മായാവതി ബി.ജെ.പിയോട് അടുക്കുന്നു? യോഗിയെ പ്രശംസിച്ച്, എസ്.പിയെ കടന്നാക്രമിച്ച് തിരിച്ചുവരവ് റാലി
text_fieldsമായാവതി അബേദ്കർ മൈതാനിയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നു
ലഖ്നോ: ഇടവേളക്കുശേഷം രാഷ്ട്രീയക്കളരിയിൽ ശക്തമായി തിരിച്ചെത്തി ബഹുജൻ സമാജ്‍വാദി പാർട്ടി അധ്യക്ഷ മായാവതി. ലഖ്നോയിൽ ആയിരങ്ങൾ പങ്കെടുത്ത മഹാറാലി നയിച്ചാണ് മായാവതി ഒമ്പതു വർഷത്തെ ഇടവേളക്കുശേഷം തിരിച്ചുവരവറിയിച്ചത്. 2027ൽ നടക്കുന്ന ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.എസ്.പി അധ്യക്ഷയുടെ കരുനീക്കങ്ങൾ.
പാർട്ടി സ്ഥാപകൻ കാൻഷി റാമിന്റെ ചരമ വാർഷികദിനത്തിലാണ് മായാവതി റാലി സംഘടിപ്പിച്ചത്. കരുത്തു പ്രദർശിപ്പിക്കാനും പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തിരിച്ചുപിടിക്കാനുമൊക്കെ ലക്ഷ്യമിട്ടായിരുന്നു റാലി. അംബേദ്കർ മൈതാനിയിൽ നടത്തിയ സമ്മേളനത്തിൽ യു.പിക്കു പുറമെ, ബീഹാർ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരും സാന്നിധ്യമറിയിച്ചു.
2027ൽ യു.പിയിൽ ബഹുജൻ സമാജ് സർക്കാർ അധികാരമേൽക്കുമെന്ന് അനുയായികളെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കവേ, മായാവതി അവകാശപ്പെട്ടു. മായാവതിയുടെ അടുത്ത നീക്കമെന്തെന്ന് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ വേദിയിൽ ഉത്തർ പ്രദേശ് ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെ അവർ പ്രശംസിച്ചത് ശ്രദ്ധേയമായി. സമാജ് വാദി പാർട്ടിയെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ച വേദിയിലാണ് അവർ യോഗി ആദിത്യനാഥിനെ പ്രകീർത്തിച്ചത്.
യോഗിക്ക് പ്രകീർത്തനം
കാൻഷി റാം സ്മാരക മന്ദിരങ്ങളുടെ കൈകാര്യവും അറ്റകുറ്റപ്പണികളുമൊക്കെ യോഗി സർക്കാർ കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രശംസ. ‘കാൻഷി റാം സ്മാരക മന്ദിരങ്ങൾ സന്ദർശിക്കാൻ നിരവധി സന്ദർശകരെത്തുന്നുണ്ട്. ഒരുപാട് ടിക്കറ്റുകൾ വിൽക്കുകയും പണം ലഭിക്കുകയും ചെയ്യുന്നു. ടിക്കറ്റിൽനിന്നുള്ള വരുമാനം സ്മാരക മന്ദിരങ്ങളുടെ ഭംഗിയായ നടത്തിപ്പിനും അറ്റകുറ്റപ്പണികൾക്കും വിനിയോഗിക്കണമെന്ന് ഞാൻ മുഖ്യമന്ത്രിക്ക് എഴുതിയിരുന്നു. യു.പി സർക്കാർ അതിനുവേണ്ടി ആ പണം യഥാവിധി ചെലവഴിക്കുകയും ചെയ്യുന്നു. അതിന് അവരോട് നന്ദിയുണ്ട്. മുമ്പത്തെ എസ്.പി സർക്കാർ ചെയ്തതുപോലെ ഒരു പൈസ പോലും അവർ തടഞ്ഞുവെച്ചിട്ടില്ല. സമാജ് വാദി പാർട്ടി അധികാരത്തിലുള്ളപ്പോൾ ഒരു ഉറുപ്പിക പോലും അതിനായി ചെലവിട്ടിരുന്നില്ല’ -മായാവതി പറഞ്ഞു.
എസ്.പിക്കും കോൺഗ്രസിനും വിമർശനം
കാൻഷി റാമിനെ ബഹുമാനിക്കുന്നുവെന്നാണ് എസ്.പി അവകാശപ്പെടുന്നത്. എന്നാൽ, അധികാരത്തിലിരിക്കുമ്പോൾ കാൻഷി റാമിന്റെ ചരമ വാർഷികമോ ജന്മ വാർഷികമോ അവർ ഓർക്കാറില്ല. അധികാരത്തിൽനിന്ന് പുറന്തള്ളപ്പെടുമ്പോൾ അവർ കാൻഷി റാമിനെ ഓർക്കും. അദ്ദേഹത്തോട് അത്ര ബഹുമാനമുണ്ടെങ്കിൽ നിങ്ങൾ ഈ ജില്ലയുടെ പേർ അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റി നാമകരണം നടത്താതിരുന്നത് എന്തുകൊണ്ടാണെന്ന് അഖിലേഷ് യാദവിനോട് ചോദിക്കട്ടേ..കാൻഷി റാമിന്റെ പേരിലുള്ള പദ്ധതികൾ നിങ്ങൾ നിർത്തിയത് എന്തിനാണ്? സ്കൂളുകളുടെയും കോളജുകളുടെയും പേരുകളൊക്കെ മുമ്പ് എസ്.പി സർക്കാർ മാറ്റിയെന്നും മായാവതി ആരോപിച്ചു.
കോൺഗ്രസിനെയും അവർ കടന്നാക്രമിച്ചു. ‘അവർ നാടകം കളിക്കുന്ന പാർട്ടിയാണ്. ദലിതുകളുടെ താൽപര്യം അവഗണിക്കുന്നു. കാൻഷി റാമിന് ഭാരത് രത്ന നൽകാൻ കോൺഗ്രസ് സർക്കാർ തയാറായില്ല. കാൻഷിറാം മരിച്ചപ്പോൾ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാറോ യു.പി ഭരിച്ചിരുന്ന എസ്.പി ഗവണ്മെന്റോ ഒരു ദിവസത്തെ പോലും ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചില്ല. അവരുടെ യഥാർഥ മനസ്സിലിരിപ്പ് തെളിയിക്കുന്നതാണത്’.
കോൺഗ്രസും ബി.ജെ.പിയും ദലിതുകളെ വോട്ട് ബാങ്കായി മാത്രമാണ് കാണുന്നത്. ജാതി അടിസ്ഥാനമായി പ്രവർത്തിക്കുന്ന എല്ലാ പാർട്ടികളും ബി.എസ്.പി ഉയർന്നുവരുന്നതിന് എതിരാണ്. തങ്ങളുടെ സംസ്ഥാനത്ത് ബി.എസ്.പി അധികാരത്തിലേറിയാൽ ഒരുനാൾ കേന്ദ്രത്തിലും വരുമെന്ന് അവർക്കറിയാം. ഇ.വി.എം തട്ടിപ്പും അവസരവാദ കൂട്ടുകെട്ടുകളും തന്റെ പാർട്ടിയെ ദുർബലമാക്കാൻ എതിരാളികൾ ആശ്രയിക്കുന്നതായി മായാവതി പറഞ്ഞു.
ബി.എസ്.പിയുടെ വേരുകൾ ആഴത്തിലുള്ളതും സജീവവുമാണെന്ന് ഈ ജനസഹസ്രങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ എല്ലാ റെക്കോർഡും ഈ ആൾക്കൂട്ടം തിരുത്തിയെഴുതി. ജനങ്ങൾക്കുള്ള ഈ വിശ്വാസം വെറുതെയാവാൻ പാർട്ടി ഒരിക്കലും അനുവദിക്കില്ല’ -മായാവതി പറഞ്ഞു.
കാൻഷിറാമിന്റെ പ്രതിമയിൽ മായാവതി പുഷ്പാർച്ചന നടത്തിയതോടെയാണ് റാലിക്ക് തുടക്കമായത്. തന്റെ പിന്തുടർച്ചക്കാരനെന്ന് ചൂണ്ടിക്കാട്ടി മായാവതി പാർട്ടി വൈസ് പ്രസിഡന്റായി നിയോഗിച്ച അനന്തരവൻ ആകാശ് ആനന്ദും വേദിയിൽ അവർക്കൊപ്പമുണ്ടായിരുന്നു.


