‘കേരളം’ എന്നാക്കിയതിൽ മോദിയെ നേരിൽ കണ്ട് നന്ദി അറിയിച്ച് മലയാള സാഹിത്യകാരന്മാർ
text_fieldsവി. മധുസൂദനന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എ.എം. ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് മൂത്തേടത്ത് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റാന്‍ അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ഏതാനും മലയാള സാഹിത്യകാരന്മാർ നന്ദി അറിയിച്ചു. വി. മധുസൂദനന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എ.എം ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് മൂത്തേടത്ത് എന്നിവരാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനൊപ്പം മോദിയെ സന്ദര്‍ശിച്ച് നന്ദി അറിയിച്ചത്.
കേരളം എന്ന് മലയാളത്തിലും ഹിന്ദിയിലും എഴുതിയ ഉപഹാരം ഇവർ പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. മാതൃ ഭാഷാ ബില്‍ യാഥാര്‍ഥ്യമാക്കുന്നതിന് മുന്‍ കൈയെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഒരു പുതിയ അനുഭവമായിരുന്നുവെന്നും ഇത്ര വിനയാന്വിതനായ ഒരു നേതാവിനെ കണ്ടിട്ടില്ലെന്നും ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി തങ്ങള്‍ക്കൊപ്പമിരുന്ന് നടത്തിയത് ഒരു സാഹിത്യ ചര്‍ച്ചയായിരുന്നു.
ഭാഷകളെയും സംസ്‌കാരത്തെയും കുറിച്ചുള്ള ചര്‍ച്ചയായിരുന്നു. മോദി യഥാര്‍ഥ യോഗിയാണെന്നും വാതില്‍ വരെ വന്ന് യാത്രയാക്കിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിവസമാണ്. സാഹിത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. എന്തു കൊണ്ടാണ് മോദി ഒരു ലോകനേതാവായതെന്ന് കൂടിക്കാഴ്ചയിലൂടെ ബോധ്യമായി. വെറുതെയല്ല ട്രംപ് അദ്ദേഹത്തെ ഭയക്കുന്നതെന്നും തമ്പി കൂട്ടിച്ചേർത്തു.
കേരളം എന്ന പേരുമാറ്റം നാടിന്റെ ആത്മാവിനെ വീണ്ടെടുക്കുന്നതിനുള്ള തുടക്കമാണെന്ന് കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ പി. ശ്രീകുമാറും പങ്കെടുത്തു.


