മഹാരാഷ്ട്രയിൽ മഹായുതിക്കുണ്ടായത് അപ്രതീക്ഷിത കുതിപ്പ്
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഒട്ടും പ്രതീക്ഷിക്കാത്ത കുതിപ്പാണ് ബി.ജെ.പി നയിക്കുന്ന മഹായുതി മുന്നണിക്ക് ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ആയിരുന്ന പ്രതിപക്ഷ മുന്നണിക്ക് (എം.വി.എ) കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം നൽകിയത്. അവസാനഘട്ടത്തിൽ മഹായുതി സർക്കാർ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ തരംഗമായി മാറി എന്നാണ് പ്രഥമ നിരീക്ഷണം.
പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുന്ന ലഡ്കി ബെഹൻ പദ്ധതി കുറിക്കു കൊണ്ടുവന്നാണ് ഫലം സൂചിപ്പിക്കുന്നത്. അധികാരത്തിൽ തിരിച്ചെത്തിയാൽ തുക 2100 ആക്കി ഉയർത്തുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനവും നൽകിയിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിപ്പുറം ഏറ്റവും കൂടിയ പോളിങ്ങാണ് നിയമസഭ തെരഞ്ഞെടുപ്പിൽ (65%) കണ്ടത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീ വോട്ടുകളാണ് കൂടുതൽ. നഗരങ്ങളിലേതിനേക്കാൾ ഗ്രാമങ്ങളിലാണ് സ്ത്രീ വോട്ട് വർധിച്ചത്. മുംബൈയിൽ ടോൾ ഒഴിവാക്കിയതും ജനങ്ങളെ സ്വാധീനിച്ചു. സംവരണ വിഷയങ്ങളിൽ ഭിന്നിച്ചു നിന്ന ജാതി സമുദായ വോട്ട് ബാങ്കുകളെ ഹിന്ദുത്വ മുദ്രാവാക്യങ്ങളിലൂടെ ബി.ജെ.പിക്ക് ഒന്നിപ്പിക്കാനായി എന്നും കരുതുന്നു. ബിജെപിക്ക് വേണ്ടി ഇത്തവണ ആർ.എസ്.എസ് തുനിഞ്ഞിറങ്ങുകയുംചെയ്തു.
ജാതി സെൻസസ്, മൊത്ത സംവരണ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് എം.വി.എ നൽകിയത്. മഹായുതി ലഡ്കി ബെഹൻ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ രാഷ്ട്രീയ കാലാവസ്ഥയിൽ മാറ്റം വന്നത് എം.വി.എ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ എം.വി.എ വാഗ്ദാനം ചെയ്തു.
എന്നാൽ കഴിഞ്ഞ മൂന്നുമാസമായി മഹായുതി പദ്ധതി പ്രകാരം പണം വിതരണം ചെയ്തു തുടങ്ങിയിരുന്നു. അതുകൊണ്ടാകാം എം. വി.എയുടെ തുക കൂട്ടിയ വാഗ്ദാനം ഏശാതെപോയതെന്ന് കരുതുന്നു. മഹായുതി 219 സീറ്റിലും എം വി എ 52 സീറ്റിലും ലീഡ് ചെയ്യുകയാണ്. തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.