ഈസ്റ്റർ തന്ത്രവുമായി മോദി; അപകടം മണത്ത് പാർട്ടികൾ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയായ ശേഷം ഇതുവരെ കാണിക്കാത്ത ഈസ്റ്റർ നയതന്ത്രം പുറത്തെടുത്ത് നരേന്ദ്ര മോദി. ഒരുവെടിക്ക് ഉന്നംവെക്കുന്നത് പല പക്ഷികൾ. ക്രൈസ്തവ സഭാനേതൃത്വം മുന്നിൽക്കാണുന്നത് ബി.ജെ.പി ബന്ധങ്ങളിലെ മഞ്ഞുരുക്കം. അതേസമയം, ഈസ്റ്റർ പൊളിറ്റിക്സിൽ അപകടം മണത്ത് വിവിധ പാർട്ടികൾ.
ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നതിനിടയിൽ, ക്രൈസ്തവ സൗഹാർദ സന്ദേശം അന്താരാഷ്ട്ര തലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നാണ് ഭരണപക്ഷത്തെ പ്രതീക്ഷ. മുസ്ലിം വിരോധത്തിൽ ഊന്നിയ രാഷ്ട്രീയത്തെ ക്രൈസ്തവാഭിമുഖ്യംകൊണ്ട് മറച്ചാൽ, ന്യൂനപക്ഷ വിരുദ്ധതയോടുള്ള വിമർശനം കുറഞ്ഞുകിട്ടുമെന്ന കണക്കു കൂട്ടലുമുണ്ട്. മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഇതുവരെ നടക്കാതെ പോയത് മോദി സർക്കാർ പുറംതിരിഞ്ഞുനിന്നതു കൊണ്ടാണ്.
ജി-20 ഉച്ചകോടി നടക്കുന്ന ഈ വർഷമോ ലോക്സഭ തെരഞ്ഞെടുപ്പു നടക്കേണ്ട അടുത്ത വർഷമോ മാർപാപ്പയുടെ സന്ദർശനം ഉണ്ടാവാനിടയില്ല. ഇതിനിടയിൽ മാർപാപ്പയെ ഇറ്റലിയിൽ ചെന്നുകണ്ടതും ഈസ്റ്റർ ദിനത്തിലെ ഡൽഹി കത്തീഡ്രൽ സന്ദർശനവും ക്രൈസ്തവ സഭക്ക് കിട്ടുന്ന ഇടക്കാലാശ്വാസമാണ്.
പല കാരണങ്ങളാൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തത്തിന് ക്രൈസ്തവ സഭാനേതൃത്വം ദാഹിക്കുന്നതിനിടയിലാണ് മോദിയുടെ ഈസ്റ്റർ പൊളിറ്റിക്സ്. കേരളത്തിനുപുറമെ പല സംസ്ഥാനങ്ങളിലും അത്തരമൊരു സൗഹൃദം ഏറിയും കുറഞ്ഞും പ്രയോജനപ്പെടുമെന്ന് ബി.ജെ.പി കണക്കു കൂട്ടുകയും ചെയ്യുന്നു. ഒമ്പതു വർഷത്തിനിടയിൽ മോദി ഏതെങ്കിലും ചർച്ചിൽ കയറിച്ചെല്ലുന്നത് ആദ്യം.
അൾത്താരക്കുമുന്നിൽ മോദി കൊളുത്തിയ മെഴുകുതിരി രാഷ്ട്രീയമായി ഏറ്റവും കൂടുൽ പൊള്ളിക്കുക ആരെയാണെന്ന വിലയിരുത്തലുകൾ കേരളത്തിൽ തകൃതി. കോൺഗ്രസിനാണ് കൂടുതൽ പരിക്കേൽക്കുകയെന്നും മറിച്ച്, സി.പി.എമ്മിന്റെ സാധ്യതാ സമവാക്യങ്ങൾ തെറ്റിക്കാൻ പോകുന്നതാണ് ബി.ജെ.പി-ക്രൈസ്തവ സൗഹൃദമെന്നും വ്യത്യസ്ത വീക്ഷണങ്ങളുണ്ട്.
വാജ്പേയി സർക്കാറിന്റെ കാലത്ത് കാവിയുടുക്കാൻ മുന്നിട്ടിറങ്ങിയത് മധ്യകേരളത്തിലെ ക്രൈസ്തവരാണ്. അവരുടെ രാഷ്ട്രീയം അടിസ്ഥാനപരമായി കേരള കോൺഗ്രസുകളെ ചുറ്റിപ്പിണഞ്ഞാണ്. കേരളത്തിലെ രണ്ടു മുന്നണികളെയും മൂവാറ്റുപുഴയിൽ പി.സി. തോമസ് തോൽപിച്ചതും കേന്ദ്രമന്ത്രിയായതും ബി.ജെ.പി കേന്ദ്രാധികാരം പിടിച്ച കാലത്താണ്.
പലവിധ സഭാതാൽപര്യങ്ങൾ മുന്നിൽവെച്ച് ബി.ജെ.പിയുമായി ഒട്ടാൻ ക്രൈസ്തവ സഭാനേതൃത്വം ഇപ്പോൾ പ്രകടമാക്കിവരുന്ന താൽപര്യത്തിന് മുമ്പത്തേക്കാൾ പലമടങ്ങ് വീര്യമുണ്ട്. കോൺഗ്രസിൽ പ്രതീക്ഷ നഷ്ടപ്പെടുന്നതും കേന്ദ്രാധികാരത്തിന്റെ സഹായം പല വിധത്തിൽ സഭക്ക് ആവശ്യമായതും 2024ൽ വീണ്ടും ബി.ജെ.പി വന്നേക്കാമെന്ന ചിന്തയുമാണ് ക്രൈസ്തവരോടുള്ള മുൻകാല അതിക്രമം മറന്ന ചങ്ങാത്തത്തിന് കാരണം.
സഭാനേതൃത്വത്തെ വിട്ടൊരു കളി കേരള കോൺഗ്രസുകൾക്കില്ല. ഇത് സി.പി.എമ്മിനും കോൺഗ്രസിനുമൊപ്പം നിൽക്കുന്ന ഏതു കേരള കോൺഗ്രസുകൾക്കും ബാധകം. മാണി ഗ്രൂപ്പിനെ മുന്നണിയിലെടുത്ത് മധ്യതിരുവിതാംകൂറിന്റെ കൂറുമാറ്റാൻ സി.പി.എമ്മിന് കഴിഞ്ഞതാണ് സമീപകാല ചരിത്രം. ബി.ജെ.പിയുടെ പുതിയ തിരക്കഥക്ക് ഈ ചിത്രം മാറ്റാൻ കെൽപുണ്ട്. കേന്ദ്രഭരണവുമായി ഉറ്റബന്ധം സ്ഥാപിക്കാൻ സഭാനേതൃത്വം നേരിട്ടാണ് മുന്നിട്ടിറങ്ങിയിട്ടുള്ളത്.
ഇതിന്റെ പുരോഗതിക്കൊത്ത് കേരള കോൺഗ്രസുകളുടെ കാഴ്ചപ്പാടുകളിൽ ചാഞ്ചാട്ടമുണ്ടായാൽ മുന്നണി ബന്ധങ്ങൾ മാറ്റമുണ്ടായെന്നു വരാം. കേന്ദ്രമന്ത്രിപദം കേരള കോൺഗ്രസുകളുടെ സ്വപ്നവുമാണ്. മുസ്ലിംകൾക്കെതിരായ ‘ക്രിസംഘി’ പ്രചാര വേലകളെ സഭാധ്യക്ഷരിൽ ചിലർതന്നെ പിന്തുണക്കുന്നതും ക്രൈസ്തവ-മുസ്ലിം ഭിന്നതക്ക് ആക്കം കൂട്ടിയതും ബി.ജെ.പിയുടെ കേരള താൽപര്യങ്ങൾക്ക് ഉത്തേജനമാണ്.
അതേസമയം, ക്രൈസ്തവ ചങ്ങാത്തം വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സ്വന്തം വോട്ടുബാങ്കിൽ പ്രശ്നമുണ്ടാക്കുമെന്ന ആശങ്ക ബി.ജെ.പിയിലുണ്ട്. ഹിന്ദുത്വ ആശയധാരയെ മോദി പ്രീണനത്തിൽ മുക്കിയെന്നാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ കമന്റ്.