നീറ്റ്: വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
text_fieldsന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയത് രാവ് പകലാക്കി പഠിച്ച 22 ലക്ഷത്തിലേറെ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും കടുത്ത ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. പുതിയ പരീക്ഷാ തീയതിയടക്കമുള്ള വിശദാംശങ്ങൾ പരീക്ഷാ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വ്യക്തമാക്കിയിട്ടില്ലെങ്കിലും, പഴയപടി വേണ്ടത്ര ഒരുക്കം നടത്തി പരീക്ഷയെഴുതാൻ അവർക്ക് സമയം ലഭിക്കില്ലെന്നുറപ്പ്. പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾക്ക് ഉത്തരം തേടുകയാണ് ആശങ്കയിലായ വിദ്യാർഥികൾ.
പുനഃപരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. 2026 മേയ് സൈക്കിളിലെ ഡേറ്റ അനുസരിച്ചാകും പുനഃപരീക്ഷ നടത്തുക. പരീക്ഷാ തീയതിയുടെ പ്രഖ്യാപനം ഔദ്യോഗിക ചാനലുകളിലൂടെ ഉടനുണ്ടാവും. പുനഃപരീക്ഷക്ക് വീണ്ടും ഫീസ് നൽകേണ്ടതില്ല. വിദ്യാർഥികൾ അടച്ച ഫീസ് തിരിച്ചുനൽകുമെന്നും എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് പുതിയ അഡ്മിറ്റ് കാർഡുകൾ അനുവദിക്കും.


