ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
text_fieldsമുംബൈ: പ്രഥമ ഇന്ത്യാ സന്ദർശനത്തിന് എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച മുംബൈ രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ജൂലൈയിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതിന് പിന്നാലെയാണ് സ്റ്റാർമറുടെ ദ്വിദിന ഇന്ത്യാ സന്ദർശനം.
വ്യാപാരം, നിക്ഷേപം, പ്രതിരോധ, ഊർജ, വിദ്യാഭ്യാസ മേഖലകളിലെ സഹകരണം, ഇന്ത്യ-പസഫിക്, പശ്ചിമേഷ്യ, യൂറോപ് എന്നിവിടങ്ങളിലെ നിർണായക വിഷയങ്ങളുമാണ് ചർച്ചയായത്. വിദ്യാഭ്യാസ സഹകരണത്തിന്റെ ഭാഗമായി ഒമ്പത് ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ തുടങ്ങുമെന്ന് ചർച്ചക്കു ശേഷം നടന്ന സംയുക്ത വാർത്തസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ബ്രിട്ടൻ ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഇറക്കുമതി തീരുവ കുറക്കുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും യുക്രെയ്നിലും ഗസ്സയിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കും. സൈനിക പരിശീലനത്തെയും പ്രതിരോധവുമായി ബന്ധപ്പെട്ട നിർമാണത്തിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
ഭാവിയിൽ ഊന്നിയ സവിശേഷ ബന്ധമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലെ സഹകരണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ വിശേഷിപ്പിച്ചത്. വ്യാപാര, വിദ്യാഭ്യാസ മേഖലയിലെ 125 ഓളം പ്രമുഖരുമായാണ് സ്റ്റാർമർ ബുധനാഴ്ച ഇന്ത്യ സന്ദർശനത്തിന് മുംബൈയിൽ എത്തിയത്.