സെൻസസിനെതിരെ മണിപ്പൂരിൽ സ്ത്രീകളുടെ കൂറ്റൻ റാലി; എൻ.ആർ.സി പുതുക്കണമെന്ന് ആവശ്യം
text_fieldsഇംഫാൽ: സെൻസസ് നടപടികൾക്ക് മുമ്പ് ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പുതുക്കണമെന്ന ആവശ്യം ശക്തമാക്കി മണിപ്പൂരിൽ ‘മെറാ പൈബി’(പന്തമേന്തിയ സ്ത്രീകൾ) പ്രവർത്തകരുടെ നേതൃത്വത്തിൽ കൂറ്റൻ റാലി. ഞായറാഴ്ച രാത്രി ഇംഫാലിലെ ടിഡിം റോഡിലായിരുന്നു പ്രതിഷേധം.
ക്യാമ്പയിൻ ഫോർ ജസ്റ്റ് ആൻഡ് ഫെയർ ഡിലിമിറ്റേഷൻ (ജെ.എഫ്.ഡി) സംഘടിപ്പിച്ച റാലിയിൽ ‘എൻ.ആർ.സി ഇല്ലെങ്കിൽ സെൻസസും വേണ്ട’, ‘ഐ.ഡി.പികളെ പുനരധിവസിപ്പിക്കാതെ സെൻസസ് വേണ്ട’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്. സെൻസസിന് മുമ്പ് എൻ.ആർ.സി പുതുക്കണമെന്ന ആവശ്യം ഉന്നയിച്ച് ആഗസ്റ്റ് 20നും ഇംഫാലിൽ പ്രതിഷേധം നടന്നിരുന്നു.
മണിപ്പൂരിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആദ്യം എൻ.ആർ.സി പുതുക്കിയ ശേഷമേ സെൻസസ് നടത്താവൂ എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പുറത്തുനിന്നെത്തിയവരെ പുറത്താക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രതിഷേധക്കാർ പറയുന്നു.
ആഗസ്റ്റ് 16 മുതലാണ് ജെ.എഫ്.ഡി മണിപ്പൂരിലെ വിവിധ മേഖലകളിൽ പ്രതിഷേധം ശക്തമാക്കിയത്. സെൻസസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഓഫീസുകളിലേക്ക് മാർച്ച് നടത്താനും സർക്കാരിനുമേൽ സമ്മർദം ചെലുത്താനും സംഘടന ആഹ്വാനം ചെയ്തിരുന്നു. വിവിധ സംഘടനകളുടെ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചതെന്ന് ജെ.എഫ്.ഡി അറിയിച്ചു.


