Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വികസനത്തിന്റെ മറവിൽ...

‘വികസനത്തിന്റെ മറവിൽ വൻ കൊള്ള’; ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യം കണ്ട ഏറ്റവും വലിയ ക്രൂരതയെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
‘വികസനത്തിന്റെ മറവിൽ വൻ കൊള്ള’; ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യം കണ്ട ഏറ്റവും വലിയ ക്രൂരതയെന്ന് രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഗ്രേറ്റ് നിക്കോബാർ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പ്രകൃതി സമ്പത്തിന് നേരെയും ഗോത്രവർഗ പൈതൃകത്തിന് നേരെയും നടത്തുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഗ്രേറ്റ് നിക്കോബാർ സന്ദർശനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയും വിഡിയോയിലൂടെയുമാണ് കേന്ദ്രത്തിനെതിരെ രാഹുൽ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്.

'ഗ്രേറ്റ് നിക്കോബാറിലുടനീളം ഞാൻ സഞ്ചരിച്ചു. ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ വനമേഖലയാണിത്. തലമുറകളായി വളർന്നുവന്ന, കാലപ്പഴക്കം പ്രവചിക്കാനാകാത്ത മരങ്ങളാണ് ഇവിടെയുള്ളത്. എന്നാൽ, വികസനമെന്ന പേരിൽ കോടിക്കണക്കിന് മരങ്ങൾ വെട്ടിനിരത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 160 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മഴക്കാടുകളെ കൊലയ്ക്കുകൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. മഴക്കാടുകൾ വെട്ടിനശിപ്പിക്കുന്നത് ഗൗതം അദാനിയുടെ മോഹങ്ങൾ പൂർത്തീകരിക്കാണ്. ഇത് വികസനമല്ല, വികസനത്തിന്റെ ഭാഷ ചമഞ്ഞ വിനാശമാണ്' -രാഹുൽ ഗാന്ധി പറഞ്ഞു.

ദ്വീപിലെ ആദിവാസി സമൂഹത്തെയും കുടിയേറ്റക്കാരെയും സന്ദർശിച്ച രാഹുൽ, അവരുടെ അവകാശങ്ങൾ സർക്കാർ കവർന്നെടുക്കുകയാണെന്ന് ആരോപിച്ചു. കോർപറേറ്റ് താൽപര്യങ്ങൾക്ക് വേണ്ടി തദ്ദേശവാസികളുടെ വീടും ഭൂമിയും തട്ടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല. ക്യാമ്പ്ബെൽ ബേയിൽ ഗോത്രനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തങ്ങളുടെ ആശങ്കകൾ സർക്കാർ പരിഗണിക്കുന്നില്ലെന്നും കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ രാഹുലിനോട് പരാതിപ്പെട്ടു.

ഷിപ്പിങ് ടെർമിനൽ, പവർ പ്ലാന്റ്, ടൗൺഷിപ് എന്നിവ ഉൾപ്പെടുന്ന 81,000 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തിന്റെ സുരക്ഷക്കും സാമ്പത്തിക വികസനത്തിനും അനിവാര്യമാണെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, പരിസ്ഥിതിക്ക് ഏൽക്കുന്ന ആഘാതവും ഗോത്രവർഗക്കാരുടെ ജീവിതം തകരുന്നതും കണക്കിലെടുത്ത് ഈ പദ്ധതി ഉടനടി നിർത്തലാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സന്ദർശനത്തിനിടെ ഇന്ദിരാ പോയന്റിലെത്തിയ രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ആദരമർപ്പിച്ചു. രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യവും പൈതൃകവും സംരക്ഷിക്കാൻ ഇന്ത്യക്കാർ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Show Full Article
TAGS:Rahul Gandhi goutham adani Central Goverment Environment Corporates Forest 
Next Story