നാസിക് ടി.സി.എസ് കേസ്: സംഘടിത കുറ്റകൃത്യത്തിന് തെളിവില്ലെന്ന് എസ്.ഐ.ടി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ടാറ്റ കൺസൽട്ടൻസി സർവിസസ് (ടി.സി.എസ്) ബി.പി.ഒയിലെ ലൈംഗികാതിക്രമ, മതംമാറ്റത്തിന് നിർബന്ധിക്കൽ കേസിന് പിന്നിൽ സംഘടിത ശ്രമവും വിദേശ ബന്ധവുമുണ്ടെന്ന ആരോപണങ്ങൾ തള്ളി പ്രത്യേക അന്വേഷണ സംഘം. നിലവിൽ അത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എസ്.ഐ.ടി മേധാവി സന്ദീപ് മിട്കെ പറഞ്ഞു.
സംഘടിത ഗൂഢാലോചനയുടെ ഭാഗമായി മുസ്ലിം യുവാക്കൾ ഹിന്ദു യുവതികളെ മതമാറ്റത്തിന് നിർബന്ധിച്ചെന്നും സംഭവം ‘കോർപറേറ്റ് ജിഹാദ്’ ആണെന്നുമുള്ള ചില കേന്ദ്രങ്ങളുടെ വിദ്വേഷ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണസംഘത്തിന്റെ പുതിയ വെളിപ്പെടുത്തൽ.
അതേസമയം, നാസികിൽ വിശ്വാസത്തിന്റെ മറവിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് അത് വിഡിയോയിൽ പകർത്തിയ കേസിൽ ‘വി.ഐ.പി ജ്യോതിഷി’ അശോക് ഖറാത്ത് അറസ്റ്റിലായ സംഭവം കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് ടി.സി.എസ് കേസ് ശ്രദ്ധപിടിക്കുന്നത്. രാഷ്ട്രീയ, വ്യവസായ, ഉദ്യോഗസ്ഥ പ്രമുഖരുടെ വിശ്വസ്തനാണ് അശോക് ഖറാത്ത്. ഈ സംഭവം മറച്ചുവെക്കാനാണ് നാസിക് പ്രണയ വഞ്ചന കേസിന് പുതിയ മാനം നൽകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
18-25നിടയിൽ പ്രായമുള്ള ഏഴ് യുവതികളുടെയും ഒരു യുവാവിന്റെയും പരാതിയിലാണ് കേസ്. സംഭവത്തിൽ ടീം ലീഡർമാരായ ഡാനിഷ് ശൈഖ് (34), തൗസിഫ് അത്താർ (36), ശാഫി ശൈഖ് (34), ആസിഫ് അൻസാരി (22), ഷാറൂഖ് ഖുറൈശി (34), റാസ മേമൻ (35), ഓപറേഷൻസ് മാനേജർ അശ്വിനി ചൈനാനി എന്നിവരാണ് അറസ്റ്റിലായത്. എച്ച്.ആർ മാനേജർ നിതാ ഖാൻ ഒളിവിലാണ്. പീഡന പരാതികൾ അവഗണിച്ചു എന്നതാണ് നിത, അശ്വിനി എന്നിവർക്കെതിരായ ആരോപണം.
ഡാനിഷ് ശൈഖും ആദ്യ പരാതിക്കാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഡാനിഷിനൊപ്പം കഴിഞ്ഞ റമദാനിൽ യുവതി നോമ്പെടുക്കുകയും വസ്ത്രധാരണത്തിലും മാറ്റങ്ങൾ പ്രകടമാകുകയും ചെയ്തതായാണ് പറയപ്പെടുന്നത്. ഇതിനിടയിൽ ഡാനിഷ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും ഭാര്യ യുവതിയെ അറിയിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. വീട്ടുകാർ യുവതിയെ ജോലിക്ക് പോകുന്നത് തടഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ‘ഒരു രാഷ്ട്രീയക്കാരന്റെ’ രഹസ്യ പരാതിയിൽ ഉദ്യോഗസ്ഥരെ ജോലിയിൽ നിയമിച്ച് നാസിക് പൊലീസ് രഹസ്യ അന്വേഷണം നടത്തി. തുടർന്ന് യുവതിയെകൊണ്ട് പരാതി നൽകിച്ചു. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നും മതംമാറ്റത്തിന് നിർബന്ധിച്ചെന്നുമുള്ള യുവതിയുടെ പരാതിയിലാണ് കേസിന്റെ തുടക്കം.
മറ്റുള്ളവരുടെ അതിക്രമത്തിന് ഇരയായ മറ്റ് ഏഴ് യുവതികളെ പരാതി നൽകാൻ പൊലീസ് പ്രേരിപ്പിക്കുകയായിരുന്നു. കേസുകൾ തമ്മിൽ ബന്ധമില്ലെന്നും വഴിവിട്ട പ്രണയങ്ങളുമായി ബന്ധപ്പെട്ട കേസിനോട് മറ്റു കേസുകൾ കൂട്ടിച്ചേർത്തതാണെന്നും അറസ്റ്റിലായ ഒരു പ്രതിയുടെ ഭാര്യ ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു.
അതേസമയം, തൗസീഫ് എന്നയാൾ തീർഥാടനത്തിന് ശേഷം കടുത്ത മതവിശ്വാസിയായെന്നും തുടർന്ന് മറ്റുള്ളവർക്കിടയിൽ മതം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും മറ്റു മുസ്ലിം യുവാക്കളെ അതിന് പ്രേരിപ്പിച്ചെന്നും എസ്.ഐ.ടി ഉദ്യോഗസ്ഥർ പറയുന്നു.


