Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഞാൻ ആത്മഹത്യ...

‘ഞാൻ ആത്മഹത്യ ചെയ്യും’; മൻമോഹൻ സിങിന്റെ അപ്രതീക്ഷിത വാക്കുകൾ ഓർത്തെടുത്ത് മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

text_fields
bookmark_border
manmohan singh
cancel
camera_alt

മൻമോഹൻ സിങ്

ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഒരിക്കൽ ‘ഞാൻ ആത്മഹത്യ ചെയ്യു’മെന്ന് തന്നോട് പറഞ്ഞതായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈഷിയുടെ വെളിപ്പെടുത്തൽ. ഖുറൈഷിയുടെ ഉടൻ പുറത്തിറങ്ങുന്ന ‘ഇന്ത്യയും ഞാനും: നൂറ് ഓർമക്കുറിപ്പുകൾ, ആത്മകഥയല്ല’ എന്ന പുസ്തകത്തിലാണ് ഈ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

2012ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് പ്രസ്താവനക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. അന്നത്തെ കേന്ദ്ര നിയമമന്ത്രി സൽമാൻ ഖുർഷിദ്, കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുസ്‍ലിങ്ങൾക്കുള്ള തൊഴിൽ സംവരണം 4.5 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കുമെന്ന് തെരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.

പരാതിയിൽ നാല് ദിവസത്തെ വാദം കേട്ടശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഖുർഷിദിനെ ശാസിക്കുകയും ചെയ്തു. തുടർന്ന് മന്ത്രിമാരടക്കമുള്ള നേതാക്കളുടെ ഭാഗത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘അഹങ്കാരത്തോടെയും ഏകപക്ഷീയമായും പ്രവർത്തിക്കുന്നു’ എന്ന തരത്തിലുള്ള നിരുത്തരവാദപരമായ വിമർശനങ്ങൾ ഉയർന്നതായി ഖുറൈഷി പറയുന്നു.

ഈ സാഹചര്യത്തിൽ തന്റെ അതൃപ്തി അന്നത്തെ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ഹരീഷ് ഖാരെയോട് ഖുറൈഷി പങ്കുവെച്ചു. അടുത്ത ദിവസം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അടിയന്തരമായി കൂടിക്കാഴ്ചക്ക് ഒരു വിളിയെത്തി. വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ ഖുറൈഷിയെ ഡോ. മൻമോഹൻ സിങ് നേരിട്ട് സ്വീകരിച്ചു. കൂടിക്കാഴ്ചയുടെ തുടക്കത്തിൽ തന്നെ, ‘ഹരീഷ് എന്നോട് കാര്യങ്ങൾ പറഞ്ഞു. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും’ എന്ന് അതീവ വികാരാധീനനായി പറഞ്ഞതായാണ് ഖുറൈഷി പുസ്തകത്തിൽ കുറിക്കുന്നത്.

താൻ ഉന്നയിച്ച വിമർശനം പ്രധാനമന്ത്രിയെ കുറിച്ചല്ല, ചില മന്ത്രിമാരുടെ പെരുമാറ്റത്തെ കുറിച്ചാണെന്ന് വ്യക്തമാക്കിയതോടെ മൻമോഹൻ സിങ് ശാന്തനായെന്നും അദ്ദേഹം പറയുന്നു. ‘ഇക്കാര്യം എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ബന്ധപ്പെട്ടവരെ ഞാൻ ശക്തമായി ശാസിക്കുമായിരുന്നു. ഇനി ഇത്തരമൊരു കാര്യമുണ്ടെങ്കിൽ നേരിട്ട് എന്നെ വിളിക്കണം’ എന്നും അദ്ദേഹം പറഞ്ഞതായി ഖുറൈഷി എഴുതുന്നുണ്ട്. അതോടൊപ്പം, ‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയുടെ അഭിമാനം മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവാണ്. അത് നഷ്ടപ്പെട്ടാൽ നമുക്ക് എല്ലാം നഷ്ടമാകും,’ എന്ന മൻമോഹൻ സിങിന്റെ വാക്കുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും ഖുറൈഷി പറയുന്നു.

ഈ സംഭവത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരോക്ഷ വിമർശനങ്ങൾ അവസാനിച്ചതായും ഖുറൈഷി വ്യക്തമാക്കുന്നു. അധികാരത്തിന്റെ ഭാരവും ഭരണഘടനാപരമായ മൂല്യങ്ങളുടെ പ്രാധാന്യവും ആഴത്തിൽ മനസ്സിലാക്കിയ നേതാവായിരുന്നു മൻമോഹൻ സിങ് എന്നും അദ്ദേഹം പുസ്തകത്തിൽ വിലയിരുത്തുന്നു.

സിവിൽ സർവീസിലെ തന്റെ അനുഭവങ്ങളും നിർണായക സംഭവവികാസങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ ‘ഇന്ത്യയും ഞാനും: നൂറ് ഓർമക്കുറിപ്പുകൾ, ആത്മകഥയല്ല’ എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും.

Show Full Article
TAGS:Manmohan Singh Former Prime Minister of India Former election commisoner SY Quraishi political controversy 
News Summary - When Manmohan Singh Told Former Election Commissioner: 'I Will Commit Suicide'
Next Story