Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മാന്ത്രികന്റെ...

‘മാന്ത്രികന്റെ തന്ത്രങ്ങൾ തീർന്നു, ഇ​പ്പോൾ അയാളുടെ ഉള്ളിലിരിപ്പ് മനസിലാകും’; വനിതാ ബില്ലിൽ മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: വനിത സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദിയെയും കേന്ദ്രസർക്കാറിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘മാന്ത്രികന്റെ തന്ത്രങ്ങൾ തീർന്നു’ യുവ ഇന്ത്യക്ക് ​ഇപ്പോൾ ‘അയാളുടെ ഉള്ളിലിരിപ്പ് തിരിച്ചറിയാൻ’ കഴിയുമെന്ന മുന്നറിയിപ്പും നൽകി. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ രൂക്ഷമായി വിമർശിച്ച രാഹുൽ, സ്ത്രീ ശാക്തീകരണത്തിനായുള്ള വിശാലമായ കാഴ്ചപ്പാടും വിവരിച്ചു. ‘രണ്ട് കാര്യങ്ങൾ വ്യക്തമാണ്. 1. മാന്ത്രിക​ന്റെ തന്ത്രങ്ങൾ തീർന്നു. യുവ ഇന്ത്യക്ക് ഇപ്പോൾ അയാളുടെ ഉള്ളിലിരിപ്പ് തിരിച്ചറിയാൻ കഴിയും. 2. ​ജെൻ സി നമ്മുടെ ഭാവിയാണ്. ജെൻ സീയെ സ്ത്രീകൾ നയിക്കും. അവർക്കായി എല്ലാ വാതിലുകളും തുറക്കേണ്ടത് നമ്മുടെ കടമായാണ്’ - വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിന് ശേഷം രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

വനിത സംവരണ ബില്ലിനെയല്ല എതിർക്കുന്നതെന്നും അതിന്റെ മറവിൽ അതിർത്തി നിർണയത്തിലൂടെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരുത്തുന്നതിനെയാണെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. നിലവിലുള്ള 543 സീറ്റുകളിൽ മൂന്നിലൊന്ന് സ്‍ത്രീകൾക്ക് നൽകണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ അവർ അത് ചെയ്തില്ല. യഥാർഥത്തിൽ ഇത് വനിത ബിൽ അല്ല, അതിർത്തി നിർണയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ശ്രദ്ധാപൂർവ്വം പരിഗണിക്കാതെ സീറ്റ് വിഭജനത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പ്രാദേശിക സംഘർഷങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പും അദ്ദേഹം നൽകി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം കുറക്കുകയും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ആഗ്രഹം. അനന്തരഫലങ്ങൾ ശ്രദ്ധാപൂർവ്വം കണക്കിലെടുക്കാതെ ഇന്ത്യയിലെ സീറ്റുകളുടെ എണ്ണം മാറ്റിയാൽ, തെക്കും വടക്കും തമ്മിലുള്ള സംഘർഷത്തിന് സാധ്യതയുണ്ടെന്നും ഗാന്ധി പറഞ്ഞു. 2023ൽ പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കിയെങ്കിലും, 10 വർഷത്തേക്ക് അത് നടപ്പാക്കാൻ സാധ്യതയില്ലെന്ന് സർക്കാർ സൂചിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവതികൾക്ക് നിർണായക പങ്കുണ്ടെന്ന് ചർച്ചക്കിടെ ഗാന്ധി പറഞ്ഞു. ‘എന്നെ സംബന്ധിച്ചിടത്തോളം, പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ ഇടം ഉണ്ടായിരിക്കണം. സ്ത്രീകളുടെ ഫലപ്രാപ്തിയും ശക്തിയും പുരുഷന്മാരേക്കാൾ മികച്ചതാണെന്ന് അനുഭവത്തിൽ നിന്ന് ഞാൻ വിശ്വസിക്കുന്നു. അവർ കൂടുതൽ ഫലപ്രദരാണ്’ -അദ്ദേഹം പറഞ്ഞു.

വിവിധ പാർട്ടികളിലെ വനിതാ നേതാക്കളെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു. ‘ഞാൻ അവരുടെ ഒരു എതിരാളിയാണ്, പക്ഷേ മായാവതി യു.പി രാഷ്ട്രീയത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അവർ വർഷങ്ങളോളം ഉത്തർപ്രദേശിന്റെ രാഷ്ട്രീയത്തെ അടിസ്ഥാനപരമായി മാറ്റിമറിച്ചു. ജയലളിത ഒരു അസാധാരണ നേതാവായിരുന്നുവെന്ന് ഞാൻ കരുതുന്നു’ -രാഹുൽ ഗാന്ധി പറഞ്ഞു.

ആർ.എസ്.എസിനെതിരെ രൂക്ഷവിമർശനവും രാഹുൽ ഗാന്ധി നടത്തി. ‘ആർ‌.എസ്‌.എസ് യഥാർഥത്തിൽ മഹാരാജാവിന്റെ ഉദ്യോഗസ്ഥവൃന്ദമായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഉദ്യോഗസ്ഥവൃന്ദമായിരുന്നു. ആർ.‌എസ്‌.എസിന് എപ്പോഴും പങ്കാളികളുണ്ടായിരുന്നു, പങ്കാളികൾ മഹാരാജാക്കന്മാരും ഉദ്യോഗസ്ഥവൃന്ദവുമായിരുന്നു’ അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:Women Reservation Bill Rahul Gandhi Narendra Modi BJP Congress 
News Summary - Magician has no tricks Rahul Gandhi takes swipe at PM Modi over womens bill
Next Story