മംഗളൂരു - രാമേശ്വരം ട്രെയിൻ യാത്ര തുടങ്ങി, കേരളത്തിൽ സ്റ്റോപ്പുള്ളത് പാലക്കാട്
text_fieldsചെന്നൈ: മലബാറിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമാവുന്ന മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. പാലക്കാട് വഴി പുതിയ ട്രെയിന്‍ ഓടിത്തുടങ്ങിയതോടെ തീർഥാടന നഗരങ്ങളായ രാമേശ്വരത്തേക്കും പഴനിയിലേക്കും മലബാറിലുള്ളവര്‍ക്ക് എളുപ്പം പോയി വരാം. കേരളത്തിൽ ഈ തീവണ്ടിക്ക് നിലവിൽ സ്റ്റോപ്പുള്ളത് പാലക്കാട്ട് മാത്രമാണ്.
ട്രെയിൻ നമ്പർ 16621/16622 രാമേശ്വരം-മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രയിൻ സർവിസ് പ്രഖ്യാപിച്ചത് 2024 മാർച്ചിലാണ്. പഴയ പാമ്പൻ റെയിൽവെ പാലം ഡീ കമീഷൻ ചെയ്ത് പണി കഴിപ്പിച്ച പുതിയ പാലം ഏപ്രിൽ ആറിന് തുറന്നു കൊടുത്തതോടെയാണ് രണ്ടു വർഷത്തിനിപ്പുറം മലബാറിന്റെ രാമേശ്വരം യാത്രാ സ്വപ്‌നങ്ങള്‍ വർണാഭമായത്.
ഇതിനിടെയാണ് രാമേശ്വരം റെയില്‍വേ സ്റ്റേഷൻ അടച്ചിട്ടത്. ഏതാണ്ട് പണികള്‍ പൂര്‍ത്തിയായ രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചില്‍ തുറന്നു കൊടുക്കുമെന്നും പ്രതീക്ഷിക്കുന്നു. 112 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാവുന്നതോടെ ഇവിടെനിന്ന് വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പടെ പുതിയ ട്രെയിൻ സർവിസുകൾ നടത്തും.
മംഗലാപുരം സെന്‍ട്രല്‍ - രാമേശ്വരം(16622) പ്രതിവാര ട്രെയിന്‍ പാലക്കാട്, ദിണ്ടിഗല്‍, മധുര, മാനാമധുര എന്നിങ്ങനെയുള്ള പ്രധാന സ്റ്റേഷനുകളിലൂടെ കടന്നു പോകും.
മംഗലാപുരം സെന്‍ട്രലില്‍ നിന്നും ശനിയാഴ്ച വൈകുന്നേരം 7:30ന് പുറപ്പെടുന്ന ട്രെയിന്‍ (16622) ഞായറാഴ്ച രാവിലെ 10:50 ന് രാമേശ്വരത്ത് എത്തിച്ചേരും. പുലർച്ചെ 1.30നാണ് ഈ ട്രെയിൻ പാലക്കാട് സ്റ്റേഷനിലെത്തുക. തിരികെ വരുന്ന രാമേശ്വരം- മംഗലാപുരം സെന്‍ട്രല്‍ (16621) ട്രെയിന്‍ ഞായറാഴ്ച വൈകുന്നേരം 3:30ന് രാമേശ്വരത്തു നിന്ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 6:55നായിരിക്കും ട്രെയിന്‍ മംഗലാപുരത്തേക്ക് എത്തിച്ചേരുക. ഈ ട്രെയിൻ ഞായറാഴ്ച രാത്രി 10.50നാണ് പാലക്കാട്ടെത്തുക.


