Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സംരക്ഷിത സ്മാരകങ്ങളിൽ...

‘സംരക്ഷിത സ്മാരകങ്ങളിൽ ഇനി സ്വകാര്യ പങ്കാളിത്തം,’ നടത്തിപ്പ് കോർപറേറ്റുകൾക്ക് കൈമാറാൻ പദ്ധതിയുമായി എ.എസ്‌.ഐ

text_fields
bookmark_border
‘സംരക്ഷിത സ്മാരകങ്ങളിൽ ഇനി സ്വകാര്യ പങ്കാളിത്തം,’ നടത്തിപ്പ് കോർപറേറ്റുകൾക്ക് കൈമാറാൻ പദ്ധതിയുമായി എ.എസ്‌.ഐ
cancel

ന്യൂഡൽഹി: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്‌.ഐ) ചുമതലയിലുള്ള സംരക്ഷിത സ്മാരകങ്ങളുടെ നടത്തിപ്പിൽ സ്വകാര്യ പങ്കാളിത്തത്തിന് പദ്ധതിയുമായി സർക്കാർ. ഇതോടെ, രാജ്യത്തുടനീളം പൈതൃക ഇടങ്ങളും​ കോട്ടകളുമടക്കം സംരക്ഷിത സ്മാരകങ്ങളുടെ നടത്തിപ്പും സംരക്ഷണ പ്രവർത്തനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേറ്റുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഏറ്റെടുക്കാനാവും.

നിലവിൽ, രാജ്യത്തുടനീളമുള്ള 3,700 സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങൾ സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ എ.എസ്.ഐ ആണ് നടപ്പാക്കുന്നത്. ഏക നിർവ്വഹണ ഏജൻസിയായതുകൊണ്ടുതന്നെ, പല പദ്ധതികളും മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് വിമർശനമുയരുന്നതിനിടെയാണ് സ്വകാര്യ പങ്കാളിത്തത്തിന് എ.​എസ്.ഐ തയ്യാറെടുക്കുന്നത്. പൈതൃക സംരക്ഷണത്തിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക സൃഷ്ടിക്കുന്നത് സംരക്ഷണ പദ്ധതികൾ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കാൻ ഉപകരിക്കുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, കൃത്യമായ നിയന്ത്രണവും മേൽനോട്ടവും ഉറപ്പുവരുത്തിയാവും പദ്ധതിയെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ സാംസ്കാരിക ഫണ്ട് വഴി പദ്ധതി തുക ചെലവഴിക്കേണ്ടിവരുമ്പോൾ, സംരക്ഷണ പദ്ധതി എ.എസ്‌.ഐയുടെ മേൽനോട്ടത്തിലായിരിക്കും, ഇത്തരം സാഹചര്യങ്ങളിൽ 2014ലെ ദേശീയ സംരക്ഷണ നയം പാലിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) നിർബന്ധമാക്കും.

പുരാവസ്‍തു സംരക്ഷണ വകുപ്പിൻറെ കീഴിലുള്ള ആഗ്രയിലെ താജ് മഹലിന്റെ ദൃശ്യം

പദ്ധതി നിലവിൽ വരുന്നതോടെ, രാജ്യ​ത്തെ പൈതൃക സ്ഥാപനങ്ങളുടെ ഏക സംരക്ഷണ നിർവഹണ ഏജൻസി എന്ന പദവി എ.എസ്.ഐക്ക് നഷ്ടമാവും. മേഖലയിൽ സ്വകാര്യ കമ്പനികൾ പങ്കാളികളാവുകയും നിർവഹണ ഏജൻസികളെ നിയമിക്കുകയും ചെയ്യും. ശില്പികളെ എംപാനൽ ചെയ്തുകഴിഞ്ഞാൽ, ദേശീയ സാംസ്കാരിക ഫണ്ടിലേക്കുള്ള (എൻ.‌സി.‌എഫ്) കോർപ്പറേറ്റ് സംഭാവനകൾ ഉപയോഗപ്പെടുത്തി സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

പദ്ധതിയുടെ ആദ്യപടിയായി, സാംസ്കാരിക മന്ത്രാലയം രാജ്യത്ത് പുരാവസ്തുമേഖലയിൽ പ്രാവീണ്യം തെളിയിച്ച വാസ്തുശിൽപ്പികളിൽ നിന്ന് ഒരുഡസനോളം ആളുകളെ ഉൾപ്പെടുത്തി വിദഗ്ദ പാനൽ തയ്യാറാക്കും. പാനലിലെ വിദഗ്ദരുടെ മാർഗനിർദേശമനുസരിച്ചാവും എൻ.‌സി.‌എഫിൽ പങ്കാളികളാവുന്ന സ്വകാര്യ കമ്പനികൾ അതത് സ്മാരകങ്ങളുടെ സംരക്ഷണത്തിനും നിർവഹണത്തിനുമായി വിവിധ പദ്ധതി നിർവഹണ ഏജൻസികളെ തെരഞ്ഞെടുക്കുക. ഇതിനായി എ.എസ്.ഐ പ്രത്യേക ഡി.പി.ആർ തയ്യാറാക്കി അംഗീകാരം നൽകും.

എൻ‌.സി.‌എഫിലേക്കുള്ള സംഭാവനകൾക്ക് നിലവിൽ പൂർണ നികുതി ഇളവ് നൽകുന്നുണ്ട്. സർക്കാരിന് പണം കൈമാറുന്നതിനുപകരം, സ്വകാര്യ സ്ഥാപനങ്ങൾക്ക് എൻ.സി.എഫ് വഴി സ്വയം പണം ചെലവഴിക്കാനും നികുതി ആനുകൂല്യങ്ങൾ നേടാനും അവസരമൊരു​ക്കുക എന്നതാണ് ആശയം. ഇത് പൈതൃക സംരക്ഷണത്തിൽ സ്വകാര്യ മേഖലയുടെ കൂടുതൽ പങ്കാളിത്തം സൃഷ്ടിക്കുകയും സംരക്ഷണ പ്രവർത്തനങ്ങൾ സുസ്ഥിരമാക്കുന്നതിൽ സഹായകമാവുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

1996ലാണ് കേന്ദ്രസർക്കാർ 20 കോടി രൂപയുടെ പ്രാരംഭ പദ്ധതി തുക നീക്കിവെച്ച് ദേശീയ സാംസ്കാരിക ഫണ്ട് നടപ്പിലാക്കിയത്. പദ്ധതി തുക നിലനിർത്തുകയും പലിശ തുക സ്മാരകങ്ങളിലെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു ആശയം. പിന്നാലെ, കോർപ്പറേറ്റ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സംഭാവനകളിലൂടെ 140 കോടി രൂപ കൂടി എൻ.‌സി‌.എഫിലേക്ക് എത്തി. ഇതുപയോഗിച്ച് സംരക്ഷിത സ്മാരകങ്ങളിലെ 100 ഓളം സംരക്ഷണ പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കിയതായാണ് ഔദ്യോഗിക രേഖകൾ.

ധനസഹായം ലഭ്യമാക്കിയവയിൽ 70 പദ്ധതികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. 20 ഓളം പദ്ധതികൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൂനെക്കടുത്തുള്ള ഭൂലേശ്വർ ക്ഷേത്രത്തിന്റെ സംരക്ഷണവും വികസനവും, ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിലെ ബ്രിട്ടീഷ് റെസിഡൻസിയുടെ സംരക്ഷണം, മണ്ടുവിലെ വിവിധ സ്മാരകങ്ങളുടെ സംരക്ഷണം, ന്യൂഡൽഹിയിലെ പുരാന ഖില, ചെങ്കോട്ടയിലെ സൈറ്റ് മ്യൂസിയങ്ങൾ എന്നിവയുൾപ്പെടെ പദ്ധതികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.


മഹാരാഷ്ട്രയിലെ ഭുലേശ്വർ ക്ഷേത്രം

നേരത്തെ, സന്ദർശകർക്ക് ടിക്കറ്റ് വിതരണം, ശുചിമുറി സൗകര്യങ്ങൾ, പ്രവേശന കവാടങ്ങൾ, ലഘുഭക്ഷണ ശാലകൾ എന്നിവ ഒരുക്കുന്നതിന് കോർപ്പറേറ്റുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും അനുവദിക്കുന്ന പദ്ധതി സർക്കാർ നടപ്പിലാക്കിയിരുന്നു. എന്നാൽ, സ്മാരകങ്ങളിലെ പ്രധാന സംരക്ഷണ പ്രവർത്തനങ്ങളിൽ സ്വകാര്യ ദാതാക്കളെ പങ്കാളിയാകാൻ അനുവദിക്കുന്നത് ഇതാദ്യമാണ്.

സംരക്ഷണ പ്രവർത്തനങ്ങളിലെ സ്വകാര്യ പങ്കാളിത്തത്തിനായി എൻ‌.സി‌.എഫിൽ മാർഗനിർദേശങ്ങളുണ്ടെന്നും പുതിയ വിജ്ഞാപനം ആവശ്യമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രവൃത്തി പരിചയവും വരുമാനവും കണക്കിലെടുത്താണ് രാജ്യത്ത് വിവിധയിടങ്ങളിൽ നിന്നായി വാസ്തുശിൽപ്പികളെ എംപാനൽ ചെയ്യുക. നിർവഹണ ഏജൻസികളും മേഖലയിലെ പ്രവീണ്യം തെളി​യിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സർക്കാരിന് കീഴിലുള്ളതോ​ സ്വകാര്യ മേഖലയിലുള്ളതോ ആയ 100 വർഷത്തിലധികം പഴക്കമുള്ള പൈതൃക കേന്ദ്രത്തിൻറെ സംരക്ഷണം നടത്തിയുള്ള പരിചയം നിർബന്ധമാണ്.

എൻ‌.സി.‌എഫിന് കീഴിൽ ദാതാക്കൾക്ക് ഏതൊക്കെ തരത്തിലുള്ള സ്മാരകങ്ങൾ ഏറ്റെടുക്കാമെന്നത് സംബന്ധിച്ച്, സംരക്ഷണ പ്രവർത്തനങ്ങൾ ആവശ്യമുള്ള 250 സ്മാരകങ്ങളുടെ ഒരു പട്ടിക തുടക്കത്തിൽ തയ്യാറാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Show Full Article
TAGS:archeological survey of india Public-private partnership Conservation 
News Summary - monument conservation will open to private players
Next Story