മോദിയുടെ അടുത്തയാളും ഒ.ബി.സി നേതാവുമായ പങ്കജ് ചൗധരി യു.പി ബി.ജെ.പി പ്രസിഡന്റ്
text_fieldsലക്നോ: ഏഴു തവണ പാർലമെന്റ് അംഗവും കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുള്ള പ്രമുഖ ഒ.ബി.സി നേതാവുമായ പങ്കജ് ചൗധരിയെ സംസ്ഥാന ബി.ജെ.പിയുടെ ചുമതല വഹിക്കാൻ തെരഞ്ഞെടുത്ത് യോഗി ആദിത്യനാഥ് സർക്കാർ. ലക്നോവിലെ ബി.ജെ.പി ആസ്ഥാനത്ത് ‘സംഗതൻ പർവ്’ എന്ന പേരിൽ നടന്ന ചൗധരിയുടെ നാമനിർദേശ ചടങ്ങിൽ യോഗി ആദിത്യനാഥും മുതിർന്ന ബി.ജെ.പി നേതാക്കളും പങ്കെടുത്തു.
സംസ്ഥാനത്തെ ഏറ്റവും പ്രബലമായ പിന്നാക്ക വിഭാഗ ഗ്രൂപ്പുകളിൽ ഒന്നായ ‘കുർമി’ സമുദായത്തിൽ പെട്ടയാളാണ് ചൗധരി. കിഴക്കൻ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്ന് ഏഴു തവണ എം.പിയായ ഇദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളായി കണക്കാക്കപ്പെടുന്നു. 2023 ജൂലൈ 7ന് മുൻകൂർ ഷെഡ്യൂളില്ലാതെ പ്രധാനമന്ത്രി ചൗധരിയുടെ വസതി സന്ദർശിച്ചിരുന്നു. ഗോരഖ്പൂരിലെ ഘണ്ടാഘറിനടുത്തുള്ള ഹരിവംശ് ഗാലിയിലുള്ള ചൗധരിയുടെ വീട്ടിലേക്കുള്ള വഴി ഇടുങ്ങിയതിനാൽ, പ്രധാനമന്ത്രിയുടെ വാഹനം 200 മീറ്റർ അകലെ നിർത്തി അവിടെ നിന്ന് ഗവർണർ ആനന്ദിബെൻ പട്ടേലിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പം മോദി ചൗധരിയുടെ വീട്ടിലേക്ക് നടക്കുകയായിരുന്നു. നിലവിൽ മോദി സർക്കാറിൽ ധനകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു.
പ്രസിഡന്റ് പദവിയിലേക്ക് നാമനിർദേശം സമർപ്പിച്ച ഏക സ്ഥാനാർഥിയായിരുന്നു ചൗധരി. മാസങ്ങളായി നിരവധി പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നു. സംസ്ഥാന നേതൃത്വം ഷോർട്ട്‌ലിസ്റ്റ് ചെയ്ത് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് അയച്ചതിൽനിന്നും മറ്റെല്ലാവരെയും ഒഴിവാക്കുകയായിരുന്നു.
2022ൽ കർഷകരുടെ പ്രക്ഷോഭത്തിനിടയിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ജാട്ട് നേതാവിനെയായിരുന്നു പ്രസിഡന്റായി പാർട്ടി തെരഞ്ഞെടുത്തത്. എന്നാൽ, ബി.ജെ.പി നേതൃത്വം ഇത്തവണ മാറ്റിപ്പിടിച്ചിരിക്കുന്നതിന് പല കാരണങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഉത്തർപ്രദേശിൽ പാർട്ടിക്കേറ്റ തിരിച്ചടി, 2027ന്റെ തുടക്കത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാതയെക്കുറിച്ചുള്ള ആശങ്കകൾ, അടുത്ത വർഷം മധ്യത്തിൽ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ എന്നിവയാണ് തീരുമാനത്തിന് അടിസ്ഥാനമായതെന്ന് നിരീക്ഷകർ പറയുന്നു. ഈ പശ്ചാത്തലത്തിൽ കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ഒ.ബി.സി കുർമി നേതാവിന്റെ നിയമനം രാഷ്ട്രീയ നേട്ടത്തിന് നിർണായകമാണ്.
പ്രാദേശിക രാഷ്ട്രീയത്തിൽ തന്റെ പൊതുജീവിതം ആരംഭിച്ച ചൗധരി, 1989ൽ ഗോരഖ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും പിന്നീട് ഡെപ്യൂട്ടി മേയറാകുകയും ചെയ്തു.


