മഥുര ശാഹി ഈദ്ഗാഹ് കേസിൽ പുരാവസ്തു വകുപ്പിനെയും കേന്ദ്രത്തെയും കക്ഷിയാക്കാമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: മഥുര ശാഹി ഈദ്ഗാഹ് കൃഷ്ണ ജന്മഭൂമിയാണെന്ന് അവകാശപ്പെട്ട് ഹിന്ദുത്വ കക്ഷികൾ സമർപ്പിച്ച കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും (എ.എസ്.ഐ) കേന്ദ്ര സർക്കാറിനെയും കക്ഷിചേർത്ത അലഹബാദ് ഹൈകോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. നേരത്തെ നൽകിയ ഹരജിയിൽ ഭേദഗതി വരുത്താൻ ഹിന്ദുത്വ വാദികളെ അനുവദിച്ച ഹൈകോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരീക്ഷിച്ചു. പള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) കീഴിലുള്ള സംരക്ഷിത സ്മാരകമാണെന്നും ഇത് പള്ളിയായി ഉപയോഗിക്കാൻ കഴിയില്ലെന്നും ഹിന്ദുത്വ കക്ഷികൾ ഉന്നയിച്ച പുതിയ വാദം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
ഹിന്ദുത്വ പക്ഷത്തെ ഹരജിയിൽ ഭേദഗതി വരുത്താൻ അനുവദിച്ചും എ.എസ്.ഐയെ കേസിൽ കക്ഷിചേർക്കാനുമുള്ള അലഹബാദ് ഹൈകോടതിയുടെ ഉത്തരവിനെതിരെ പള്ളിപരിപാലന കമ്മിറ്റി സമർപ്പിച്ച അപ്പീലിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹിന്ദുത്വ കക്ഷികൾക്ക് നോട്ടീസ് അയച്ചു. എ.എസ്.ഐയുടെ കീഴിലുള്ള സംരക്ഷിത സ്ഥലം പള്ളിയായി ഉപയോഗിക്കാനാകുമോ എന്ന ചോദ്യം കോടതിയുടെ മുന്നിൽ പരിഗണനയിലാണെന്ന് വെള്ളിയാഴ്ച പള്ളി പരിപാലന കമ്മിറ്റിയുടെ ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ബെഞ്ച് വ്യക്തമാക്കി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ കേസുകളിലും, സർവേ ഉത്തരവുകൾ ഉൾപ്പെടെ ഇടക്കാല, അന്തിമ ഉത്തരവുകൾ കോടതികൾ പാസാക്കരുതെന്ന സുപ്രീ കോടതിയുടെ ഡിസംബർ 12ലെ ഉത്തരവിന് വിരുദ്ധമാണ് ഭേദഗതി അനുവദിച്ച ഹൈകോടതി നടപടിയെന്ന് പള്ളി പരിപാലന കമ്മിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ തസ്നീം അഹ്മദി വാദിച്ചു.
എന്നാൽ, പള്ളിക്കമ്മിറ്റിക്ക് പരാതിയിൽ ഭേദഗതി വരുത്താനും കക്ഷികളെ പ്രതിയാക്കാനും അവകാശമുണ്ട്. മുൻകാല പ്രാബല്യത്തോടെയാണോ അല്ലയോ എന്നത് വിഷയമല്ല. ഹിന്ദുത്വ കക്ഷികൾക്കും ഹരജിയിൽ ഭേദഗതി വരുത്താനും ആരാധനാലയ നിയമം ബാധകമല്ലെന്ന് ഉന്നയിക്കാനും കഴിയും. അതുകൊണ്ടാണ് ഹൈകോടതി ഉത്തരവ് ശരിയാണെന്ന് വിലയിരുത്തുന്നതെന്ന് കോടതി പറഞ്ഞു. ഇതൊരു പുതിയ കേസല്ല. നിങ്ങൾ ഒരു പുതിയ വാദം ഉന്നയിക്കുമ്പോൾ അതിനെ വെല്ലുവിളിക്കാൻ മറുകക്ഷിക്കും അവകാശമുണ്ടെന്നും കോടതി പറഞ്ഞു. കേസ് ഏപ്രിൽ എട്ടിന് വീണ്ടും പരിഗണിക്കും.