കെട്ടിപ്പിടിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ മതം ചോദിച്ചിരുന്നോ? മോദിയെ പരിഹസിച്ച് മമത
text_fieldsകൊൽക്കത്ത: കേന്ദ്രസർക്കാറിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ കെട്ടിപ്പിടിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ മതം ചോദിച്ചോ എന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മമത പരിഹസിച്ചു. ബോൽപൂരിൽ നടന്ന 'ഭാഷ ആന്ദോള'നിൽ സംസാരിക്കവെ, ബംഗാളി സ്വത്വം ഇല്ലാതാക്കാനും പിൻവാതിലിലൂടെ പൗരത്വ നിയമം നടപ്പിലാക്കാനും ബി.ജെ.പി ശ്രമിക്കുന്നുവെന്ന് മമത ബാനർജി ആരോപിച്ചു.
ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്ത വിഷയം ഉന്നയിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുടനീളം സർക്കാർ ബംഗാളികളെ പീഡിപ്പിക്കുകയാണെന്ന് മമത അവകാശപ്പെട്ടു. 'സംസ്ഥാനങ്ങളിലുടനീളം ബംഗാളികളെ പീഡിപ്പിക്കുകയാണ്. എന്തുകൊണ്ടാണ് ഈ വെറുപ്പ്? മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 1.5 കോടി കുടിയേറ്റ തൊഴിലാളികളെ ബംഗാളിന് സ്വീകരിക്കാനും അഭയം നൽകാനും കഴിയുമെങ്കിൽ, മറ്റിടങ്ങളിൽ ജോലി ചെയ്യുന്ന 22 ലക്ഷം ബംഗാളി കുടിയേറ്റക്കാരെ നിങ്ങൾക്ക് എന്തുകൊണ്ട് സ്വീകരിക്കാൻ കഴിയില്ല?' -അവർ ചോദിച്ചു.
ബംഗാളികളോട് തിരിച്ചുവരാൻ ആവശ്യപ്പെടുമെന്ന് മമത വ്യക്താക്കി. ഗുജറാത്തിലോ യു.പിയിലോ രാജസ്ഥാനിലോ താമസിക്കരുതെന്നും മമത പറഞ്ഞു. മഹാരാഷ്ട്രയിൽ ഒരു കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടെന്നും ബംഗാളി സംസാരിച്ചതിന് മാത്രം കുടിയേറ്റക്കാരനെ കശാപ്പ് ചെയ്യുന്ന ഒരു രാഷ്ട്രത്തിന്റെ ആശയം അംഗീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന അഞ്ചാമത്തെ ഭാഷയും ഏഷ്യയിൽ രണ്ടാമത്തേതുമാണ് ബംഗാളി എന്ന് മുഖ്യമന്ത്രി പറഞ്ഞു.ബംഗാളിൽ എൻ.ആർ.സി അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി. ബിഹാറിലെ തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടിക പരിഷ്കരണം ഒരു ഗൂഢാലോചനയാണെന്ന് അവർ ആരോപിച്ചു.