പൊതുപ്രവർത്തകനെ മർദിച്ച കേസിൽ മണിപൂരിലെ കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിൽ
text_fieldsഇംഫാൽ: പൊതുപ്രവർത്തകനെ മർദിച്ച കേസിൽ കോൺഗ്രസ് സ്ഥാനാർഥി ലാംറ്റിൻതാങ് ഹാക്കിപ്പിനെ അറസ്റ്റ് ചെയ്തു. ബി.ജെ.പിയുടെ നിർദേശപ്രകാരം പൊലീസ് കള്ളക്കേസുകൾ ചമച്ച് ഹാക്കിപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു.
നേരത്തെ പ്രോക്‌സി വോട്ട് ചെയ്തുവെന്നാരോപിച്ചുള്ള സംഘർഷവുമായി ബന്ധപ്പെട്ട് ഹാക്കിപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാക്കിപ്പിനെ ചൊവ്വാഴ്ച ജില്ലാ കോടതിയിൽ ഹാജരാക്കും.
പൊലീസ് നടപടിയെ കോൺഗ്രസ് അപലപിച്ചു. പ്രോക്‌സി വോട്ടിങ്ങിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ഉണ്ടായ ആശങ്കകൾ പരിഹരിക്കാനാണ് ഹാക്കിപ്പ് പോളിങ്ങ് സ്റ്റേഷനിൽ പോയതെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളെ ഭീഷണിപ്പെടുത്തി നിലക്ക് നിർത്താനുള്ള ഭരണകൂടത്തിന്‍റെ ശ്രമമാണിതെന്നും കോൺഗ്രസ് പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂർ നിയമസഭാതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെയാണ് നടന്നത്. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.


