കുരുക്കാൻ മോദി: പ്രതിപക്ഷത്തോട് ഒട്ടി കെജ്രിവാൾ
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ ബി ടീം കളിച്ചുവന്ന ആം ആദ്മി പാർട്ടി പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷ ഐക്യത്തിന്റെ പാതയിൽ. ദീർഘമായൊരു ഇടവേളക്കുശേഷം ആപ് നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മോദിവിരുദ്ധ നിലപാടിൽ.
ഏറ്റവും വിശ്വസ്തനായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കു പിന്നാലെ കേന്ദ്ര ഏജൻസികൾ കെജ്രിവാളിനെ വട്ടമിട്ട പശ്ചാത്തലത്തിലാണിത്.
പ്രതിപക്ഷത്താണെങ്കിലും, ആപ്പിനെ പ്രധാന പ്രതിയോഗികളിൽ ഒന്നായി കണ്ട കോൺഗ്രസിന്റെ മനംമാറ്റവും ശ്രദ്ധേയം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ ചോദ്യംചെയ്ത കെജ്രിവാളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫോണിൽ സംസാരിച്ചു.
കോൺഗ്രസിനൊപ്പം പ്രതിപക്ഷ ഐക്യശ്രമങ്ങൾ മുന്നോട്ടുനീക്കുന്ന ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ആർ.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനൊപ്പം ചെന്നു കണ്ടപ്പോൾ കെജ്രിവാൾ പിന്തുണ വാഗ്ദാനം ചെയ്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
കോൺഗ്രസിനെതിരെ പടനയിച്ചും ബി.ജെ.പി അനുഭാവികളെ പിണക്കാത്ത മൃദുഹിന്ദുത്വം പയറ്റിയും മുന്നോട്ടുപൊയ്ക്കൊണ്ടിരുന്ന ആപ് ശൈലിയിൽനിന്നൊരു മാറ്റം പ്രകടമാണ്. നരേന്ദ്ര മോദിക്കെതിരെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകവരെ ചെയ്ത കെജ്രിവാൾ, അയോധ്യ അടക്കം പല കാര്യങ്ങളിലും ബി.ജെ.പിയെ പിൻപറ്റിയാണ് നടന്നുവന്നത്.
എന്നാൽ, ആപ്പിന്റെ ഏറ്റവും മുതിർന്ന നേതാവിനെത്തന്നെ കുരുക്കാൻ കേന്ദ്ര ഏജൻസികൾ ഇറങ്ങിയതോടെ, നിലനിൽപിന്റെ വഴിയിൽ പ്രതിപക്ഷ കൈത്താങ്ങ് തേടുകയാണ് കെജ്രിവാൾ. ഡൽഹി, പഞ്ചാബ്, ഗുജറാത്ത്, ഗോവ തുടങ്ങി കോൺഗ്രസ് ക്ഷയിച്ചുപോയ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ തട്ടിമാറ്റി പാർട്ടി വളർത്തുന്ന തന്ത്രമാണ് ആപ് നടത്തിപ്പോരുന്നത്.
അതുകൊണ്ടുതന്നെ ബി.ജെ.പിയോടെന്നപോലെ, ആപ്പുമായും സന്ധിപാടില്ലെന്ന നിലപാടിനാണ് കോൺഗ്രസിൽ മേൽക്കൈ. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒന്നിച്ചുനീങ്ങണമെന്ന തീരുമാനം മറുവശത്ത്. ആപ്പിനെ നിത്യശത്രുവായി കാണുന്ന ഡൽഹി നേതാക്കൾക്ക് ആ തീരുമാനം ദഹിച്ചിട്ടില്ല.
പ്രതിപക്ഷ ഐക്യത്തിന്റെ ദേശീയ ലൈൻ സ്വീകരിച്ച് ഖാർഗെ കെജ്രിവാളിനെ പിന്തുണ അറിയിച്ചപ്പോൾ, ഡൽഹിയിലെ നേതാവ് അജയ് മാക്കന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു.
ആപ്പാകട്ടെ, ബി.ജെ.പിയും കോൺഗ്രസുമായി തീപാറും പോരാട്ടം നടത്തുന്ന കർണാടകയിൽ ഇത്തവണ സ്ഥാനാർഥികളെ നിർത്തിയിട്ടില്ലെന്നത് ശ്രദ്ധേയം. സാഹചര്യങ്ങളുടെ സമ്മർദംമൂലം പ്രതിപക്ഷ പാർട്ടികളുമായി ചേർന്നുനിൽക്കുമ്പോൾതന്നെ, ബി.ജെ.പിയുടെ ബി ടീമായി മൃദുഹിന്ദുത്വം കളിക്കുന്ന ആപ് ആ തന്ത്രം കൈവിടുമെന്ന് കരുതുന്നവർ വിരളം.
കോൺഗ്രസിൽനിന്ന് അകന്നതും ബി.ജെ.പിയിൽ ചേരാത്തതുമായ മൃദുഹിന്ദുത്വ വോട്ടുകൾ ആപ്പിന്റെ സമ്പാദ്യമാണ്. ഈ വോട്ടുബാങ്കിനെ തലോടുന്ന രാഷ്ട്രീയം നേട്ടമുണ്ടാക്കുന്നുവെന്ന് ബോധ്യപ്പെട്ടശേഷമാണ്, ബി.ജെ.പിയോടും മോദിയോടും പടവെട്ടിവന്ന ഉടവാൾ കെജ്രിവാൾ ഉറയിലിട്ടത്. അതേസമയം, തങ്ങൾക്കു കിട്ടാവുന്ന വോട്ട് ആപ് അടിച്ചുമാറ്റുന്നതിന്റെ രോഷം ബി.ജെ.പിയുടെ നീക്കങ്ങളിൽ പ്രകടം.