ലഡാക് സംഘർഷത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം
text_fieldsന്യൂഡൽഹി: ലഡാക്കിൽ നാലുപേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവെപ്പിനെയും സംഘർഷത്തെയുംകുറിച്ച് സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണത്തിന് മുറവിളി ഉയരുന്നതിനിടെ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ലഡാക് ഭരണകൂടം ഉത്തരവിട്ടു.
സംഘർഷത്തിനു കാരണം എന്താണെന്നും ഉത്തരവാദികളാരെന്നും അന്വേഷിക്കുന്ന നുബ്റ സബ് ഡിവിഷനൽ മജിസ്ട്രേറ്റും ഐ.എ.എസ് ഓഫിസറുമായ മുകുൾ ബെനിവാൾ വിഷയം കൈകാര്യം ചെയ്തതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. നാലാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അതിനിടെ ലഡാക്കിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചവരിൽ 26 പേരെ കോടതി ജാമ്യം നൽകി വിട്ടയച്ചു. 30 പേർ ഇനിയും തടവിൽ കഴിയുകയാണ്.
പൂർണ സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടിക സംരക്ഷണവും ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയായിരുന്ന സോനം വാങ്ചുക് അടക്കമുള്ളവരെ ജയിലിൽനിന്ന് വിട്ടയക്കാതെ സമാധാന ചർച്ചയിൽനിന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ലേ അപെക്സ് ബോഡിയും കടുത്ത നിലപാട് എടുത്തതിനു പിന്നാലെയാണ് 26 പേരെ തടവിൽനിന്ന് വിട്ടയച്ചത്.


