗിച്ചിരുന്നത്. ഇന്ന് എല്ലാ സാധാരണക്കാരും വിമാനം യാത്രക്ക് ഉപയോഗിക്കുന്നവരാണ്. എന്തെങ്കിലും സർക്കാർ ചെയ്യേണ്ടതുണ്ട്. ഡി.ജി.സി.എക്ക് നിരീക്ഷിക്കാനുള്ള അധികാരമുണ്ട്. ഇക്കാര്യം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിളിപ്പിച്ചപ്പോൾ ഡി.ജി.സി.എ വ്യക്തമാക്കിയതാണെന്ന് പി.എ.സി ചെയർമാൻ കൂടിയായ വേണുഗോപാൽ പറഞ്ഞു.

കേരളത്തിൽ കുടുതലും പഠിപ്പും വിവരവുമുള്ളവരല്ലേ എന്ന് സ്പീക്കർ

കേരളത്തിലെ ഗൾഫുകാരിൽ 70 ശതമാനവും സാധാരണക്കാരെന്നും അവർ കഴിയുന്നത് ലേബർ ക്യാമ്പുകളിലാണെന്നും ​കെ.സി വേണുഗോപാൽ പറഞ്ഞപ്പോൾ അതിൽ വിശ്വാസം വരാതെ സ്പീക്കർ ഓം ബിർള. കേരളത്തിൽ കുടുതലും പഠിപ്പും വിവരവുമുള്ളവരല്ലേ എന്ന് സ്പീക്കർക്ക് സംശയം. ബിരുദധാരികളും ബിരുദാനന്തര ബിരുദക്കാരുമാണ് ഈ ലേബർ ക്യാമ്പുകളിൽ കഴിയുന്നതെന്നും ജീവിക്കാൻ അവർക്ക് മറ്റുവഴിയില്ലെന്നും വേണ​​ുഗോപാൽ മറുപടി നൽകി. താൻ ദുബൈയിൽ പോയ​പ്പോൾ ലേബർ ക്യാമ്പിൽ പോയ കാര്യം ഓർമിപ്പിച്ച് കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് ഇക്കാര്യം നന്നായറിയാമെന്നും സ്പീക്കറോട് വേണുഗോപാൽ പറഞ്ഞു.

കോഴിക്കോടിനെ മാത്രം ശിക്ഷിക്കുന്നതെന്തിന്?

കൊച്ചിയിൽനിന്ന് ജിദ്ദയിലേക്ക് 60,000 രൂപ വാങ്ങുന്ന ദിവസം അതി​നേക്കാൾ ദൂരം കുറവായിട്ടും കോഴിക്കോടുനിന്ന് ഒരുലക്ഷം രൂപ ഈടാക്കുകയാണ്. ഇതുമൂലം കോഴിക്കോട്ടെ യാത്രക്കാൻ കണ്ണൂരിലേക്കോ കൊച്ചിയിലേക്കോ പോകേണ്ടി വരികയാണെന്ന് പറഞ്ഞ വേണുഗോപാൽ അവരെ ശിക്ഷിക്കുന്നതെന്തിനാണെന്ന് ചോദിച്ചു. ഉത്സവ സീസണിലേയും അവധിക്കാലത്തേയും അനിയന്ത്രിതമായ വിമാന ടിക്കറ്റ് വര്‍ധനതടയാന്‍ നടപടി വേണമെന്ന് പ്രമേയ ചർച്ചയിൽ ഡീൻ കൂര്യാക്കോസ്ആവശ്യപ്പെട്ടു. ഫ്ലക്സി ഫെയറിന്റെ പേരിൽ നടക്കുന്നത് ചൂഷണമാണെന്നും സർക്കാർ സ്വത്ത് സ്വകാര്യ കമ്പനികൾക്ക് കൊള്ളയടിക്കാനായി കൊടുക്കരുതെന്നും ബിഹാറിൽ നിന്നുള്ള സി.പി.ഐ (എം.എൽ) എം.പി രാജ റാം സിംഗ് അഭിപ്രായപ്പെട്ടു

Show Full Article
TAGS:Shafi Parambil lok sabha 
News Summary - Lok Sabha Discussed Flight Ticket Rate Hike on Shafi Parambil's resolution
Next Story