ഖാൻപിയിൽ സൈന്യത്തിന് നേരെ തീവ്രവാദി വെടിവെപ്പ്; തിരിച്ചടിയിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsപ്രതീകാത്മക ചിത്രം
മണിപ്പുർ: മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ നിന്ന് 80 കിലോമീറ്റർ പടിഞ്ഞാറുള്ള ഖാൻപി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് യുനൈറ്റഡ് കുക്കി നാഷനൽ ആർമി (യുകെഎൻഎ) തീവ്രവാദികൾ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ വ്യക്തി വിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.
രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപറേഷൻ നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഓപറേഷനിൽ, തീവ്രവാദികൾ സൈനികർക്കു നേരെ ഒരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് സുരക്ഷാ സേന തിരിച്ചടിച്ചത്.യുകെഎൻഎ ഒരു എസ്‌ഒഒ (സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻ) അല്ലാത്ത തീവ്രവാദ സംഘടനയാണ്. ഒരു ഗ്രാമത്തലവന്റെ കൊലപാതകം, പ്രദേശവാസികളെ ഭീഷണിപ്പെടുത്തൽ, പ്രദേശത്തെ സമാധാനം തകർക്കാൻ ശ്രമിക്കൽ എന്നിവയുൾപ്പെടെ നിരവധി അക്രമ സംഭവങ്ങൾ ഈ സംഘടന അടുത്തിടെ നടത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് സൈന്യത്തിന്റെ ഈ നടപടി.
മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും സാധാരണക്കാരുടെ സുരക്ഷക്കുമുള്ള പ്രതിബദ്ധതയാണ് ഈ ഓപറേഷൻ പ്രതിഫലിപ്പിക്കുന്നതെന്ന് സൈന്യവും അസം റൈഫിൾസും പ്രസ്താവനയിൽ പറഞ്ഞു. ചുറ്റുമുള്ള പ്രദേശങ്ങളിൽ നിലവിൽ തിരച്ചിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.


