മുംബൈ ഭീകരാക്രമണം: മുഖ്യപ്രതി ഹെഡ്ലിയെ കൈവിടാതെ യു.എസ്
text_fieldsന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ സഹായിച്ച തഹാവുർ ഹുസൈൻ റാണയെ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് കൈമാറിയ അമേരിക്ക, ഹെഡ്ലിയെ വിട്ടുനൽകാത്തത് എന്തുകൊണ്ടാണ്? വർഷങ്ങൾ നീണ്ട നയതന്ത്ര വിലപേശലിനൊടുവിൽ റാണയെ വിട്ടുനൽകിയ സാഹചര്യത്തിൽ ഹെഡ്ലിക്കായുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുമോ? ന്യൂഡൽഹി സി.ജി.ഒ കോംപ്ലക്സിലെ ദേശീയ അന്വേഷണ ഏജൻസി ആസ്ഥാനത്ത് റാണയെ ചോദ്യം ചെയ്യുമ്പോൾ ബാക്കിയാകുന്നത് ഈ കാര്യങ്ങളാണ്.
ഹെഡ്ലിയെ ഇന്ത്യൻ ഏജൻസികൾക്ക് കൈമാറാത്തിടത്തോളം മുംബൈ ഭീകരാക്രമണ കേസിലെ അന്വേഷണം അപൂർണമായിരിക്കുമെന്ന തിരിച്ചറിവിലാണ് അയാളെ കൈമാറണമെന്ന് മൻമോഹൻ സർക്കാറിന്റെ കാലം തൊട്ട് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ചെറുമീനായ റാണയെ കൈമാറിയാലും വൻ സ്രാവും മുഖ്യ ഗൂഢാലോചകനും തങ്ങളുടെ കൂടി ഏജന്റുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ കൈവിടില്ലെന്ന നിലപാടിൽ യു.എസ് ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഒരേ സമയം അമേരിക്കയുടെയും പാക് ചാര സംഘടനയുടെയും ഏജന്റായി പ്രവർത്തിക്കുകയായിരുന്ന ഹെഡ്ലിയെ കൈമാറില്ലെന്ന നിലപാടാണ് ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷവും യു.എസ് തുടരുന്നത്.
ഹെഡ്ലിയെ വിട്ടുകിട്ടുന്ന കാര്യം ഇന്ത്യ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന്, ഹെഡ്ലിയുടെ കാര്യത്തിൽ ‘ഒരു അപ്ഡേറ്റുമില്ല’ എന്നാണ് വിദേശ കാര്യ വക്താവ് രൺധീർ ജയ്സ്വാൾ നൽകിയ മറുപടി. ഇന്ത്യ തുടരുന്ന ചർച്ചയുടെ ഭാഗമാണിതെന്നും വിട്ടുകിട്ടാനുള്ള അപേക്ഷയുടെ കാര്യത്തിൽ വിവരം വല്ലതുമുണ്ടെങ്കിൽ പിന്നീട് അറിയിക്കുമെന്നും ജയ്സ്വാൾ പറഞ്ഞു.
ഭീകരാക്രമണം ആസൂത്രണം ചെയ്ത് അതിനായി എട്ടുതവണയെങ്കിലും ഇന്ത്യ സന്ദർശിച്ച ഹെഡ്ലി ഇപ്പോഴും യു.എസ് ജയിലിലാണ്. മുംബൈ ഭീകരാക്രമണത്തിനും ഡാനിഷ് പത്രത്തിനെതിരെയുള്ള ഭീകരാക്രമണ ശ്രമത്തിനും 2013ൽ യു.എസ് കോടതി 35 വർഷത്തെ തടവിനാണ് ഹെഡ്ലിയെ ശിക്ഷിച്ചത്. അതേസമയം റാണക്ക് 14 വർഷത്തെ തടവായിരുന്നു വിധിച്ചത്. റാണക്കും ലശ്കറെ ത്വയ്യിബക്കുമെതിരെ സാക്ഷിമൊഴി നൽകിയ ഹെഡ്ലിയെ ഒരു കരാറിലൂടെ യു.എസ് രക്ഷിക്കുകയായിരുന്നു. റാണ നൽകുന്ന മൊഴി പുതിയ തെളിവുകൾ പുറത്തുകൊണ്ടുവരുകയും ഹെഡ്ലിയുടെ കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കാൻ അമേരിക്കയെ അത് സമ്മർദത്തിലാക്കുകയും ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഒന്നാം പ്രതി ഹെഡ്ലി; തഹാവുർ റാണ കൂട്ടാളി
ന്യൂഡൽഹി: തഹാവുർ ഹുസൈൻ റാണ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന് ഹെഡ്ലിക്ക് ഇന്ത്യയിലേക്ക് വരാൻ നിയമപരമായ പരിരക്ഷ ഒരുക്കിയെന്നാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പറയുന്നത്. എൻ.ഐ.എ രേഖകൾ പ്രകാരം ഹെഡ്ലിയാണ് ഒന്നാം പ്രതി. റാണയും മറ്റുള്ളവരുമെല്ലാം ഹെഡ്ലിയുടെ കൂട്ടുപ്രതികളാണ്. 2016ൽ യു.എസ് ജയിലിൽ നിന്ന് വിഡിയോ കോൺഫറൻസിങ് വഴി പ്രത്യേക ടാഡ കോടതിയുടെ വിചാരണയിൽ ഹെഡ്ലി ഹാജരായിരുന്നു.