Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഒളിമ്പിക്സ് സ്വർണം...

‘ഒളിമ്പിക്സ് സ്വർണം വീണ്ടും നേടിയപോലെ’; മോഷണം പോയ മെഡലുകൾ വീണ്ടെടുത്തു, പൊലീസിന് നന്ദി പറഞ്ഞ് ഹോക്കി ഇതിഹാസം സോമയ

text_fields
bookmark_border
https://www.madhyamam.com/tags/robbery-case
cancel
camera_alt

ഒളിമ്പിക്സ് സ്വർണ മെഡലുമായി എം.എം. സോമയ, കവർച്ച ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത മാണിക്യ എന്ന മാണിക്കന്തൻ, ഭരത് എന്ന ഡാർലി എന്നിവർ

ബംഗളൂരു: ഹോക്കി ഇതിഹാസ താരം എം.എം. സോമയയുടെ ഒളിമ്പിക്സ് സ്വർണ മെഡൽ കവർച്ച ചെയ്ത കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കർണാടക പൊലീസ്. മാണിക്യ എന്ന മാണിക്കന്തൻ (31), ഭരത് എന്ന ഡാർലി (25) എന്നിവരാണ് അറസ്റ്റിലായത്.

തൊണ്ടിമുതൽ ബംഗളൂരു രാജാജിനഗറിലെ ഗോൾഡ് കമ്പനിയിൽ വിറ്റഴിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. കവർച്ച ചെയ്യപ്പെട്ട ആറ് മെഡലുകൾ, ഒളിമ്പിക്സ് ബാഗ്, കാമറ എന്നിവ പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു.

67 കാരനായ എം.എം. സോമയയും കുടുംബവും കുടഗിലേക്ക് യാത്രപോയ സമയത്ത് ഒക്ടോബർ 28-നാണ് കവർച്ച നടന്നത്. അന്നേ ദിവസം രാവിലെ 7.15-ഓടെ അയൽവാസിയായ നാരായണൻ, വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് സോമയയെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് അയൽവാസിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒക്ടോബർ 28 പുലർച്ചെ 2.34-ന് രണ്ട് പേർ വാതിൽ തകർത്ത് അകത്തേക്ക് പ്രവേശിക്കുന്നത് വ്യക്തമായത്.

1980-ലെ മോസ്കോ ഒളിമ്പിക്സ് ഹോക്കി സ്വർണ മെഡൽ, 1982-ലെ ന്യൂഡൽഹി ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ, 1986-ലെ സിയോൾ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ, 1982-ലെ ആംസ്റ്റർഡാം ചാമ്പ്യൻസ് ട്രോഫി വെങ്കല മെഡൽ എന്നിവയാണ് നഷ്ടപ്പെട്ടത്.

കൂടാതെ 10 ഗ്രാം സ്വർണ വള, 8 ഗ്രാം സ്വർണ നാണയം, 144 ഗ്രാം വരുന്ന രണ്ട് വെള്ളി കപ്പുകൾ, ആറ് വെള്ളി സ്പൂണുകൾ, 80 ഗ്രാം വെള്ളി പാത്രം, 30,000 രൂപ അടക്കം ഏകദേശം 3.5 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്യപ്പെട്ടിരുന്നു.

രാമനഗര ജില്ലയിലെ ഹഗലഹള്ളി ക്രോസിനു സമീപത്തുനിന്നാണ് പ്രതികളെയും കൃത്യത്തിന് ഉപയോഗിച്ച ഇരുചക്ര വാഹനവും പൊലീസ് പിടികൂടിയത്. മുഖ്യപ്രതിയായ മാണിക്യ കർണാടകയിലും തമിഴ്നാട്ടിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഭരത് കൊലപാതക-മോഷണ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. കേസിൽ ഉൾപ്പെട്ട ഒളിവിലുള്ള മറ്റൊരു പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

തന്റെ പ്രിയപ്പെട്ട ഒളിമ്പിക്സ് സ്വർണ മെഡലും മറ്റ് ബഹുമതികളും തിരികെ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സോമയ പറഞ്ഞു. കാര്യക്ഷമമായി അന്വേഷണം നടത്തി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കേസ് തെളിയിച്ച ബംഗളൂരു പൊലീസിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:olympic gold medal Hockey legend stolen Bengaluru police 
Next Story