ഒപ്പിട്ടതിനെ ന്യായീകരിച്ചും മുന്നണി മര്യാദയിൽ ഉത്തരമില്ലാതെയും എം.എ. ബേബി
text_fieldsന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് അത് നടപ്പാക്കണമെന്നില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. എൻ.ഇ.പി പദ്ധതിയായ ‘പി.എം ഉഷ’ കേരളം ഒപ്പിട്ട പോലെ പി.എം ശ്രീയില്‍ ഒപ്പിട്ടാലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയവത്കരണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.എം ശ്രീയിൽ പറയുന്ന മിക്ക കാര്യങ്ങളും ഇടതുപക്ഷ മുന്നണി സർക്കാർ കേരളത്തിൽ നടപ്പാക്കിയതാണെന്നും ‘പി.എം ശ്രീ’ അടുത്ത വർഷമാകുമ്പോഴേക്കും തീരാൻ പോകുകയാണെന്നും ബേബി ന്യായീകരിച്ചു.
ചോദ്യം: ഇടതു മുന്നണി ചർച്ച ചെയ്യുമെന്ന് പറഞ്ഞ ‘പി.എം ശ്രീ’ ചർച്ച ചെയ്യാതെ കേരളം ഒപ്പിട്ടതെന്തുകൊണ്ടാണ്?
എം.എ ബേബി: ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെ സി.പി.ഐയുടെ രണ്ട് നേതാക്കൾ ഇവിടെ വന്ന് സംസാരിച്ചു. ഞങ്ങളുടെ രണ്ട് പാർട്ടികളുടെയും സംസ്ഥാനഘടകങ്ങൾ വിഷയം ചർച്ച ചെയ്ത് ഒരു തീരുമാനമെടുക്കും എന്നതാണ് ഞങ്ങളെടുത്ത തീരുമാനം. എങ്ങിനെയാണ് ഇത് ചർച്ച ചെയ്ത് പരിഹരിക്കേണ്ടത് എന്ന് അവിടെ തീരുമാനിക്കേണ്ട കാര്യമാണ്. സി.പി.ഐ സി.പി.ഐയുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. സി.പി.ഐ പ്രശ്നമായി അവതരിപ്പിച്ച വിദ്യാഭ്യാസത്തിന്റെ വർഗീയ വൽക്കരണത്തിലും കച്ചവടവൽക്കരണത്തിലും കേന്ദ്രീകരണത്തിലും സി.പി.എമ്മിന് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം അടിയന്തിരാവസ്ഥക്കാലത്ത് സംഭവിച്ചതാണ്. 42-ാം ഭരണഘടനാ ഭേദഗതി പാസാക്കി. ആരൊക്കെ അതിനെ എതിർത്തു ആരൊക്കെ ജയിലിൽ കിടന്നു അടിയന്തിരാവസ്ഥയെ എതിർത്തു എന്നീ വിഷയങ്ങളുണ്ട്. സംസ്ഥാന പട്ടികയിലായിരുന്ന വിദ്യാഭ്യാസത്തെ ഇന്ദിരാഗാന്ധി സമവർത്തി പട്ടികയിലാക്കിയപ്പോൾ തുടങ്ങിയ കേന്ദ്രീകരണത്തെയാണ് മോദി കേന്ദ്ര പട്ടിക എന്ന നിലക്ക് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. അതിനെതിരായ സമരം തുടരണം. വർഗീയവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനുമെതിരായ പോരാട്ടം തുടരണം. പി.എം ശ്രീയിൽ പറയുന്ന മിക്ക കാര്യങ്ങളും ഇടതുപക്ഷ മുന്നണി സർക്കാർ കേരളത്തിൽ നിർവഹിച്ചതാണ്. സ്മാർട്ട് ക്ലാസ് റൂമുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ എന്നിവയെല്ലാം. ഇവയെ മുന്നോട്ടുകൊണ്ടുപോകണം. ‘പി.എം ശ്രീ’ അടുത്ത വർഷമാകുമ്പോഴേക്കും തീരാൻ പോകുകയാണ്. തീരാൻ പോകുന്ന പദ്ധതിയിൽ ഒപ്പിടേണ്ടി വന്നതെന്തുകൊണ്ടാണ്? ഇതിൽ ഒപ്പിടുന്നില്ലെന്ന് പറഞ്ഞ് കൊണ്ട് അവർ ശിക്ഷ അടക്കമുളള കേരളത്തിലെ പദ്ധതികൾക്കുള്ള സഹായം കണ്ണിൽ ചോരയില്ലാതെ തടയുകയാണ്. അത് മറികടക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്നാണ് സംസ്ഥാന സർക്കാറിൽ നിന്ന് ഞങ്ങൾ മനസിലാക്കിയത്.
ചോദ്യം: അത് ഒപ്പിടുന്നതോടെ എൻ.ഇ.പി നടപ്പാക്കാൻ ബാധ്യസ്ഥമാകില്ലേ?
എം.എ ബേബി: ഒപ്പിട്ടുകഴിഞ്ഞാൽ നടപ്പാക്കേണ്ടി വരുമോ എന്നതിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ ‘പി.എം ഉഷ’ എന്ന പദ്ധതി എടുത്താൽ മതി. പ്രൊഫസർ ബിന്ദു ബി.ജെ.പി മന്ത്രി ധർമേന്ദ്ര പ്രധാനുമായി അത് ഒപ്പിട്ടത് കൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വല്ല വർഗീയവൽക്കരണവും പാഠപുസ്തകങ്ങളിലൂടെ കടന്നുകൂടിയിട്ടുണ്ടോ? ഇല്ല. ആ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിൽ ഒപ്പിടുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസത്തെ വർഗീയവൽക്കരണത്തിനെറ പിടിയിൽപ്പെടാതെ പിടിച്ചുനിർത്താനും കച്ചവടവൽക്കരണത്തിൽ നിന്നും തടുത്തു നിർത്താനും കഴിയും. ആ ഉറപ്പോടു കൂടിയാണിത് ചെയ്തിരിക്കുന്നത്. പക്ഷെ സി.പി.ഐ സുഹൃത്തുക്കൾക്ക് ഇതിനെ കുറിച്ച് ഉൽക്കണ്ഠയുണ്ട്. സഖാവ് ബിനോയ് വിശ്വം അടക്കമുള്ളവർ പത്രസമ്മേളനം നടത്തി അത് പറഞ്ഞു. ഇത് ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കണം. കേരളത്തിലെ ഇടതു ഗവൺമെന്റിന്റെ ഘടനക്കുള്ളിൽ നിന്നു കൊണ്ട് എങ്ങിനെ നടപ്പാക്കുമെന്ന് ഇരു പാർട്ടികൾ തമ്മിലും മറ്റു ഘടകകക്ഷികളുമായും ചർച്ച ചെയ്യും.
ചോദ്യം: പി.എം ശ്രീ ഒപ്പിടും മുമ്പ് മുമ്പ് താങ്കൾ അറിഞ്ഞിരുന്നോ? അതിന് മുമ്പായിരുന്നില്ലേ ചർച്ച വേണ്ടിയിരുന്നത്?
എം.എ ബേബി: ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവ വികാസത്തിന് പരിഹാരം കണ്ടെത്താൻ ഇരു പാർട്ടികളും ഈ നിലയിലാണ് മുന്നോട്ടു പോകുന്നത്. ബാക്കിയുള്ള ചോദ്യങ്ങളും നിരീക്ഷണങ്ങളുമെല്ലാം നിങ്ങൾക്ക് നടത്താം.
ചോദ്യം: മുന്നണി മര്യാദ പാലിച്ചില്ലെന്നാണല്ലോ സി.പി.എമ്മിനെതിരായ ആക്ഷേപം?
എം.എ ബേബി: ഇക്കാര്യങ്ങളെല്ലാം കേരളത്തിൽ ചർച്ച ചെയ്യാൻ പോകുകയാണ്. ഒരു പ്രശ്നമുണ്ടായാൽ അത് പരിഹരിക്കുന്നതിൽ മാധ്യമങ്ങൾ സഹകരിക്കണം.
ചോദ്യം: സി.പി.ഐക്ക് മാത്രമാണോ ഉൽക്കണ്ഠ? സി.പി.എമ്മിന് ഉൽക്കണ്ഠയില്ലേ?
എം.എ ബേബി: ഇതെങ്ങിനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ് ‘പി.എം ഉഷ’ പദ്ധതി പോലെ സി.പി.എമ്മിന് നല്ല അനുഭവ സമ്പത്തുണ്ട്.
ചോദ്യം: പി.എം ഉഷ പോലെയാണോ ‘പി.എം ശ്രീ’ ?
എം.എ ബേബി: അത്തരം ചർച്ചകളിലേക്കെല്ലാം പിന്നീട് നമുക്ക് പോകാം. ഈ ഒപ്പിട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസത്തിൽ ഒരു വർഗീയവൽക്കരണവും ഉണ്ടാകില്ല.


