Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ്‌യുടെ റാലിക്കിടെ...

വിജയ്‌യുടെ റാലിക്കിടെ ഹൃദയാഘാതം വന്ന് ഒരാൾ മരിച്ചു; ‘ശവപ്പെട്ടിയുമായി വരണ’മെന്ന് പരിഹസിച്ച് എ.ഐ.എ.ഡി.എം.കെ

text_fields
bookmark_border
വിജയ്‌യുടെ റാലിക്കിടെ ഹൃദയാഘാതം വന്ന് ഒരാൾ മരിച്ചു; ‘ശവപ്പെട്ടിയുമായി വരണ’മെന്ന് പരിഹസിച്ച് എ.ഐ.എ.ഡി.എം.കെ
cancel

സേലം: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ മരണത്തെച്ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം ഉടലെടുത്തിരിക്കുകയാണ്. സേലത്ത് വെള്ളിയാഴ്ച നടന്ന റാലിക്കിടെ മഹാരാഷ്ട്ര സ്വദേശിയായ സൂരജ് (37) എന്നയാളാണ് ഹൃദയാഘാതം മൂലം മരിച്ചത്.

മഹാരാഷ്ട്ര സ്വദേശിയായ സൂരജ് കൂലി തൊഴിലാളിയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഇയാൾക്ക് സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച സേലത്ത് നടന്ന ടി.വി.കെ രാഷ്ട്രീയ യോഗത്തിൽ എത്തിയതായിരുന്നു സൂരജ്. പരിപാടിക്കിടെ പെട്ടെന്ന് കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും ഒരു കുട്ടിയുമുൾപ്പെടുന്ന കുടുംബത്തിന്‍റെ ആശ്രയമായിരുന്നു ഇയാൾ.

സംഭവത്തിന് പിന്നാലെ വിജയ്‌യുടെ പാർട്ടിയെ രൂക്ഷമായി പരിഹസിച്ച് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തി. എ.ഐ.എ.ഡി.എം.കെ വക്താവ് കോവൈ സത്യൻ തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് വിജയ്‌യെ ലക്ഷ്യം വെച്ചത്. ​ഇനി മുതൽ ടി.വി.കെയുടെ റാലികളിൽ പങ്കെടുക്കാൻ വരുന്നവർ കൈയിൽ ഓരോ ശവപ്പെട്ടി കൂടി കരുതുന്നത് നല്ലതായിരിക്കും എന്നായിരുന്നു കോവൈ സത്യന്റെ പരിഹാസം. കഴിഞ്ഞ സെപ്റ്റംബറിൽ വിജയ്‌യുടെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ച സംഭവം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.

മുമ്പ് നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ, സേലത്തെ റാലിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ, കനത്ത പൊലീസ് കാവൽ, പരിശോധനകൾ എന്നിവ ഉണ്ടായിരുന്നുവെങ്കിലും ഒരു ജീവൻ കൂടി നഷ്ടപ്പെട്ടത് പാർട്ടിയെ സമ്മർദത്തിലാക്കുന്നുണ്ട്. നേരത്തെ നടന്ന ദുരന്തത്തിൽ നിലവിൽ സി.ബി.ഐ അന്വേഷണം നടന്നുവരികയാണ്.

Show Full Article
TAGS:Actor Vijay TVK aiadmk Tamil Nadu 
News Summary - Man dies of heart attack at Vijay’s rally, AIADMK responds with coffin jibe
Next Story