‘മൗനവ്രതം, മൗനവ്രതം...’ ; ഓപറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരവുമായി ശശി തരൂർ
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറും സംബന്ധിച്ച് പാർലമെന്റ് തിങ്കളാഴ്ച ചർച്ച ആരംഭിച്ചതിനു പിന്നാലെ മാധ്യമ വാർത്തകളിൽ സജീവമായത് കോൺഗ്രസ് എം.പി ശശി തരൂറായിരുന്നു. ചർച്ചയിൽ കോൺഗ്രസ് പക്ഷത്തു നിന്നും തിരുവനന്തപുരത്തു നിന്നുള്ള പാർലമെന്റ് അംഗം കൂടിയായ ശശി തരൂർ സംസാരിക്കില്ലെന്ന വാർത്തകൾക്കു പിന്നാലെ പാർലമെന്റിലേക്കെതിയ അദ്ദേഹത്തെ മാധ്യമകൂട്ടം അദ്ദേഹത്തെ വളഞ്ഞു. ചർച്ചയിൽ പങ്കെടുക്കുമോയെന്ന ചോദ്യങ്ങൾക്ക് ഒറ്റവാക്കിലായിരുന്നു തരൂരിന്റെ ഉത്തരം... ‘മൗനവ്രതം, മൗനവ്രതം...’ എന്നും പറഞ്ഞ് അദ്ദേഹം തിരക്കിട്ട് നടന്നകന്നു.
തരൂരും കോൺഗ്രസും തമ്മിലെ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം കൂടിയായി തരൂർ ഓപറേഷൻ സിന്ദൂർ ചർച്ചയിൽ നിന്നും പിൻമാറിയത്. സഭയിൽ സംസാാരിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ നേരിട്ടുള്ള ക്ഷണം ഉണ്ടായിരുന്നിട്ടും, ചർച്ചയിൽ സംസാരിക്കാൻ താൽപര്യമില്ലെന്ന് തരൂർ ലോകസഭയിലെ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയിയെ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓപറേഷൻ സിന്ദൂർ വിഷയത്തിൽ പാർട്ടിക്കും തരൂരിനുമിടയിലെ ഭിന്നതകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ നയം വ്യക്തമാക്കാൻ ഭരണ - പ്രതിപക്ഷത്തുള്ള പ്രതിനിധി സംഘം നടത്തിയ വിദേശ യാത്രക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തിയ ശശി തരൂർ എം.പി പാർട്ടിക്കുള്ളിൽ തന്നെ വൻതോതിൽ വിമർശങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
അതേസമയം, പാർലമെന്റിൽ പഹൽഗാം ഭീകരാക്രമണവും, ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തിങ്കളാഴ്ച തുടക്കം കുറിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ആദ്യം സംസാരിച്ചത്. ഭീകരവാദത്തിനെതിരെ രാജ്യത്തിന്റെ നയം വ്യക്തമാക്കുന്ന വിധം, ശത്രുവിന്റെ കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ടായിരുന്നു മന്ത്രി ചർച്ചകൾക്ക് തുടക്കം കുറിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ബി.ജെ.പി എം.പി അരുനാഗ് ഠാകുർ, നിഷികാന്ത് ദുബെ എന്നിവർ സംസാരിക്കും. ലോക്സഭയിൽ കോൺഗ്രസിന് വേണ്ടി ഉപനേതാവ് ഗൗരവ് ഗൊഗോയിയാണ് ചർച്ചക്ക് തുടക്കമിടുക. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നീ കോൺഗ്രസ് എം.പിമാരും ചർച്ചയിൽ പങ്കെടുക്കും.