മണിപ്പൂർ മുഖ്യമന്ത്രി പദത്തിൽ എൻ. ബീരേൻ സിങ്ങിന് രണ്ടാമൂഴം
text_fieldsഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രിയായി രണ്ടാം തവണയും എൻ. ബീരേൻ സിങ്ങിനെ തെരഞ്ഞെടുത്തു. ഇംഫാലിൽ ചേർന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗമാണ് ബീരേൻ സിങ്ങിന് വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഐക്യകണ്‌ഠേന അംഗീകരിച്ചത്. ബി.ജെ.പി എം.എൽ.എമാരെ കൂടാതെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ബി.ജെ.പി സംസ്ഥാന അധ്യക്ഷ എ. ശാരദാ ദേവിയും യോഗത്തിൽ പങ്കെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. മണിപ്പൂരിൽ തുടർച്ചയായ രണ്ടാം തവണയാണ് ബി.ജെ.പി സർക്കാർ രൂപീകരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിച്ചത് മുഖ്യമന്ത്രിയാവാനോ മറ്റേതെങ്കിലും സ്ഥാനങ്ങൾ നേടാനോ വേണ്ടിയല്ലെന്ന് കഴിഞ്ഞ ദിവസം ബീരേൻ സിങ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബി.ജെ.പി നിയമസഭാംഗം ടി. ബിശ്വജിത് സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു.


