Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.ഐ.ആർ...

എസ്.ഐ.ആർ വെല്ലുവിളി​കളെ നേരിടാൻ എ.ഐയെ കൂട്ടുപിടിച്ച് മമതയുടെ പ്രതിരോധം, സ്ഥിരീകരിച്ചത് 90,000 പിഴവുകൾ!

text_fields
bookmark_border
Mamata Banerjee fights SIR with AI
cancel
camera_alt

മമത ബാനർജി

ന്ത്യൻ ജനാധിപത്യത്തിൽ പൗരന്റെ വോട്ടാണ് നിർണായക ചാലകശക്തി. അതിനെ നിയന്ത്രിക്കാനും വരുതിയിലാക്കാനുമുള്ള ശ്രമങ്ങളിലാണ് വർത്തമാന കാലത്ത് രാഷ്ട്രീയ പാർട്ടികളടക്കമുള്ളവർ. രാജ്യവ്യാപകമായി എസ്.​ഐ.ആർ നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ അട്ടിമറി നീക്കങ്ങൾക്ക് തടയിടാൻ നിർമിത ബുദ്ധിയുടെ പിന്തുണ തേടുകയാണ് മമത ബാനർജി.

ഒരു​പക്ഷേ, രാജ്യത്ത് നിർമിത ബുദ്ധിയുടെ സഹാ​യത്തോടെ ഇത്തരത്തിൽ പ്രതിരോധം തീർക്കുന്ന ആദ്യസംസ്ഥാനങ്ങളിലൊന്നാവും പശ്ചിമബംഗാൾ.

പ്രത്യേക തീവ്ര പരിഷ്‌കരണത്തിന് (എസ്‌.ഐ.ആര്‍) മാസങ്ങൾക്ക് മുമ്പ്, 2025ന്റെ തുടക്കത്തിൽ തന്നെ പശ്ചിമബംഗാളിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടർപട്ടികയിൽ ക്രമക്കേടുകൾക്ക് ശ്രമം നടക്കുന്നതായി മമത ആരോപിച്ചിരുന്നു. ആഴത്തിലുള്ള ക്രമക്കേടാണ് നടക്കുന്നതെന്നും യഥാർഥ വോട്ടർമാരെ നീക്കി പുറംനാട്ടുകാരെ പട്ടികയിൽ ഉൾപ്പെടുത്തുകയാണെന്നും ഉദാഹരണ സഹിതം മമത ആരോപിച്ചിരുന്നു.

അട്ടിമറി തടയാൻ എ.ഐ പ്രതിരോധം

കേവലം ആരോപണം ഉന്നയിച്ച് മാറി നിൽക്കുന്നതിന് പകരം എ.ഐ സാ​ങ്കേതിക വിദ്യയുടെ സാധ്യതകൾ ​ഉപയോഗപ്പെടുത്തി പ്രതിരോധവഴികൾ തേടുകയായിരുന്നു മമത ചെയ്തത്. പിന്നാലെ, ‘ബംഗ്ളാർ വോട്ടർ രക്ഷ (ബി.വി.ആർ)’ എന്ന് പേരിട്ട പദ്ധതിക്ക് തൃണമൂൽ കോൺഗ്രസ് തുടക്കം കുറിച്ചു. സാ​ങ്കേതിക വിദ്യ ഉപയോഗിച്ച് ടി.എം.സിയുടെ ഏറ്റവും ഫലപ്രദമായ കാമ്പയിനുകളിലൊന്നായി ബി.വി.ആർ വളർന്നു.

അട്ടിമറി ശ്രമങ്ങളെ കുറിച്ച് മമത പലതവണ നൽകിയ മുന്നറിയിപ്പുകൾ തെരഞ്ഞെടുപ്പ് കമീഷൻ നിരസിക്കുകയായിരുന്നുവെന്ന് ടി.എം.സി നേതൃത്വം പറയുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾ സാധൂകരിക്കാൻ തെളിവുകൾ സമാഹരിക്കാൻ പാർട്ടി പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചത്. തുടർന്ന്, സാ​ങ്കേതിക വിദഗ്ദരുടെയും നിർമിത ബുദ്ധിയുടെയും സഹായത്തോടെ 2002 മുതലുള്ള വോട്ടർപട്ടികകൾ താരതമ്യം ചെയ്യുകയും ആളുകളുടെ എണ്ണത്തിലും വോട്ടിങ് പ്രവണതകളിലുമുണ്ടായ മാറ്റങ്ങൾ വിലയിരുത്തുകയും ചെയ്തു.

തങ്ങളുടെ ശക്തികേന്ദ്രങ്ങളടക്കം സംസ്ഥാനത്തെ മണ്ഡലങ്ങളിൽ പുതുതായി തയ്യാറാക്കിയ വോട്ടർ പട്ടികകളിൽ ഒരുലക്ഷത്തിലധികം ക്രമക്കേടുകളാണ് ഇതോടെ തൃണമൂൽ കോൺഗ്രസിന് ചൂണ്ടിക്കാട്ടാനായത്. ഇത് താരതമ്യേന ചെറിയ സംഖ്യയാണെങ്കിലും പ്രധാന മണ്ഡലങ്ങളിൽ തങ്ങളുടെ നിർണായക വോട്ടുകളെ ദുർബലപ്പെടുത്താനുള്ള നീക്കമായാണ് വിലയിരുത്തുന്ന​തെന്നാണ് ടി.എം.സിയുടെ വിലയിരുത്തൽ.

വലിയ പരിശ്രമങ്ങൾ

ഏപ്രിൽ പകുതി മുതൽ മെയ് അവസാനം വരെ ടി.എം.സി സംഘടിപ്പിച്ച കാമ്പയിനിൽ 80,000ലധികം ബൂത് ലെവൽ ഏജന്റുമാരും 10,000ലധികം സജീവ പ്രവർത്തകരും പങ്കാളികളായി. ഇവരുടെ നേതൃത്വത്തിൽ മൂന്ന് ദശലക്ഷത്തോളം വീടുകളിൽ നേരിട്ടെത്തി വോട്ടർമാരെ കണ്ട് വിവരങ്ങൾ സ്ഥിരീകരിച്ചു. കാമ്പയിൻ 98ശതമാനം പൂർത്തിയാ​യപ്പോൾ 90,000 പിശകുകൾ സ്ഥിരീകരിച്ചതായി പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പൊളിറ്റിക്കൽ കൺസൾട്ടൻസിയായ ഐപാകുമായി (IPAC) ചേർന്നായിരുന്നു ടി.എം.സി കാമ്പയിൻ.

പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ പുറത്തിറക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറെടുക്കുന്നതിനിടെ രണ്ടാം ഘട്ട കാമ്പയിന് ഒരുങ്ങുകയാണ് ടി.എം.സി. ഏറ്റവും പുതിയ വോട്ടർ പട്ടികയെ 2002​ലേതുമായി താരതമ്യപ്പെടുത്തി രണ്ടുപതിറ്റാണ്ടിലെ മാറ്റങ്ങൾ പഠിക്കാനാണ് പാർട്ടിയുടെ ശ്രമം. ഇത് വരും തെരഞ്ഞെടുപ്പുകളിൽ കൃത്യമായ രാഷ്ട്രീയ നയവും നീക്കങ്ങളും ഉറപ്പുവരുത്താൻ സഹായിക്കുമെന്നാണ് ടി.എം.സി നേതൃത്വത്തിന്റെ പ്രതീക്ഷ.

2002ന് ശേഷം ബംഗാളി​ലെ നിയമസഭ മണ്ഡലങ്ങളുടെയും ബൂത്തുകളുടെയും അതിർത്തികൾ പുനർനിർണയിക്കപ്പെട്ടിട്ടുണ്ട്. ഉത് മറികടക്കാൻ സാ​ങ്കേതിക വിദ്യ ഉപയോഗിച്ച് പേരുകളും വിലാസങ്ങളുമടക്കം വിശദാംശങ്ങൾ കൃത്യമായി മാപ്പ് ചെയ്യാനാണ് പാർട്ടിയുടെ എ.​ഐ വിഭാഗത്തിൻറെ ശ്രമം. ഇതിനായി വിവിധ ഡാറ്റ മോഡലുകൾ ഉപയോഗിച്ച് നിർമിത ബുദ്ധിയെ പരിശീലിപ്പിച്ച് വരികയാണെന്ന് പദ്ധതിയുടെ ഭാഗമായ ഡാറ്റ കോർഡിനേറ്റർമാർ വ്യക്തമാക്കുന്നു. വോട്ടർമാരിൽ സ്ഥലം മാറുന്നതും പേരുവെട്ടിനീക്കപ്പെടുന്നതും തമ്മിൽ കൃത്യമായി വേർതിരിച്ച് കണ്ടെത്താനാവുന്ന രീതിയിലാണ് നിർമിത ബുദ്ധിയെ സജ്ജീകരിക്കുന്നത്. കൃത്യമായ ഇടപെടൽ ഉറപ്പിക്കാൻ ഇത് സഹായിക്കും.

പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ ചട്ടുകമാവുന്നു​വെന്ന രീതിയിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ മമത ആവർത്തിക്കുന്ന ആരോപണങ്ങൾക്ക് ഡാറ്റ പിൻബലമാവുമെന്നാണ് ടി.എം.സി നേതൃത്വത്തിന്റെ പ്രതീക്ഷ.

ഉയരുന്ന ആശങ്കകൾ

പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടക്കുമ്പോൾ വോട്ടർ പട്ടികയിലുള്ളവരിൽ 45 ശതമാനത്തോളം പേർ ഒഴിവാക്കപ്പെട്ടേക്കുമെന്നാണ് ആശങ്കയുയരുന്നത്. ബൂത്തുതലത്തിൽ 2002 ലെ പട്ടികയുമായി ഒത്തുനോക്കിയപ്പോൾ 55 ശതമാനം പേർക്ക് മാത്രമാണ് യോഗ്യതയുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2002ലാണ് സംസ്ഥാനത്ത് ഇതിനു മുമ്പ് വോട്ടർ പട്ടിക പരിഷ്‍കരിച്ചത്. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്ത് ഇത്തണ എസ്.ഐ.ആർ നടത്തുമ്പോൾ 2002 ലെ പട്ടികയിൽ പേരുള്ളവരെയോ മാതാപിതാക്കളുടെ പേരുള്ളവരെയോ മാത്രമാണ് യോഗ്യതയുള്ള വോട്ടർമാരായി പരിഗണിക്കുക. അല്ലാത്തവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കണമെങ്കിൽ വിലാസവും പൗരത്വവും തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കുന്ന 12 രേഖകളിൽ ഒരെണ്ണം സമർപ്പിക്കണം.

2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവർ താമസസ്ഥലവും വിലാസവും മാറിയവരാണ്. മറ്റൊരു വിഭാഗം 2002ന് ശേഷം തനിച്ചോ കുടുംബമായോ ബംഗാളിൽ താമസം തുടങ്ങിയവരാണ്. ഈ രണ്ട് വിഭാഗങ്ങളും കൂടി 20 ശതമാനം വരും. അപ്പോഴും 25 ശതമാനത്തോളം (രണ്ടു കോടി വോട്ടർമാർ) പേരുടെ കാര്യം അനിശ്ചിത്വത്തിലാകും. അവർ എവിടെനിന്ന് വന്നവരാണെന്ന് തെളിയിക്കണം.

ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാതെ വരുന്നവരെ പട്ടികയിൽ പെടുത്താതെ ഒഴിവാക്കേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് ഒന്നരക്കോടിയോളം വ്യാജ വോട്ടർമാർ ഉണ്ടെന്നും അനധികൃത കുടിയേറ്റക്കാരെ വ്യാജ രേഖകളുണ്ടാക്കി തൃണമൂൽ കോൺഗ്രസ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.

Show Full Article
TAGS:Mamatha banrji West Bengal SIR 
News Summary - Mamata Banerjee fights SIR with AI
Next Story