സംസ്ഥാന സർക്കാറിന്റെ വിദഗ്ധ സമിതി റിപ്പോർട്ട്; ദേശീയ വിദ്യാഭ്യാസ നയം ഹിന്ദുത്വ-കോർപറേറ്റ് സഖ്യ പദ്ധതി
text_fieldsതിരുവനന്തപുരം: പൂർണാർഥത്തിൽ നടപ്പാക്കാമെന്ന് സംസ്ഥാന സർക്കാർ ഒപ്പിട്ടുനൽകിയ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻ.ഇ.പി) സംസ്ഥാന സർക്കാർ നിയോഗിച്ച ആറംഗ വിദഗ്ധ സമിതി വിശേഷിപ്പിച്ചത് ഹിന്ദുത്വ -കോർപറേറ്റ് സഖ്യത്തിന്റെ പദ്ധതിയെന്ന്. സർക്കാർ നിർദേശ പ്രകാരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്ലാനിങ് ബോർഡ് മുൻ ഉപാധ്യക്ഷൻ കൂടിയായ പ്രഫ. പ്രഭാത് പട്നായക് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് എൻ.ഇ.പിയിലെ ഹിന്ദുത്വ ചതിക്കുഴികൾ ചൂണ്ടിക്കാട്ടുന്നത്. 2020 നവംബറിൽ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് കേരളം എൻ.ഇ.പി സംബന്ധിച്ച നിലപാട് കേന്ദ്രത്തെ അറിയിച്ചത്.
ഈ പദ്ധതിയാണ് പൂർണാർഥത്തിൽ നടപ്പാക്കാമെന്ന് പി.എം ശ്രീ പദ്ധതിക്ക് വേണ്ടിയുള്ള ധാരണാപത്ര വ്യവസ്ഥയിൽ ഉൾപ്പെടുത്തി സർക്കാർ ഒപ്പിട്ടുനൽകിയത്. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വളരെ പിന്തിരിപ്പനും വിനാശകരവുമായ മാറ്റമാണ് എൻ.ഇ.പിയിൽ ഉൾക്കൊള്ളുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോർപറേറ്റ്-ഹിന്ദുത്വ സഖ്യത്തിന്റെ സ്വാംശീകരണത്തിന് അനുസൃതമായ വിദ്യാഭ്യാസത്തെയാണ് എൻ.ഇ.പി ദൃശ്യവത്കരിക്കുന്നത്. വിദ്യാർഥികളിൽ ഹിന്ദുത്വ സങ്കുചിതത്വം നിറക്കുന്നതാണ് എൻ.ഇ.പിയെന്നും റിപ്പോർട്ടിലുണ്ട്.
വിദ്യാഭ്യാസത്തെ രാഷ്ട്രനിർമാണത്തിനുള്ള മാർഗമായി കാണുന്ന സങ്കൽപത്തിൽനിന്ന്, നവലിബറൽ മുതലാളിത്തത്തിന് ഇരയാകാൻ വിദ്യാർഥികളെ സജ്ജമാക്കുന്നതിലേക്കാണ് എൻ.ഇ.പി നയിക്കുന്നത്. സാംസ്കാരിക സങ്കുചിതത്വത്തിലേക്കാണ് പദ്ധതി വഴിവെക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
പ്രഭാത് പട്നായകിന് പുറമെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കുസാറ്റ് മുൻ വി.സി ഡോ. ഗംഗൻ പ്രതാപ്, കവി പ്രഫ. കെ. സച്ചിദാനന്ദൻ, ഡോ. കുങ്കുംറോയ് (ജെ.എൻ.യു), കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് എന്നിവർ അംഗങ്ങളായിരുന്നു.


