എം.ഡി.ആർ നിരക്കിനെതിരെ മൊബൈൽ ഫോൺ വ്യാപാരികൾ; ഒക്ടോബർ രണ്ടിന് യു.പി.ഐ ബഹിഷ്കരിക്കും
text_fieldsന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് 0.4 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഏർപ്പെടുത്തുന്നതിനെതിരെ രാജ്യത്തെ മൊബൈൽ ഫോൺ വ്യാപാരികൾ ഒക്ടോബർ രണ്ടിന് ‘നോ യു.പി.ഐ ഡേ’ ആചരിക്കും. വ്യവസായ സംഘടനയായ ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്സ് അസോസിയേഷൻ (എ.ഐ.എം.ആർ.എ) ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 15 മുതൽ വ്യാപാരികൾക്ക് ലഭിക്കുന്ന 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വ്യക്തികൾ തമ്മിലുള്ള (പി2പി) ഇടപാടുകളെയും ചെറിയ തുകയുടെ ഇടപാടുകളെയും നിരക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ വ്യാപാരികൾ പ്രതീകാത്മകമായി യു.പി.ഐ ക്യു.ആർ കോഡുകൾ കറുത്ത തുണികൊണ്ട് മറയ്ക്കുകയും യു.പി.ഐ പേമെന്റുകൾ സ്വീകരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യും.
യു.പി.ഐ വഴി പ്രതിമാസം അഞ്ച് ലക്ഷം മുതൽ 30 ലക്ഷം വരെ രൂപ ഇടപാട് നടത്തുന്ന ചെറുകിട വ്യാപാരികൾക്ക് എം.ഡി.ആർ കാരണം പ്രതിമാസം 2000 മുതൽ 12,000 വരെ രൂപ നഷ്ടമുണ്ടാകുമെന്ന് എ.ഐ.എം.ആർ.എ ധനമന്ത്രി നിർമല സീതാരാമന് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 0.4 ശതമാനം എം.ഡി.ആർ രാജ്യത്തെ ചെറുകിട മൊബൈൽ ഫോൺ വ്യാപാരികൾക്ക് പ്രതിമാസം ഏകദേശം 40 കോടി രൂപയുടെയും പ്രതിവർഷം 500 കോടി രൂപയോളവും അധികബാധ്യത സൃഷ്ടിക്കുമെന്നാണ് സംഘടനയുടെ കണക്ക്.


