ഒടുവിൽ മണിപ്പൂരിൽ മോദിയെത്തുന്നു
text_fieldsന്യൂഡൽഹി: മെയ്തേയി-കുക്കി കലാപം നടന്ന മണിപ്പൂരിൽ 28 മാസം കഴിഞ്ഞ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. 2023 മേയ് മൂന്നിന് കലാപം തുടങ്ങിയ ശേഷം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി പ്രതിപക്ഷവും മണിപ്പൂരിലെ ജനങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഏറെ വൈകിയാണ് മോദിയുടെ യാത്ര. കോടികളുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി മണിപ്പൂരിൽ പ്രഖ്യാപിക്കും. കലാപത്തിൽ 250 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 60,000 പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
രണ്ട് പൊതു പരിപാടികളാണ് മൂന്നുമണിക്കൂർ നീളുന്ന മണിപ്പൂർ സന്ദർശന വേളയിൽ പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. വംശീയ കലാപത്തിൽ ഏർപ്പെട്ട മെയ്തേയി, കുക്കി വിഭാഗങ്ങളെ ലക്ഷ്യമിട്ടാണിത്. ഇംഫാൽ താഴ്വരയിലെ കോഓഡിനേഷൻ കമ്മിറ്റി ഓഫ് കോർകോം പ്രധാനമന്ത്രിയുടെ പൊതു പരിപാടി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ചുരാചന്ദ്പൂരിൽ പ്രധാനമന്ത്രി ഇറങ്ങുന്ന ഹെലിപ്പാഡിനടുത്തുള്ള ബാനറുകളും മുളവേലികളും പ്രതിഷേധക്കാർ നശിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സായുധ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കുക്കി സോ കൗൺസിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. യാത്രക്കും ചരക്കുനീക്കത്തിനുമായി, കുക്കികൾ ഉപരോധിച്ച ദേശീയപാത തുറന്നു കിട്ടാൻ കൂടിയായിരുന്നു ഇത്. എന്നാൽ, വില്ലേജ് വളന്റിയർ കോഡിങ് കമ്മിറ്റി എന്ന കുക്കി സംഘടന കുക്കി സോ കൗൺസിൽ ആഭ്യന്തര മന്ത്രാലയവുമായി ഉണ്ടാക്കിയ ധാരണയെ അപലപിച്ചിട്ടുണ്ട്. രക്തരൂഷിതമായ വംശീയ കലാപത്തിന് രണ്ടുവർഷം തികഞ്ഞ ശേഷം പ്രധാനമന്ത്രി നടത്തുന്ന ഈ സന്ദർശനത്തിൽ വലിയ കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. വോട്ട് ചോരിയാണ് രാജ്യം ഇപ്പോൾ നേരിടുന്ന മുഖ്യവിഷയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.