രാജ്യവ്യാപക എസ്.ഐ.ആർ; ഷെഡ്യൂൾ നാളെ പ്രഖ്യാപിക്കും
text_fieldsന്യൂഡൽഹി: ബിഹാറിന് പിന്നാലെ രാജ്യവ്യാപകമായി നടത്തുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണ (എസ്.ഐ.ആർ) തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതിനായി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക വാർത്താ സമ്മേളനം വിളിച്ചു.
കേരളം പോലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിച്ചു നിർത്തിയാകും ആദ്യഘട്ട എസ്.ഐ.ആറിന്റെ തീയതി പ്രഖ്യാപിക്കുകയെന്ന് കമീഷൻ സൂചന നൽകിയിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ച് കേരളത്തിൽ എസ്.ഐ.ആർ നീട്ടണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2026-ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതുൾപ്പെടെ 10 മുതൽ 15 സംസ്ഥാനങ്ങൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുമെന്നാണ് കമീഷൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. കേരളം, അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവയാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ. എസ്.ഐ.ആർ മാർഗരേഖക്ക് അന്തിമ രൂപം കമീഷൻ രണ്ടുതവണ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം വിളിച്ചിരുന്നു.


