
കേരള ആർ.ടി.സി ബംഗളൂരു ഒാണം സ്പെഷൽ സർവിസ് കൂടുതൽ ദിവസങ്ങളിൽ
text_fieldsബംഗളൂരു: ഒാണക്കാലത്ത് കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും കേരള ആർ.ടി.സി ആരംഭിച്ച സ്പെഷൽ ബസ് സർവിസ് സെപ്റ്റംബർ എട്ടുവരെ ദീർഘിപ്പിച്ചു. ഇതിന് പുറമെ സെപ്റ്റംബർ 12, 13 തീയതികളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്നും ബംഗളൂരുവിലേക്ക് ഒരോ സ്പെഷൽ സർവിസും 13, 14 തീയതികളിൽ ബംഗളൂരുവിൽനിന്ന് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഒരോ സ്പെഷൽ സർവിസുകളുമുണ്ടാകും.
സ്പെഷൽ സർവിസുകളുടെ ഒാൺലൈൻ റിസർവേഷൻ https://online.keralartc.comഎന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചിട്ടുണ്ട്. ഒാണത്തിനുശേഷം നാട്ടിൽനിന്ന് മടങ്ങുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് സെപ്റ്റംബർ 12, 13 തീയതികളിൽ ബംഗളൂരുവിലേക്ക് പ്രത്യേക സർവിസ് ഏർപ്പെടുത്തിയത്. യാത്രക്കാർ കൂടുകയാണെങ്കിൽ അധിക സർവിസുണ്ടാകും.
ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെയായിരുന്നു നേരത്തെ ഒാണക്കാല സ്പെഷൽ സർവിസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ബംഗളൂരുവിൽനിന്ന് നാട്ടിലേക്കും തിരിച്ചും യാത്രക്കാരെ ലഭിച്ചു തുടങ്ങിയതോടെ സെപ്റ്റംബർ എട്ടുവരെ ദീർഘിപ്പിക്കുകയായിരുന്നു.
സെപ്റ്റംബർ ഏഴിന് തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽനിന്നും ബംഗളൂരുവിലേക്ക് ഒാണക്കാല സ്പെഷൽ സർവിസുകളുണ്ടാകും. എട്ടിന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ബസ് സർവിസുണ്ടാകും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ തുടർ ദിവസങ്ങളിൽ ബസ് സർവിസ് ഏർപ്പെടുത്തുമെന്നും ബംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ വി.എം. ഷാജി പറഞ്ഞു.